യൂറോ: വെയ്ല്‍സ് നാണംകെട്ടു, ഡൈനമേറ്റ് പോലെ ഡെന്‍മാർക്ക് ക്വാർട്ടറില്‍

By Web TeamFirst Published Jun 26, 2021, 11:28 PM IST
Highlights

മൈതാനത്ത് കുഴഞ്ഞുവീണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യന്‍ എറിക്‌സനുള്ള സഹതാരങ്ങളുടെ സ്നേഹസമ്മാനം കൂടിയായി ഈ വിജയം

ആംസ്റ്റര്‍ഡാം: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ വെയ്ല്‍സിനെ ചാരമാക്കി ഡെന്‍മാർക്ക് ക്വാർട്ടറില്‍. കാസ്പര്‍ ഡോള്‍ബര്‍ഗിന്‍റെ ഇരട്ട ഗോള്‍ മികവില്‍ 4-0ന്‍റെ ആധികാരിക വിജയവുമായാണ് ഡെന്‍മാർക്കിന്‍റെ കുതിപ്പ്. യോക്വിമും ബ്രാത്ത്‍വെയ്റ്റുമാണ് മറ്റ് സ്‍കോറർമാർ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ റഷ്യക്കെതിരെ പുറത്തെടുത്ത മികവ് തുടരുകയായിരുന്നു ഡാനിഷ് പട. മൈതാനത്ത് കുഴഞ്ഞുവീണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യന്‍ എറിക്‌സനുള്ള സഹതാരങ്ങളുടെ സ്നേഹസമ്മാനം കൂടിയായി ഈ വിജയം.

അതേസമയം ഗാരെത് ബെയ്‌ലും റാംസിയും ജയിംസും അടക്കമുള്ള സൂപ്പർതാരങ്ങള്‍ അണിനിരന്നിട്ടും കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ വെയ്ല്‍സിന് തലകുനിച്ച് മടങ്ങേണ്ടിവന്നു ഒടുക്കം. ഹാരി വില്‍സന്‍റെ ചുവപ്പ് കാർഡും നാണക്കേടായി. 

വെയ്ല്‍സിന്‍റെ 10 മിനുറ്റുകള്‍, പിന്നെയെല്ലാം ഡെന്‍മാർക്ക്

യൊഹാന്‍ ക്രൈഫ് അരീനയില്‍ വെയ്ല്‍സിന്‍റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. വെയ്ല്‍സ് 4-2-3-1 ശൈലിയിലും ഡെന്‍മാര്‍ക്ക് 3-4-2-1 ഫോര്‍മേഷനിലും കളത്തിലെത്തി. പത്താം മിനുറ്റില്‍ തന്നെ ഗാരെത് ബെയ്ല്‍ മികച്ചൊരു ഷോട്ടുതിര്‍ത്തെങ്കിലും പോസ്റ്റിനെ ഉരുമി കടന്നുപോയി. പിന്നാലെ റാംസിയും ആക്രമണത്തിന് ശ്രമിച്ചെങ്കിലും വിലപ്പോയില്ല. 24 മിനുറ്റിനിടെ നാല് കോര്‍ണര്‍ ലഭിച്ചെങ്കിലും ഡെന്‍മാര്‍ക്കിനും മുതലാക്കാനായില്ല. 

എന്നാല്‍ 27-ാം മിനുറ്റില്‍ ഡാനിഷ് പട ആദ്യ വെടി പൊട്ടിച്ചു. ബോക്സിന് പുറത്തുനിന്ന് ഡാംസ്‍ഗാർഡ് ഒരുക്കിയ മനോഹരമായ പന്ത് കാല്‍ക്കലാക്കിയ സ്‍ട്രൈക്കർ കാസ്പര്‍ ഡോള്‍ബര്‍ഗിന്‍റെ മഴവില്‍ ഷോട്ട് രണ്ട് വെയ്ല്‍സ് പ്രതിരോധഭടന്‍മാരെയും ഡാനി വാർഡ്നേയും കാഴ്ച്ചക്കാരാക്കി വലയില്‍ കയറി. 32-ാം മിനുറ്റില്‍ രണ്ടാം ഗോളിനുള്ള സുവർണാവസരം ഡോള്‍ബര്‍ഗിന് ലഭിച്ചെങ്കിലും ബാക്ക്ഹീല്‍ ലക്ഷ്യം കണ്ടില്ല. ഗോളി വാർഡ് ക്ലോസ് റേഞ്ചില്‍ വെയ്ല്‍സിന്‍റെ രക്ഷകനാവുകയായിരുന്നു. എങ്കിലും ആദ്യപകുതി പൂർത്തിയാകുമ്പോഴേക്കും തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു ഡാനിഷ് പട. 

രണ്ടാംപകുതിയും ഡെന്‍മാർക്ക്!

രണ്ടാംപകുതിയുടെ തുടക്കത്തിലെ ഡെന്‍മാർക്ക് ലീഡ് രണ്ടാക്കി. 48-ാം മിനുറ്റില്‍ വലതുവിങ്ങിലൂടെയുള്ള ബ്രാത്ത്‍വെയ്റ്റിന്‍റെ മുന്നേറ്റത്തിനൊടുവില്‍ പന്ത് ക്ലിയർ ചെയ്യുന്നതില്‍ പകരക്കാരന്‍ നെക്കോ വില്യംസിന് പിഴച്ചപ്പോള്‍ കാല്‍പ്പാകത്തിന് ലഭിച്ച പന്ത് അനായാസം വലയിലെത്തിച്ച് ഡോള്‍ബര്‍ഗ് തന്‍റെയും ടീമിന്‍റേയും ഗോള്‍ സമ്പാദ്യം രണ്ടാക്കി. 54-ാം മിനുറ്റില്‍ ഹെഡറിലൂടെ ഗോള്‍മടക്കാനുള്ള ബെയ്‌ലിന്‍റെ ശ്രമം പാളി. ഡെന്‍മാർക്കിന്‍റേതായി 66-ാം മിനുറ്റില്‍ മറ്റൊരു മഴവില്‍ ഷോട്ടിന് കളമൊരുങ്ങിയെങ്കിലും മത്യാസ് ജെന്‍സനി‍ന്‍റെ ഷോട്ട് പോസ്റ്റിനെ ചുംബിച്ച് കടന്നുപോയി. 

ഒടുവില്‍ ബ്രാത്ത്‍വെയ്റ്റും പൊട്ടിച്ചു

നിർണായക മേധാവിത്വം നേടിയിട്ടും പിന്നാലെയും ആക്രമണത്തില്‍ വീര്യം കുറച്ചില്ല ഡാനിഷ് പട. ഗോള്‍വീരന്‍ കാസ്പര്‍ ഡോള്‍ബര്‍ഗിനെയും പിന്‍വലിച്ചായിരുന്നു അവസാന മിനുറ്റുകളില്‍ ഡെന്‍മാർക്കിന്‍റെ ഗെയിം പ്ലാനെങ്കിലും തുടരാക്രമണങ്ങള്‍ മൈതാനത്തെ ചൂടുപിടിപ്പിച്ചു. 82, 86-ാം മിനുറ്റില്‍ ബ്രാത്ത്‍വെയ്റ്റിന്‍റെ ഗോള്‍ശ്രമം തലനാരിഴയ്ക്ക് പിഴച്ചു. ഒടുവില്‍ വെയ്ല്‍സിന് 88-ാം മിനുറ്റില്‍ ഡെന്‍മാർക്ക് മൂന്നാം അടി നല്‍കി. യോക്വിമാണ് ഇത്തവണ ലക്ഷ്യം കണ്ടത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചുവപ്പ് കാർഡ് കണ്ട് വെയ്ല്‍സിന്‍റെ ഹാരി വില്‍സണ്‍ പുറത്തുപോയി. 

മത്സരത്തിലുടനീളം കളംനിറഞ്ഞ മാർട്ടിന്‍ ബ്രാത്ത്‍വെയ്റ്റ് ഇഞ്ചുറിടൈമില്‍ വലകുലുക്കിയതോടെ ഡെന്‍മാർക്ക് എതിരില്ലാത്ത നാല് ഗോളിന്‍റെ ജയം സ്വന്തമാക്കി ഇക്കുറി ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി. വാറിലൂടെയാണ് ഈ ഗോള്‍ അനുവദിച്ചത്. 

കൂടുതല്‍ യൂറോ വാർത്തകള്‍...

വിജയം തുടരാന്‍ അസൂറികള്‍; പ്രതിരോധിക്കാന്‍ ഓസ്ട്രിയ

തോല്‍വി അറിയാതെയുള്ള കുതിപ്പ്; സ്വന്തം റെക്കോര്‍ഡ് തിരുത്താന്‍ ഇറ്റലി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!