തോല്‍വിയറിയാത്ത 30മത്സരങ്ങള്‍. അവസാനമായി ഇറ്റലി തോറ്റത് 2018 സെപ്റ്റംബറില്‍ പോര്‍ച്ചുഗല്ലിനോട്. പിന്നീട് 25 ജയം, 5 സമനില. 

ലണ്ടന്‍: ഓസ്ട്രിയക്കെതിരെ ഇറങ്ങുമ്പോള്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിക്കുകയാണ് അപരാജിതരായി മുന്നേറുന്ന ഇറ്റലിയുടെ ലക്ഷ്യം. തോല്‍വിയറിയാത്ത 30മത്സരങ്ങള്‍. അവസാനമായി ഇറ്റലി തോറ്റത് 2018 സെപ്റ്റംബറില്‍ പോര്‍ച്ചുഗല്ലിനോട്. പിന്നീട് 25 ജയം, 5 സമനില. അവസാനത്തെ 11 മത്സരങ്ങളില്‍ ഒന്നില്‍ പോലും ഇറ്റലിയുടെ വല കുലുക്കാനായിട്ടില്ല എതിരാളികള്‍ക്ക്. 

യൂറോ കപ്പില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ഇതുവരെ അടിച്ചുകൂട്ടിയത് ഏഴ് ഗോളുകള്‍. നാല് തവണ ലോകചാംമ്പ്യന്മാരയ ഇറ്റലിക്ക് ഇതുപോലെ ഒരു കാലം ചരിത്രത്തിലുണ്ട്. 82 വര്‍ഷങ്ങള്‍ക്ക് മുമ്പ്. വിറ്റോറിയോ പോസോ എന്ന വിഖ്യാത പരിശീലകന്റെ കീഴില്‍ പരാജയമറിയാതെ കളിച്ചത് 30 കളികള്‍. രണ്ടാം ലോകകപ്പ് കിരീടവും ഒളിപിക്‌സ് മെഡലുമടക്കം വാരിക്കൂട്ടിയ 1935-39 കാലഘട്ടം. 

ഇന്നത്തെ മത്സരം ജയിച്ചാല്‍ പോസോയുടെ ടീമിനെ മറികടക്കും മാന്‍ചീനിയുടെ പുതുനിര. ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും അവസരം നല്‍കുന്ന ഒരു പരിശീലകനും ഉണ്ടാകില്ല മാന്‍ചീനിയെ പോലെ. പകരക്കാരടങ്ങിയ 26 അംഗ ടീമില്‍ 25 പേരും ഇതിനോടകം ഈ യൂറോയില്‍ കളിച്ചിട്ടുണ്ട്. 1990 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ടീമിലുണ്ടായിട്ടും ഒരിക്കല്‍ പോലും കളത്തിലിറങ്ങാന്‍ അവസരം കിട്ടാതിരുന്ന താരമാണ് റോബോട്ടോ മാന്‍ചീനി.

വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ടീം അപരാജിതരായി മുന്നേറുമ്പോള്‍ നേട്ടത്തില്‍ എല്ലാവരുടെയും പങ്ക് ഉറപ്പിക്കുകയാണ് മാന്‍ചീനി. അപരാജിത മത്സരങ്ങളുടെ പട്ടികയില്‍ ബ്രസീലും സ്‌പെയിനുമാണ് മുന്നില്‍. 1993- 96 കാലഘട്ടത്തില്‍ ബ്രസീലും 2007- 2009ല്‍ സ്‌പെയിനും തോല്‍ക്കാതെ കളിച്ചത് 35 മത്സരങ്ങള്‍. ഈ യൂറോയില്‍ ഇറ്റലി കപ്പുയര്‍ത്തിയാല്‍ തോല്‍വിയറിയാത്ത മുപ്പത്തിനാലാം മത്സരമായിരിക്കും അത്. 

31 മത്സരങ്ങളുടെ റെക്കോര്‍ഡുള്ള അര്‍ജന്റീനയാണ് ഇപ്പോള്‍ ഇറ്റലിക്ക് മുന്നിലുള്ള മറ്റൊരു ടീം. 2018 മുതല്‍ തോല്‍വിയറിയാതെ മുന്നേറുന്ന അല്‍ജീരിയയും ഇറ്റലിക്ക് പിന്നാലെയുണ്ട്. 27 മത്സരങ്ങളാണ് അല്‍ജീരിയയുടെ അക്കൗണ്ടിലുള്ളത്.