
ആശങ്കയുടെയും പ്രാർഥനകളുടെയും നിമിഷങ്ങൾക്കൊടുവിൽ ആശുപത്രിയിൽ നിന്ന് ക്രിസ്റ്റ്യൻ എറിക്സന് ആപത്തുകള്‍ ഒന്നും സംഭവിച്ചില്ലെന്ന വാര്‍ത്ത വന്നപ്പോഴാണ്, ലോകമെങ്ങും കളികണ്ടിരുന്നവര്‍ക്കും, വാര്‍ത്തയറിഞ്ഞവര്‍ക്കും നെഞ്ചില്‍ കെട്ടിനിന്ന ശ്വാസം നേരെ പോയത്. യുറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിൽ ആദ്യ പകുതി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്കെയാണ് ഡെൻമാർക്കിന്റെ പത്താം നമ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്.
പക്ഷെ അതിന് ശേഷം ലോകത്ത് എവിടെയും എറിക്സണ്‍ നിലത്ത് കിടക്കുന്നതായ ഒരു ചിത്രം പോലും വന്നില്ല. പകരം പ്രചരിച്ചത് സ്നേഹത്തിന്‍റെ ഒരു മനുഷ്യമതിലായിരുന്നു. ഡെന്‍മാര്‍ക്കിന്‍റെ സൂപ്പര്‍താരമായ എറിക്സന്റെ ഈ വീഴ്ചയില്‍ ആദ്യമൊന്ന് പതറിപ്പോയി ഡാനിഷ് താരങ്ങള്‍, പിന്നീട് അദ്ദേഹത്തിന് ചുറ്റും മനുഷ്യമതിലൊരുക്കി കാവൽ നിന്നു.
സംഭവത്തിന്റെ ഗൗരവം മനസിലാക്കി എറിക്സണടുത്തേക്ക് ആദ്യം ഓടിയെത്തിയത് സമീപമുണ്ടായിരുന്ന ഫിൻലൻഡ് ടീമിന്റെ മെഡിക്കൽ സംഘമായിരുന്നു. പിന്നീട് ഡെൻമാർക്കിന്റെ മെഡിക്കൽ സംഘവുമെത്തി എറിക്സണ് കൃത്രിമ ശ്വാസവും സിപിആറും ഇലക്ട്രിക് ഷോക്കും നൽകി ജീവൻ മുറുകെ പിടിച്ചു. മെഡിക്കൽ സംഘത്തിന്റെ കൃത്യമായ ഇടപെടലും ആരാധകരുടെ പ്രാർഥനയുമാണ് ഡെൻമാർക്കിന്റെ എല്ലാം എല്ലാമായ എറിക്സണെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
വൈദ്യസഹായം നൽകുമ്പോൾ ചുറ്റും മനുഷ്യമതിൽ തീർത്ത് അദ്ദേഹത്തിന്റെ സ്വകാര്യത സംരക്ഷിച്ച ഡെൻമാർക്ക് താരങ്ങളും എറിക്സണ് ഗ്രൗണ്ടിൽ വൈദ്യസഹായം നൽകുമ്പോൾ അത് സൂം ചെയ്ത് കാണിക്കാതിരിക്കുകയും കുഴഞ്ഞുവീഴുന്ന ദൃശ്യം റീപ്ലേ ചെയ്യാതിരിക്കുകയും ചെയ്ത മാധ്യമങ്ങളും മഹത്തായ മാതൃക കാട്ടിയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!