
ന്യൂയോർക്ക്: ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് ഫ്രാൻസ്. എംബാപെ, ഡംബെലെ, ഒലീസെ അടക്കം സൂപ്പർതാരങ്ങളുടെ മിന്നും ഫോമിലാണ് ഫ്രാൻസിന്റെ കുതിപ്പ് തുടരുന്നത്. ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ ഏഴ് ഗോളുകളുമായി കിലിയൻ എംബാപെ മുന്നിൽ തന്നെയുണ്ട്. അഞ്ച് അസിസ്റ്റുകളുമായി മൈക്കിൾ ഒലീസെയും നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി ഡംബെലെയും പട്ടികയിലുണ്ട്. ക്വാർട്ടറിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിൽ ഏറ്റതോൽവിക്ക് പകരം ചോദിക്കാൻ കൂടിയാണ് ഇത്തവണ മൊറോക്കോ എത്തുന്നത്. തുടർച്ചയായി രണ്ടാം തവണയാണ് മൊറോക്കോ ലോകകപ്പിന്റെ ക്വാർട്ടറിൽ എത്തുന്നത്.
ടൂർണമെന്റിന്റെ തുടക്കം മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു റഫറിയിങ്ങിലെ പിഴവുകൾ. കഹ്‌സീൻജ ദിവസം നടന്ന അർജന്റീന- ഈജിപ്ത് മത്സരത്തിൽ അർജന്റീനയ്ക്ക് അനുകൂലമായി റഫറിമാർ തീരുമാനങ്ങളെടുത്തു എന്ന ആരോപണങ്ങൾ മത്സര ശേഷം ശക്തമായിരുന്നു. കൂടാതെ ബെൽജിയം- യുഎസ് മത്സരത്തിന് മുന്നോടിയായി യുഎസ് താരം ബാലോഗന്റെ ചുവപ്പ് കാർഡ് കിട്ടിയതിന് ശേഷമുള്ള സസ്‌പെൻഷൻ പിൻവലിച്ചതും വലിയ വിവാദമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് പിന്നാലെയായിരുന്നു ബലോഗന്റെ സസ്‌പെൻഷൻ പിൻവലിച്ചത്.
ഫ്രാൻസ്- മൊറോക്കോ മത്സരം നിയന്ത്രിക്കുന്നത് മുഴുവൻ അർജന്റൈൻ റഫറിമാരാണ് എന്നുള്ളതാണ് മത്സരത്തിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലടക്കം ഏറ്റവും കൂടുതൽ ചർച്ചയായ കാര്യം. ഫ്രാൻസ് സെമിയിൽ എത്താതിരിക്കാൻ റഫറിമാർ ഇടപെടുമെന്നും മത്സരത്തിന് മുൻപ് തന്നെ ആരോപണഗങ്ങൾ ഉയർന്നുവരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തങ്ങളുടെ എതിരാളികൾ റഫറിമാരെല്ലെന്നും മൊറോക്കോയാണെന്നും റഫറിമാരിൽ താൻ വിശ്ശ്വസം അർപ്പിക്കുന്നുവെന്നുമാണ് ദെഷാംപ്‌സ് പറയുന്നത്. ഇത്തരം ബാഹ്യമായ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടീമിന്റെ ശ്രദ്ധ തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും, ഫ്രഞ്ച് ടീമിന്റെ പൂര്‍ണ ശ്രദ്ധ കളിയിലും തന്ത്രങ്ങളിലും മാത്രമാണെന്നും ദെഷാംപ്‌സ് കൂട്ടിച്ചേർത്തു. അതേസമയം അഷ്‌റഫ് ഹക്കിമി നയിക്കുന്ന മൊറോക്കോയും മികച്ച ഫോമിലാണ്. കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് മൊറോക്കോ തങ്ങളുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!