പ്രതിഭയുടെ ഉൻമാദമായിരുന്നു അയാൾ, ഇതിഹാസമല്ല, ദൈവമാണ് മറഡോണ, വിട

Published : Nov 26, 2020, 07:20 AM ISTUpdated : Nov 26, 2020, 05:41 PM IST
പ്രതിഭയുടെ ഉൻമാദമായിരുന്നു അയാൾ, ഇതിഹാസമല്ല, ദൈവമാണ് മറഡോണ, വിട

Synopsis

കളിക്കളത്തിൽ പന്തുകൊണ്ട് കലഹിച്ച മറഡോണ പുറത്ത് വാക്കുകൾ കൊണ്ട് കലഹിച്ചു. നിയന്ത്രണമില്ലാത്ത പന്തുകൾ പോലെ വന്ന മൂർച്ചയേറിയ വാക്കുകളിൽ പലർക്കും മുറിവേറ്റു. എന്നിട്ടും മറഡോണയോട് എന്നും എപ്പോഴും എല്ലാവരും പൊറുത്തു, സ്നേഹിച്ചു. സനിൽ ഷാ എഴുതുന്നു.

കളിക്കളത്തിനകത്തും പുറത്തും സമാനതകളില്ല ഡീഗോ മറഡോണയ്ക്ക്. പ്രതിഭയുടെ ഉൻമാദമായിരുന്നു അ‍‍ർജന്‍റൈൻ ഇതിഹാസം. ഫുട്ബോളിൽ ഒട്ടേറെ ഇതിഹാസങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഒരേയൊരു ദൈവമേ പിറയവിയെടുത്തിട്ടുള്ളൂ. ഡിയഗോ അർമാൻഡോ മറഡോണ.

കളിക്കളത്തില്‍ അയാള്‍ മാന്ത്രികനായിരുന്നു. മൈതാനങ്ങളുടെ അതിരുകളില്ലാതെ ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കി. കളിക്കളത്തിന് പുറത്ത് ലഹരയിൽ സ്വയം ഉൻമാദിയായി. ബ്യൂണസ് അയേഴ്സിലെ തെരുവിൽ നിന്ന് പതിനഞ്ചാം വയസ്സിൽ പ്രൊഫഷൽ ഫുട്ബോളിൽ. 1977ൽ പതിനാറാം വയസ്സിൽ ഹങ്കറിക്കെതിരെ അർജന്റൈൻ ടീമിൽ അരങ്ങേറ്റം. 79ൽ ആറ് ഗോളുമായി യൂത്ത് ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കി. നാല് ലോകകപ്പുകൾ. 1986 ലോകകപ്പ് എന്നാൽ മറഡോണ എന്ന് ചരിത്രം അടയാളപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരെ ചെകുത്താനും ദൈവവുമായി അർജന്‍റൈൻ നായകൻ. അഞ്ചടി അഞ്ചിഞ്ച് മാത്രം നീളമുള്ള ഈ കുറിയ മനുഷ്യന്റെ വശ്യമായ ചുവടുകൾക്ക് മുന്നിൽ ഫുട്ബോൾ ലോകം തലകുനിച്ചു. അർജന്റീനയെ മലയാളികൾ ഉൾപ്പടെയുള്ളവരുടെ പ്രിയടീമാക്കി മാറ്റി.

86ലെ മെക്സിക്കോ ലോകകപ്പിൽ 53തവണയാണ് മറഡോണ ഫൗളിന് വിധേയനായത്. 90ൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചു. 94 ലോകകപ്പിനിടെ മയക്കുമരുന്ന് ഉപയോഗത്തിന് പുറത്താക്കപ്പെട്ട് ദുരന്ത നായകനായി. 17 വര്‍ഷം നീണ്ട ഇതിഹാസ ജീവിതം‍. 91 മത്സരം. 34 ഗോളുകൾ. അർജന്റീനയിൽ റിവ‍ർപ്ലേറ്റിന്റെയും സ്പെയ്നിൽ റയൽ മാഡ്രിഡിന്റെയും ഇറ്റലിയിൽ മിലാൻ ക്ലബുകളുടേയും പണത്തിളക്കം മറഡോണയെ ഒരിക്കലും മോഹിപ്പിച്ചില്ല. സാധാരണക്കാരിലേക്ക് വേരുകളാഴ്ത്തിയ ബോക്ക ജൂനിയേഴ്സും ബാഴ്സലോണയും നാപ്പോളിയുമായിരുന്നു മറഡോണയുടെ തട്ടകം.

നാപ്പോളിയെ ശൂന്യതയിൽ കൈപിടിച്ചുയർത്തി രണ്ടുതഴവണ ഇറ്റാലിയൻ ചാന്പ്യൻമാരാക്കി. പക്ഷേ, പരിശീലകന്റെ കുപ്പായം ഒരിക്കലും ഇതിഹാസത്തിന് ഇണങ്ങിയില്ല. കുടുംബ ജീവിതവും പ്രണയവും കുത്തഴിഞ്ഞു. കളിക്കളത്തിൽ പന്തുകൊണ്ട് കലഹിച്ച മറഡോണ പുറത്ത് വാക്കുകൾ കൊണ്ട് കലഹിച്ചു. നിയന്ത്രണമില്ലാത്ത പന്തുകൾ പോലെ വന്ന മൂർച്ചയേറിയ വാക്കുകളിൽ പലർക്കും മുറിവേറ്റു. എന്നിട്ടും മറഡോണയോട് എന്നും എപ്പോഴും എല്ലാവരും പൊറുത്തു, സ്നേഹിച്ചു.

പെലെയോ മറ‍ഡോണയോ കേമൻ. നൂറ്റാണ്ടിന്റെ ചോദ്യത്തെ മറഡോണ ഈ ഉത്തരത്തിൽ കുരുക്കി. ലോകത്തെ ഏറ്റവും മികച്ചൻ താനെന്ന് അമ്മ പറയുന്നു. അമ്മയെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അറുപതാം പിറന്നാളിന് തൊട്ടുപിന്നാലെയാണ് വിഷാദ രോഗത്തിന് ആശുപത്രിയിലായത്.

തലച്ചോറിൽ ശസ്ത്രക്രിയക്ക് വിധേയനായി. ഒടുവിൽ നവംബർ 25ന് ഹൃദയാഘാതത്തിലൂടെ സമാനതകളില്ലാത്ത ഇതിഹാസ ജീവിതത്തിന് ലോംഗ് വിസിൽ. ലിയണൽ മെസ്സിയുടെ വാക്കുകൾ കടമെടുത്താൽ, മറഡോണ മടങ്ങിയിരിക്കാം, പക്ഷേ വിടവാങ്ങുന്നില്ല, കാരണം, ഡിയാഗോ നിത്യമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി
മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്