
മാഡ്രിഡ്: പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചതിന്‍റെ ഞെട്ടലിലാണ് ഫുട്ബോള്‍ ലോകം. വിവാഹിതനായി രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് സ്പെയിനിലുണ്ടായ കാര്‍ അപകടത്തില്‍ 28കാരനായ ജോട്ട കൊല്ലപ്പെടുന്നത്. സഹോദരന്‍ ആന്ദ്രെ സില്‍വക്കൊപ്പം(26)ക്കൊപ്പം സഞ്ചരിക്കുമ്പോഴാണ് ജോട്ട സഞ്ചരിച്ച ലംബോര്‍ഗിനി കാര്‍ അപകടത്തില്‍ മറിഞ്ഞ് തീപിടിച്ചത്.
മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവെ ടയര്‍ പൊട്ടി നിയന്ത്രണം തെറ്റി മറിഞ്ഞ കാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീപീടിച്ച് പൂര്‍ണമായും കത്തിയമരുകയായിരുന്നു. വ്യഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്ത് കുറച്ച് ചാരവും കാറിന്‍റെ ഏതാനും ലോഹഭാഗങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ മാസം 22നായിരുന്നു ദീര്‍ഘകാല സുഹൃത്തായ കാര്‍ഡോസോയെ ജോട്ട വിവാഹം കഴിച്ചത്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള പ്രീ സീസണ്‍ ക്യാംപില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച ലിവര്‍പൂളിലേക്ക് പോകാനിരിക്കെയാണ് മരണം കാര്‍ അപകടത്തിന്‍റെ രൂപത്തില്‍ ജോട്ടയെ തട്ടിയെടുത്തത്. അപകട വിവരം അറിഞ്ഞതിന് പിന്നാലെ ലിവര്‍പൂളിന്‍റെ ആസ്ഥാനമായ ആൻഫീല്‍ഡില്‍ നിരവധി ആരാധകരാണ് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തുന്നത്. ഒരിക്കലും വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പോര്‍ച്ചുഗല്‍ ടീമിലെ സഹതാരമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ജോട്ടയുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് പ്രതികരിച്ചത്.
കുറച്ചു ദിവസം മുമ്പാണ് ദേശീയ ടീമിനായി തങ്ങള്‍ ഒരുമിച്ച് കളിച്ചതെന്നും അടുത്തിടെയാണ് ജോട്ട വിവാഹിതനായതെന്നും റൊണാള്‍ഡോ പറഞ്ഞു. നികത്താനാവാത്ത നഷ്ടമെന്നായിരുന്നു പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ പ്രതികരണം. ജോട്ടക്കൊപ്പം മരിച്ച സഹോദരന്‍ ആന്ദ്രെ സില്‍വയും പ്രഫഷണല്‍ ഫുട്ബോള്‍ താരമാണ്. 2016ല്‍ പോര്‍ട്ടോ ടീമിലെത്തിയ ആന്ദ്രെയും ജോട്ടയും പോര്‍ട്ടോയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരങ്ങളുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!