മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് അല്‍ ഹിലാല്‍, ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ഹിലാലിന്റെ ജയം മൂന്നിനെതിരെ നാല് ഗോളിന്

Published : Jul 01, 2025, 11:10 AM IST
Manchester City head coach Pep Guardiola (Photo: @ManCity/X)

Synopsis

ഹിലാലിന് വേണ്ടി മാര്‍കോസ് ലിയോണാര്‍ഡോ രണ്ട് ഗോള്‍ നേടി.

ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ലോകകപ്പില്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സൗദി ക്ലബ് അല്‍ ഹിലാല്‍. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഹിലാലിന്റെ ജയം. ജയത്തോടെ സിറ്റി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയിരുന്നു. ഹിലാലിന് വേണ്ടി മാര്‍കോസ് ലിയോണാര്‍ഡോ രണ്ട് ഗോള്‍ നേടി. മാര്‍ക്കോം, കൗലിബാലി എന്നിവരാണ് മറ്റുഗോളുകള്‍ നേടിയത്. സിറ്റിക്ക് വേണ്ടി ബെര്‍ണാര്‍ണ്ടോ സില്‍വ, എര്‍ലിംഗ് ഹാളണ്ട്, ഫില്‍ ഫോഡന്‍ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത് സിറ്റി ആയിരുന്നെങ്കിലും ഗോള്‍ അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ല. 14 തവണ സിറ്റി ഗോളിലേക്ക് ഷോട്ടുകളുതിര്‍ത്തു. പന്തടക്കത്തിലും സിറ്റി മുന്നിലായിരുന്നു.

അതേസമയം, ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്റര്‍ മിലാന് ഞെട്ടിക്കുന്ന തോല്‍വി. ബ്രസീലിയന്‍ ക്ലബ് ഫ്‌ലുമിനെന്‍സ് ഇന്ററിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മൂന്നാം മിനിറ്റില്‍ ജെര്‍മന്‍ കാനോയും 93-ാം മിനിറ്റില്‍ ഹെര്‍ക്കുലീസുമാണ് ഫ്‌ലുമിനെന്‍സിനായി ഗോള്‍ നേടിയത്. ഫിഫ ക്ലബ് ലോകകപ്പില്‍ ഇന്ന് വമ്പന്‍ പോരാട്ടം. റയല്‍ മാഡ്രിഡ് രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന പ്രീക്വാര്‍ട്ടറില്‍ യുവന്റസിനെ നേരിടും. പരിക്കില്‍ നിന്ന് മുക്തനായ കിലിയന്‍ എംബാപ്പേ റയല്‍ നിരയില്‍ തിരിച്ചെത്തിയേക്കും. എബാപ്പേ ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് എച്ചിലെ ഒന്നാം സ്ഥാനക്കാരായാണ് റയല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു യുവന്റസ്.

ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡ് തകരില്ല

ഫിഫ ക്ലബ് ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടോപ് സ്‌കോററുടെ റെക്കോര്‍ഡിന് ഇത്തവണയും ഇളക്കം തട്ടിയേക്കില്ല. രണ്ടാം സ്ഥാനത്തുള്ള ലിയോണല്‍ മെസിയായിരുന്നു റൊണാള്‍ഡോയ്ക്ക് ഭീഷണി. ക്ലബ് ലോകകപ്പില്‍ ഏഴ് ഗോളുമായാണ് റൊണാള്‍ഡോ ഒന്നാം സ്ഥാനത്ത് തുടരുന്നത്. മെസിക്ക് ആറ് ഗോളുണുള്ളത്. മെസിയുടെ ഇന്റര്‍ മയാമി പ്രീക്വാര്‍ട്ടറില്‍ പുറത്തായതാണ് റൊണാള്‍ഡോയ്ക്ക് തുണയായത്. അല്‍ നസര്‍ താരമായ റൊണാള്‍ഡോ ഇത്തവണത്തെ ക്ലബ് ലോകകപ്പില്‍ കളിച്ചിരുന്നില്ല. റയല്‍ മാഡ്രിഡിന്റെ മുന്‍താരങ്ങളായ കരീം ബെന്‍സേമയും ഗാരെത് ബെയ്‌ലും ആറ് ഗോള്‍ വീതം നേടി മെസ്സിക്കൊപ്പം രണ്ടാം സ്ഥാത്തുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്