ഇതിഹാസ പരിശീലകന്‍ അലക്സ് ഫെർഗ്യൂസന്‍റെ ജീവിതം ഇനി സ്ക്രീനില്‍; ട്രെയിലര്‍ പുറത്ത്

By Web TeamFirst Published May 8, 2021, 12:30 PM IST
Highlights

13 പ്രീമിയർ ലീഗ് കിരീടം. അഞ്ച് എഫ് എ കപ്പുകൾ. രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം. ഇരുപത്തിയാറ് വർഷം യുണൈറ്റഡിന് തന്ത്രമോതിയ ഫെർഗ്യൂസൺ ക്ലബ് ഫുട്ബോളിൽ സ്വന്തമാക്കാത്ത കിരീടങ്ങളില്ല.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗ്യൂസന്‍റെ ജീവിതം പ്രമേയമായ ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഈ മാസം 29നാണ് ഡോക്യുമെന്‍ററി റിലീസ് ചെയ്യുക. മാർക്ക് മൻറോ തിരക്കഥയൊരുക്കിയ ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത് ഫെര്‍ഗ്യൂസന്‍റെ മകൻ ജേസൺ ഫെർഗ്യൂസനാണ്.

റേഞ്ചേഴ്സ് ഉൾപ്പെടെയുള്ള സ്കോട്‍ലൻഡ് ക്ലബുകളിലെ കളി ജീവിതവും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ, മാത്രമല്ല, ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച പരിശീലകനായി മാറിയ കഥകളും ഫെർഗ്യൂസൺ ഓർത്തെടുക്കുന്നു.

13 പ്രീമിയർ ലീഗ് കിരീടം. അഞ്ച് എഫ് എ കപ്പുകൾ. രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം. ഇരുപത്തിയാറ് വർഷം യുണൈറ്റഡിന് തന്ത്രമോതിയ ഫെർഗ്യൂസൺ ക്ലബ് ഫുട്ബോളിൽ സ്വന്തമാക്കാത്ത കിരീടങ്ങളില്ല. സമാനതകളില്ലാത്ത ഫെർഗ്യൂസന്‍റെ ജീവിതം ഭാര്യ കാത്തിയും ജേസൺ ഉൾപ്പടെയുള്ള മൂന്ന് മക്കളും, എറിക് കന്‍റോണയും റയാൻ ഗിഗ്സുമെല്ലാം ഓർത്തെടുക്കുന്നു.

സർ അലക്സ് ഫെർഗ്യൂസന്‍, നെവർ ഗിവ് ഇൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം, ഫെർഗ്യൂസന്‍റെ ജീവിതവും യുണൈറ്റഡിന്‍റെ ചരിത്രവും മാത്രമല്ല, പരിശീലകർക്കും താരങ്ങൾക്കും ആരാധകർക്കും പാഠപുസ്തകം കൂടിയായിരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!