കോട്ടും ടൈയും ധരിച്ച് ഒറ്റ നിൽപ്പ്, ഗ്യാലറിയിൽ അണയാതെ ലുമുംബ 'ഓറ'; ഒടുവിൽ കോംഗോ സൂപ്പർഫാൻ ലോകകപ്പ് വേദിയിൽ

Published : Jun 24, 2026, 01:02 PM IST
Congo Super Fan

Synopsis

ഫുട്ബോൾ ലോകത്ത് 'ലുമുംബ വിയാ' എന്നും ‘ജീവിക്കുന്ന പ്രതിമ’ എന്നും അറിയപ്പെടുന്ന ഇദ്ദേഹം, മത്സരത്തിലുടനീളം ഗ്യാലറിയിൽ ഒട്ടും അനങ്ങാതെ ഒരേ നിൽപ്പ് നിൽക്കുന്ന അസാധ്യമായ കഴിവ് കൊണ്ടാണ് ആഗോളതലത്തിൽ ശ്രദ്ധേയനായത്.

ഗ്വാഡലഹാര (മെക്സിക്കോ): ലോകകപ്പിൽ കൊളംബിയ-ഡിആര്‍ കോംഗോ പോരാട്ടത്തിനിടെ മെക്സിക്കോയിലെ ഗ്വാഡലഹാര സ്റ്റേഡിയം ഒരു അപൂര്‍വ നിമിഷത്തിന് സാക്ഷിയായി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ സൂപ്പർഫാൻ മിഷേൽ കുക മബോളാഡിംഗ ഒടുവിൽ ഗ്യാലറിയിലെത്തി. എന്നാൽ, സൂപ്പർഫാനിന്‍റെ സാന്നിധ്യമുണ്ടായിട്ടും കൊളംബിയക്കെതിരായ മത്സരത്തിൽ കോംഗോയ്ക്ക് ജയിക്കാനാവാഞ്ഞത് ആരാധകര്‍ക്ക് നിരാശയായി. ഗ്രൂപ്പ് കെ-യിലെ കടുത്ത പോരാട്ടത്തിൽ കൊളംബിയ എതിരില്ലാത്ത ഒരു ഗോളിനാണ് കോംഗോയെ മറികടന്നത്. പോർച്ചുഗലിനെ ആദ്യ മത്സരത്തിൽ സമനിലയിൽ തളച്ച കോംഗോയ്ക്ക് രണ്ടാം മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തർക്ക് മുന്നിൽ വീണു.

ആരാണ് ഈ കോംഗോ 'സൂപ്പർ ഫാൻ'?

ഫുട്ബോൾ ലോകത്ത് 'ലുമുംബ വിയാ' എന്നും ‘ജീവിക്കുന്ന പ്രതിമ’ എന്നും അറിയപ്പെടുന്ന ഇദ്ദേഹം, മത്സരത്തിലുടനീളം ഗ്യാലറിയിൽ ഒട്ടും അനങ്ങാതെ ഒരേ നിൽപ്പ് നിൽക്കുന്ന അസാധ്യമായ കഴിവ് കൊണ്ടാണ് ആഗോളതലത്തിൽ ശ്രദ്ധേയനായത്. കോംഗോയുടെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര നായകനുമായ പാട്രിസ് ലുമുംബയോടുള്ള ആദരസൂചകമായി കോട്ടും ടൈയും ധരിച്ച്, ഒരു കൈ മുകളിലേക്ക് ഉയർത്തിപ്പിടിച്ച്, മത്സരത്തിലുടനീളം ഗ്യാലറിയിൽ ഒട്ടും അനങ്ങാതെ പ്രതിമ പോലെ നിൽക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ ശൈലി. കോംഗോയിൽ പടർന്നുപിടിച്ച എബോള രോഗബാധയെത്തുടർന്നുള്ള നിർബന്ധിത ക്വാറന്റൈൻ കാരണം ഇദ്ദേഹത്തിന് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമായിരുന്നു. എന്നാൽ വിലക്കുകളെല്ലാം മാറി കൊളംബിയക്കെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായി താരം മെക്സിക്കോയിൽ എത്തിയതോടെ ലോകകപ്പ് വേദിയിലെ 'ആകർഷണ കേന്ദ്രമായി' ഈ സൂപ്പർഫാൻ മാറി.

എന്താണ് ഈ 'പ്രതിമ' പ്രകടനത്തിന് പിന്നിൽ?

മത്സരം നടക്കുന്ന 90 മിനിറ്റും ഒരൊറ്റ കൈ മുകളിലേക്ക് ഉയർത്തിപ്പിടിച്ച്, ഒട്ടും ചലിക്കാതെ നിൽക്കുന്നതാണ് മബോളാഡിംഗയുടെ ശൈലി. കോംഗോയുടെ ദേശീയ പതാകയുടെ നിറങ്ങളിലുള്ള കോട്ടും ടൈയും ഷർട്ടും പാന്‍റ്സുമാണ് ഇദ്ദേഹത്തിന്‍റെ വേഷം. വെറുമൊരു കൗതുകത്തിന് വേണ്ടിയല്ല ഇദ്ദേഹം ഇങ്ങനെ നിൽക്കുന്നത്. കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലുള്ള ചരിത്രപ്രസിദ്ധമായ 'ലുമുംബ പ്രതിമ'യുടെ അതേ മാതൃകയാണ് അസാധ്യമായ ശാരീരിക നിയന്ത്രണത്തോടെ ഇദ്ദേഹം ഗ്യാലറിയിൽ പുനരാവിഷ്‌കരിക്കുന്നത്. 168 കുട്ടികളുടെ മരണത്തിനിടയാക്കിയ ആഭ്യന്തര യുദ്ധങ്ങളുടെ കരിനിഴലിലുള്ള കോംഗോയുടെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര നായകനുമായ പാട്രിസ് ലുമുംബയോടുള്ള (1960) ആദരസൂചകമായാണ് ഇദ്ദേഹം ഈ വേഷവും ഭാവവും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇദ്ദേഹത്തിന് 'ലുമുംബ വിയാ' എന്ന പേര് ലഭിച്ചതും.

2013 മുതൽ കോംഗോയുടെ മത്സരങ്ങൾ കാണാൻ ഇദ്ദേഹം ഇതേ ശൈലിയിൽ എത്താറുണ്ടെങ്കിലും, 2025 ഡിസംബർ - 2026 ജനുവരി മാസങ്ങളിലായി നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ വൈറലായത്. നിലവിൽ സോഷ്യൽ മീഡിയയിലും ഈ 'ലിവിങ് സ്റ്റാച്യു'വിന്‍റെ ചിത്രങ്ങളും വീഡിയോകളും ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കുവെക്കുന്നത്.

മ്പാസിയുടെ അസാധ്യ സേവുകൾ; കോട്ട തകർത്ത് കൊളംബിയ

മത്സരത്തിൽ കൊളംബിയൻ പട നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും കോംഗോ ഗോൾകീപ്പർ ലയണൽ മ്പാസി ചൈനീസ് മതിൽ പോലെ ഉറച്ചുനിന്നു. ജെയിംസ് റോഡ്രിഗസ്, ലൂയിസ് ഡയസ്, ജോൺ അരിയാസ് എന്നിവരുടെ ഗോൾശ്രമങ്ങളെല്ലാം മ്പാസി പറന്നുതടുത്തു. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പിംഗ് പ്രകടനങ്ങളിലൊന്നാണ് മ്പാസി കാഴ്ചവെച്ചത്. എന്നാൽ മത്സരത്തിന്റെ 76-ാം മിനിറ്റിൽ കൊളംബിയൻ ഡിഫൻഡർ ഡാനിയൽ മുനോസ് കോംഗോയുടെ പ്രതിരോധ കോട്ട തകർത്തു. ജുവാൻ ക്വിന്റേറോ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് മുനോസ് തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് മ്പാസിയെ മറികടന്ന് വലയിലെത്തുകയായിരുന്നു (1-0). ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി കൊളംബിയ പോർച്ചുഗലിനൊപ്പം റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത ഉറപ്പാക്കി. തോറ്റെങ്കിലും കോംഗോയ്ക്ക് നോക്കൗട്ട് പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ല. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയാൽ അവർക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫുട്ബോളിന് മുന്നില്‍ ഒടുവിൽ അമേരിക്ക അയഞ്ഞു; ലോകകപ്പിൽ ഇറാൻ ടീമിനുള്ള യാത്രാവിലക്കുകളിൽ ഇളവ്
ഒരു നിസാര കാര്യത്തിൽ തുടങ്ങിയ പിണക്കം, അന്ന് ഒരു 'യെസ്' പറയാൻ നൈക്കി മടിച്ചു, നഷ്ടപ്പെട്ടത് സാക്ഷാൽ മെസിയെ; അഡിഡാസിന്റെ തലവര മാറ്റിയ കഥ