ഡ്യുറന്‍ഡ് കപ്പ്: കേരളാ ബ്ലാസ്റ്റേഴ്സിന് ജയത്തുടക്കം

By Web TeamFirst Published Sep 11, 2021, 5:28 PM IST
Highlights

 71-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് വലയിലെത്തിച്ച് അഡ്രിയാന്‍ ലൂണ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന്‍റെ കെ.പ്രശാന്തിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്.

കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ജയത്തുടക്കം. ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് മറികടന്നത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 71-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് വലയിലെത്തിച്ച് അഡ്രിയാന്‍ ലൂണ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന്‍റെ കെ.പ്രശാന്തിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്.

സഹല്‍ അബ്ദുള്‍ സമദ് ആദ്യ ഇലവനില്ലതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. കെ പി രാഹുലും അബ്ദുള്‍ ഹക്കുവും ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ ഇറങ്ങി. ഒമ്പതാം മിനിറ്റില്‍ പി എം ബ്രിട്ടോയിലൂടെ നേവി മുന്നിലെത്തേണ്ടതായിരുന്നു. ബ്രിട്ടോ തൊടുത്ത ലോംഗ് റേഞ്ചര്‍ നേരിയ വ്യത്യസത്തില്‍ പുറത്തുപോയി. പതിനെട്ടാം മിനിറ്റില്‍ ഗോളിലേക്ക് ലഭിച്ച മികച്ച അവസരം രാഹുല്‍ നഷ്ടമാക്കി.

21ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ ഗോളെന്നുറച്ച ഷോട്ട് നേവി ഗോള്‍ കീപ്പര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. പിന്നീട് ഇരു ടീമുകള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു മുന്നില്‍.

60-ാം മിനിറ്റില്‍ രാഹുലിനും സന്ദീപിനും പകരം ശ്രീക്കുട്ടനെയും ആയുഷ് അധികാരിയെയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. ഇതിന് ശേഷമായിരുന്നു കേരളത്തിന്‍റെ വിജയഗോള്‍ പിറന്നത്. 79-ാം മിനിറ്റില്‍ നേവി ഒപ്പമെത്തേണ്ടതായിരുന്നു. നിഹാല്‍ സുധീഷിന്‍റെ ഷോട്ട് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിനെയും മറികടന്ന് പോസ്റ്റില്‍ തട്ടി മടങ്ങി.

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരം നേവി ജയിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ അഞ്ച് ഐഎസ്‌എൽ ടീമുകളും മൂന്ന് ഐ ലീഗ് ടീമുകളും ഉൾപ്പടെ 18 ക്ലബുകളാണ് ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ മാറ്റുരയ്‌ക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!