ആരാധകര്‍ കൊതിച്ച വാര്‍ത്ത; കവാനി യുണൈറ്റഡില്‍ തുടരും

By Web TeamFirst Published May 11, 2021, 11:01 AM IST
Highlights

പി‌എസ്‌ജിയിൽ നിന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഉറുഗ്വേ താരം ഇതുവരെ 15 ഗോൾ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷ വാർത്ത. സ്‌ട്രൈക്കർ എഡിൻസൺ കവാനി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി. പി‌എസ്‌ജിയിൽ നിന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഉറുഗ്വേ താരം ഇതുവരെ 15 ഗോൾ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 

യുണൈറ്റഡില്‍ എത്തിയ കവാനിക്ക് അത്ര നല്ല തുടക്കമായിരുന്നില്ല. വംശീയത കലര്‍ന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ പേരില്‍ കവാനി മൂന്ന് മത്സരങ്ങളില്‍ വിലക്കും പിഴയും നേരിട്ടിരുന്നു. എന്നാല്‍ തുടക്കത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ച താരം ഗോളാരവങ്ങളുമായി ഫോമിലേക്ക് തിരിച്ചെത്തി. 

എന്നാല്‍ ഇംഗ്ലണ്ടില്‍ സംതൃപ്‌തനല്ലെന്നും ലാറ്റിനമേരിക്കയില്‍ തിരിച്ചെത്തണമെന്നും കവാനിക്ക് അഗ്രഹമുള്ളതായി പിതാവ് മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി അര്‍ജന്‍റീനന്‍ ക്ലബ് ബൊക്കാ ജൂനിയേഴ്‌സുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ യുണൈറ്റഡില്‍ പൂര്‍ണതൃപ്‌തനാണ് കവാനി എന്ന് വ്യക്തമാകുന്നതാണ് താരത്തിന്‍റെ ഇപ്പോഴത്തെ വാക്കുകള്‍. 

സഹതാരങ്ങളും സ്റ്റാഫുമായും നല്ല ബന്ധമാണെന്നും അവര്‍ വളരെയേറെ പ്രചോദനം തരുന്നതായും കവാനി പ്രസ്‌താവനയില്‍ പറഞ്ഞു. ക്ലബിലെത്തിയ ആദ്യദിനം തന്നെ മാനേജറുടെ ആത്മവിശ്വാസം മനസിലായി. ആരാധകരുടെ സന്തോഷത്തിനായി പൂര്‍ണമായും തന്നെ നല്‍കും. ഓള്‍ഡ് ട്രഫോര്‍ഡിലെ കാണികള്‍ക്ക് മുന്നില്‍ ഇതുവരെ കളിക്കാനായിട്ടില്ല. അതിനായി കാത്തിരിക്കാന്‍ കഴിയുന്നില്ല എന്നും കവാനി കൂട്ടിച്ചേര്‍ത്തു. 

വംശീയാധിക്ഷേപ വിവാദം; കവാനി കുറ്റക്കാരനെന്ന് ഫുട്ബോള്‍ അസോസിയേഷന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!