ഇഎഫ്എൽ കപ്പ്: രണ്ടടി കൊടുത്ത് മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കി സതാംപ്‌ടൺ

By Web TeamFirst Published Jan 12, 2023, 7:47 AM IST
Highlights

അതേസമയം ഫിഫ ലോകകപ്പിന് ശേഷം പിഎസ്‌ജിയിലേക്കുള്ള ലിയോണൽ മെസിയുടെ മടക്കം ഗോളോടെയായി

സതാംപ്‌ടൺ: ഇഎഫ്എൽ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി പുറത്ത്. സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് അട്ടിമറിച്ച് സതാംപ്ടൺ സെമി ഫൈനലിലേക്ക് മുന്നേറി. എ‌‍ലിംഗ് ഹാലൻഡ്, കെവിൻ ഡിബ്രൂയ്ൻ എന്നിവരെ പുറത്തിരുത്തിയാണ് സിറ്റി കളി തുടങ്ങിയത്. ഇരുപത്തിമൂന്നാം മിനിറ്റിൽ സേകോ മാരയും ഇരുപത്തിയെട്ടാം മിനിറ്റിൽ മൂസ ജെനേപോയുമാണ് സതാംപ്‌‌ടന്‍റെ ഗോളുകൾ നേടിയത്. ഹാലൻഡിനെയും ഡിബ്രൂയ്നെയും രണ്ടാം പകുതിയിൽ ഇറക്കിയെങ്കിലും സിറ്റിക്ക് ഗോൾ മടക്കാനായില്ല. സതാംപ്ടൺ സെമിയിൽ ഈമാസം 24ന് ന്യൂകാസിലിനെ നേരിടും. 

ഗോളോടെ മെസിയുടെ വരവ് 

അതേസമയം ഫിഫ ലോകകപ്പിന് ശേഷം പിഎസ്‌ജിയിലേക്കുള്ള ലിയോണൽ മെസിയുടെ മടക്കം ഗോളോടെയായി. ലീഗ് വണ്ണിൽ പിഎസ്‌ജി എതിരില്ലാത്ത രണ്ട് ഗോളിന് ആംഗേഴ്സിനെ തോൽപിച്ചു. എഴുപത്തിരണ്ടാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ. അസിസ്റ്റന്‍റ് റഫറി ഓഫ് സൈഡ് വിധിച്ചെങ്കിലും വാറിലൂടെ മെസിയുടെ ഗോൾ അനുവദിക്കുകയായിരുന്നു. ആദ്യ പകുതിയുടെ തുടക്കത്തിൽ ഹ്യൂഗോ എകിറ്റികെയാണ് പിഎസ്‌ജിയുടെ ആദ്യ ഗോൾ നേടിയത്. മെസി, നെയ്മ‍ർ, എകിറ്റികെ എന്നിവരെ അണിനിരത്തിയാണ് പി‌എസ്‌ജി കളി തുടങ്ങിയത്. കിലിയൻ എംബാപ്പേ ടീമിലുണ്ടായിരുന്നില്ല. 18 കളിയിൽ 47 പോയിന്‍റുമായി പിഎസ്‌ജി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ചെല്‍സി ഇന്ന് കളത്തില്‍ 

പ്രീമിയർ ലീഗിൽ ചെൽസി ഇന്ന് ഫുൾഹാമിനെ നേരിടും. ഫുൾഹാമിന്‍റെ മൈതാനത്ത് രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക. പതിനെട്ട് കളിയിൽ 28 പോയിന്‍റുള്ള ഫുൾഹാം ഏഴും പതിനേഴ് കളിയിൽ 25 പോയിന്‍റുള്ള ചെൽസി പത്തും സ്ഥാനത്താണ്. ഫുൾഹാം അവസാന മൂന്ന് കളിയും ജയിച്ചപ്പോള്‍ ചെൽസി അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റു. അത്‍ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗൽ സ്ട്രൈക്കർ യാവോ ഫെലിക്‌സിനെ കഴിഞ്ഞ ദിവസം ചെൽസി സ്വന്തമാക്കിയിരുന്നു. സീസണിലെ ശേഷിച്ച മത്സരങ്ങൾക്കായി 11 ദശലക്ഷം യൂറോ ട്രാൻസ്‌ഫർ ഫീസിലാണ് ഫെലിക്‌സ് വായ്പാ കരാറിൽ ചെൽസിയിലെത്തിയത്.

ദക്ഷിണാഫ്രിക്കന്‍ ടി20: ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിനെ വീഴ്‌ത്തി ജൊബര്‍ഗ് സൂപ്പര്‍ കിംഗ്‌സ്

click me!