'ബാഴ്‌സയില്‍ നേട്ടമുണ്ടാക്കിയത് മെസി ഉണ്ടായതുകൊണ്ട്'; തുറന്നുപറഞ്ഞ് പെപ് ഗാര്‍ഡിയോള

By Web TeamFirst Published Jan 11, 2023, 12:59 PM IST
Highlights

ഇതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള ചെല്‍സി കോച്ചിന് പിന്തുണ അറിയിച്ചത്. പരിശീലകര്‍ക്ക് പെട്ടെന്നൊരു ടീമിനെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കാന്‍ കഴിയില്ലെന്നും ഇതിന് സമയം വേണമെന്നുമാണ് ഗാര്‍ഡിയോള പറയുന്നത്.

ലണ്ടന്‍: ചെല്‍സി കോച്ച് ഗ്രഹാം പോട്ടര്‍ക്ക് പിന്തുണയുമായി മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള രംഗത്ത്. തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ചെല്‍സി കോച്ചിനെതിരെ ആരാധകരുടെ വിമര്‍ശനം ശക്തമായപ്പോഴാണ് പെപ് പിന്തുണയുമായെത്തിയത്. തോമസ് ടുഷേലിനെ പുറത്താക്കിയപ്പോഴാണ് ചെല്‍സി ഗ്രഹാം പോട്ടറെ പരിശീലകനായി നിയമിച്ചത്. എന്നാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പോട്ടറിന് കഴിഞ്ഞിട്ടില്ല. തോല്‍വികളില്‍ മനംമടുത്തതോടെ ചെല്‍സി ആരാധകര്‍ പോട്ടര്‍ക്കെതിരെ രംഗത്തെത്തി. 

ഇതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള ചെല്‍സി കോച്ചിന് പിന്തുണ അറിയിച്ചത്. പരിശീലകര്‍ക്ക് പെട്ടെന്നൊരു ടീമിനെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കാന്‍ കഴിയില്ലെന്നും ഇതിന് സമയം വേണമെന്നുമാണ് ഗാര്‍ഡിയോള പറയുന്നത്. പോട്ടറിന് ടീമിനെ വളര്‍ത്തിയെടുക്കാന്‍ സമയം അനുവദിക്കണമെന്ന് ചെല്‍സി ഉടമ ടോഡ് ബോഹ്‌ലിയോട് ആവശ്യപ്പെട്ട പെപ് ഗാര്‍ഡിയോള, ബാഴ്‌സലോണയില്‍ വളരെ പെട്ടെന്ന് തനിക്ക് നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത് ലിയോണല്‍ മെസ്സിയുടെ സാന്നിധ്യം കൊണ്ടാണെന്നും വ്യക്തമാക്കി. 

എഫ് എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ പുറത്തായ ചെല്‍സി പ്രീമിയര്‍ ലീഗിലും കിതയ്ക്കുകയാണ്. പതിനേഴ് കളിയില്‍ ജയം ഏഴില്‍ മാത്രം. ആറ് തോല്‍വിയും നാല് സമനിലയും. 25 പോയിന്റുമായി പത്താം സ്ഥാനത്താണിപ്പോള്‍ ചെല്‍സി.

യുണൈറ്റഡ് സെമിയില്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇഎഫ്എല്‍ കപ്പ് സെമിയില്‍ കടന്നു. ചാള്‍ട്ടന്‍ അത്‌ലറ്റിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ട് ഗോളുകള്‍ നേടി. 90, 94 മിനുറ്റുകളിലായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഗോളുകള്‍. 21ആം മിനുറ്റില്‍ ആന്റണിയാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ന്യുകാസിലും സെമിയില്‍ കടന്നു. സെമി പ്രതീക്ഷയുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങും. സതാംപ്റ്റനാണ് സിറ്റിയുടെ എതിരാളികള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ നോട്ടിങ്ഹാം ഫോറസ്റ്റ്, വോള്‍വ്‌സിനെ നേരിടും.

രഞ്ജി ട്രോഫി: സര്‍വീസസിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍

click me!