എംബാപ്പെയെ ദിദിയെര്‍ ദെഷാം ഫ്രാന്‍സിന്‍റെ അടുത്ത നായകനാക്കില്ലെന്ന് മുന്‍ താരം

By Web TeamFirst Published Jan 11, 2023, 2:57 PM IST
Highlights

ദെഷാമിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എംബാപ്പെയെ അടുത്ത ക്യാപ്റ്റനായി തെരഞ്ഞെടുത്തേനെ. എന്നാല്‍ ദെഷാമിനെ നല്ലപോലെ അറിയാവുന്ന ആളെന്ന നിലയില്‍ ഞാന്‍ പറയുന്നു അദ്ദേഹം എംബാപ്പെയെ അടുത്ത ക്യാപ്റ്റനാക്കില്ല.  എംബാപ്പെ ഒരുപാട് ബഹളമുണ്ടാക്കുന്ന വ്യക്തിയാണെന്നത് തന്നെ കാരണമെന്നും റോതന്‍ ട്വീറ്റില്‍ പറഞ്ഞു.

പാരീസ്: ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചതോടെ ഫ്രാന്‍സ് ദേശീയ ഫുട്ബോള്‍ ടീമിന്‍റെ അടുത്ത നായകന്‍ ആരായിരിക്കുമെന്ന ചര്‍ച്ചയിലാണ് ഫുട്ബോള്‍ ആരാധകര്‍. സ്വാഭാവികമായും യുവതാരം കിലിയന്‍ എംബാപ്പെ വൈകാതെ ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് അണിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  പ്രമുഖ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ ജൂലിയന്‍ ലോറന്‍സ് കഴിഞ്ഞ ദിവസം ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഫ്രാന്‍സ് പരിശീലകനായ ദിദിയെര്‍ ദെഷാം എംബാപ്പെയെ നായകനായി തെരഞ്ഞെടുക്കില്ലെന്നാണ് പിഎസ്‌ജിയുടെയും ഫ്രാന്‍സിന്‍റെയും മുന്‍ താരമായ ജെറോം റോതന്‍ പറയുന്നത്.

ദെഷാമിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എംബാപ്പെയെ അടുത്ത ക്യാപ്റ്റനായി തെരഞ്ഞെടുത്തേനെ. എന്നാല്‍ ദെഷാമിനെ നല്ലപോലെ അറിയാവുന്ന ആളെന്ന നിലയില്‍ ഞാന്‍ പറയുന്നു അദ്ദേഹം എംബാപ്പെയെ അടുത്ത ക്യാപ്റ്റനാക്കില്ല.  എംബാപ്പെ ഒരുപാട് ബഹളമുണ്ടാക്കുന്ന വ്യക്തിയാണെന്നത് തന്നെ കാരണമെന്നും റോതന്‍ ട്വീറ്റില്‍ പറഞ്ഞു.

🇫🇷💬 : "Si c'était moi, Mbappé serait le nouveau capitaine des Bleus. Mais connaissant Didier Deschamps et son mode de fonctionnement, je pense qu'il ne le mettra pas capitaine. Pourquoi ? Parce qu'il fait trop de bruit, tout simplement." pic.twitter.com/PbhTpNrybd

— Rothen s'enflamme (@Rothensenflamme)

വിമര്‍ശനം കനത്തു; സിദാനെ അപമാനിച്ചതില്‍ ഒടുവില്‍ മാപ്പു പറഞ്ഞ് ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്‍റ്

ലോകകപ്പിന് മുമ്പ് സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്‍റെ പേരില്‍ എംബാപ്പെ ഫ്രാന്‍സിന്‍റെ ദേശീയ ടീമിനൊപ്പം ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു. അതുപോലെ വലതുപക്ഷ വിരുദ്ധ നിലപാടുകളുടെ പേരിലും ഫാസ്റ്റ് ഫുഡ് പ്രമോട്ടര്‍ക്കെതിരെയും ബെറ്റിംഗ് സ്ഥാപനങ്ങള്‍ക്കെതിരെയുമെല്ലാം നിലപാടെടുക്കുന്ന വ്യക്തി കൂടിയാണ് എംബാപ്പെ എന്നതും യുവതാരത്തെ ക്യാപ്റ്റനാക്കുന്നതിന് മുമ്പ് ഫ്രാന്‍സിന് കണക്കിലെടുക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

ഫ്രാന്‍സിന്‍റെ ദേശീയ ടീമിനാകട്ടെ കൊക്കോ കോള, കെഎഫ്‌സി, ഊബര്‍ ഈറ്റസ്, ബെറ്റിംഗ് സ്ഥാപനമായ ബെറ്റ് ക്ലിക്ക് എന്നിവയുമായി സ്പോണ്‍സര്‍ഷിപ്പ് കരാറുകളുണ്ട്. എംബാപ്പെയെ നായകനാക്കിയാല്‍ ഇത്തരം സ്പോണ്‍സര്‍മാരോടുള്ള അദ്ദേഹത്തിന്‍റെ സമീപനവും എന്താവും എന്ന ആശങ്കയും ഫെഡറേഷനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹ്യൂഗോ ലോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും യുറോ യോഗ്യതാ പോരാട്ടങ്ങള്‍ക്ക് മുമ്പ് മാത്രമെ ഫ്രാന്‍സ് പുതിയ നായകനെ പ്രഖ്യാപിക്കു എന്നാണ് കരുതുന്നത്.

click me!