El Clasico : റയലിന്‍റെ കിളി പാറിച്ച് റഫീഞ്ഞയുടെ മിന്നല്‍; എല്‍ ക്ലാസിക്കോ ബാഴ്‌സലോണയ്‌ക്ക്- വീഡിയോ

By Web TeamFirst Published Jul 24, 2022, 11:19 AM IST
Highlights

റയല്‍ മാഡ്രിഡ് നായകനും സൂപ്പര്‍ സ്‌ട്രൈക്കറുമായ കരീം ബെന്‍സേമയുടെ അഭാവം നന്നായി അറിഞ്ഞു

ലാസ് വെഗാസ്: ഇത്തവണത്തെ ആദ്യ എല്‍ ക്ലാസിക്കോയില്‍(El Clasico) ജയം ബാഴ്‌സലോണയ്‌ക്കൊപ്പം(FC Barcelona). ടീമിലെത്തിയ ബ്രസീലിയന്‍ റഫീഞ്ഞയുടെ(Raphinha) ബുള്ളറ്റ് ഗോളിലാണ് റയല്‍ മാഡ്രിഡിനെ(Real Madrid) ചിരവൈരികളായ ബാഴ്‌സ 1-0ന് തളച്ചത്. ലാസ് വെഗാസില്‍ പ്രീ സീസണ്‍ മത്സരങ്ങളുടെ ഭാഗമായാണ് എല്‍ ക്ലാസിക്കോ സംഘടിപ്പിച്ചത്. 

ബാഴ്‌സലോണ കുപ്പായത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍‌ഡോവ്‌സ്‌കിയുടെയും റയല്‍ കുപ്പായത്തില്‍ ആന്‍റോണിയോ റൂഡിഗറിന്‍റേയും അരങ്ങേറ്റമായിരുന്നു മത്സരത്തിലെ ശ്രദ്ധേയം. എങ്കിലും മത്സരത്തിന്‍റെ ആവേശമെല്ലാം റഫീ‍ഞ്ഞയോടെ ഒരൊറ്റ ഗോള്‍ കൊണ്ടുപോയി. 27-ാം മിനുറ്റിലായിരുന്നു ബോക്‌സിന് പുറത്തുനിന്ന് മിന്നല്‍കണക്കേ റഫീഞ്ഞയുടെ സ്‌ട്രൈക്ക്. ബാഴ്‌സയിലെത്തിയ ശേഷ തുടര്‍ച്ചയായ രണ്ടാം പ്രീസീസണ്‍ മത്സരത്തിലാണ് റഫീഞ്ഞയുടെ ബൂട്ട് വലയെ ചുംബിച്ചത്. 

💥 BOOOOOOOOM!!!! GOAL BARÇA! RAPHINHA GETS THE FIRST! 0-1! 🇺🇸 pic.twitter.com/zDEdmbwEXu

— FC Barcelona (@FCBarcelona)

അതേസമയം റയല്‍ മാഡ്രിഡ് നായകനും സൂപ്പര്‍ സ്‌ട്രൈക്കറുമായ കരീം ബെന്‍സേമയുടെ അഭാവം നന്നായി അറിഞ്ഞു. ഈഡന്‍ ഹസാര്‍ഡും മാര്‍ക്കോ അസെന്‍സിയോയും മാരിയാനോ ഡയസും മൈതാനത്തെത്തിയെങ്കിലും ആക്രമണത്തിന് മൂര്‍ച്ചയുണ്ടായിരുന്നില്ല. ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പോലും റയലിന്‍റെ അക്കൗണ്ടിലില്ല. എന്നാല്‍ ബാഴ്‌സ താരങ്ങള്‍ക്ക് ആറ് ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉതിര്‍ക്കാനായി. 

അമേരിക്കന്‍ പര്യടനത്തില്‍ നാല് പ്രീ സീസണ്‍ മത്സരങ്ങളാണ് ബാഴ്‌സ കളിക്കുന്നത്. എംഎല്‍എസ് ടീമായ ഇന്‍റര്‍ മിയാമിയെ കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളിന് സ്‌പാനിഷ് ക്ലബ് തകര്‍ത്തുവിട്ടിരുന്നു. യുവന്‍റസിനെതിരെ ജൂലൈ 27നും റെഡ് ബുള്‍സിനെതിരെ ജൂലൈ 31നുമാണ് ബാഴ്‌സയുടെ അടുത്ത സന്നാഹ മത്സരങ്ങള്‍. ഓഗസ്റ്റ് 13ന് സ്വന്തം വേദിയില്‍ റയോ വയേക്കാനോയ്ക്ക് എതിരായാണ് ലാലീഗ സീസണില്‍ ബാഴ്‌സയുടെ ആദ്യ മത്സരം. 

🤍 Thank you for your support, ! 🤍 pic.twitter.com/NuHx7IiOi1

— Real Madrid C.F. 🇬🇧🇺🇸 (@realmadriden)

എന്നാല്‍ ബാഴ്‌സയ്‌ക്കെതിരായ മത്സരം റയലിന്‍റെ ആദ്യ പ്രീസീസണ്‍ കളിയായിരുന്നു. ഓഗസ്റ്റ് 14നാണ് ലാഗീഗയില്‍ നിലവിലെ ചാമ്പ്യന്‍മാരുടെ ആദ്യ മത്സരം. ജൂലൈ 27ന് ക്ലബ് അമേരിക്കയ്‌ക്കും ജൂലൈ 31ന് യുവന്‍റസിനും എതിരെ റയലിന് ഇനി സന്നാഹ മത്സരങ്ങളുണ്ട്. 

ട്രാന്‍സ്ഫര്‍ ജാലകത്തില്‍ തിളങ്ങി ബാഴ്‌സലോണ; വമ്പന്‍ താരങ്ങളെത്തില്ല, റയല്‍ മാഡ്രിഡിന്റെ പദ്ധതികളിങ്ങനെ

click me!