ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പന്ത്രണ്ടാം സീസണ് ഫെബ്രുവരി 14ന് തുടക്കമാകും. 14 ടീമുകള്‍ പങ്കെടുക്കുന്ന ലീഗിലെ മത്സരങ്ങള്‍ കൊച്ചിയിലും നടക്കുമെന്നാണ് പ്രതീക്ഷ.
മുംബൈ: മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ഐ എസ് എല്‍ പന്ത്രണ്ടാം സീസണ് അടുത്തമാസം തുടക്കമാവും. പതിനാല് ടീമുകളും ലീഗില്‍ കളിക്കാന്‍ സമ്മതം അറിയിച്ച് കഴിഞ്ഞു. സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കിക്കോഫ് പ്രതീക്ഷിക്കുന്നത് ഫെബ്രുവരി പതിനാലിന്. മത്സരങ്ങള്‍ മേയ് 17 വരെ നീണ്ടുനില്‍ക്കും. വ്യാഴം മുതല്‍ ഞായര്‍ വരെയാവും ഓരോ ആഴ്ചയിലേയും മത്സരങ്ങള്‍. കളിതുടങ്ങുക വൈകിട്ട് ഏഴരയ്ക്ക്. രണ്ടുമത്സരങ്ങള്‍ നടക്കുക ശനിയും ഞായറും, വൈകിട്ട് അഞ്ചിനും ഏഴരയ്ക്കും.
സീസണില്‍ ഒരുടീമിന് 13 മത്സരമാണുണ്ടാവുക. ഇതില്‍ ആറോ ഏഴോ ഹോം മത്സരം. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മുഹമ്മദന്‍സും ഇന്റര്‍ കാശിയും കൊല്‍ക്കത്തയാണ് ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൊച്ചി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യ സ്‌പോണ്‍സര്‍മാര്‍ പിന്‍മാറിയതോടെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരിട്ടാണ് ഐ എസ് എല്‍ നടത്തുന്നത്. ഇതിനായി 22 അംഗ ഗവേണിംഗ് കൗണ്‍സില്‍ രൂപീകരിച്ചു. ഇതില്‍ പതിനാലുപേര്‍
ക്ലബ് പ്രതിനിധികള്‍. എഐഎഫ്എഫ് പ്രസിഡന്റ്, സെക്രട്ടറി ജനറല്‍, വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നിവരും ഗവേണിംഗ് കൗണ്‍സിലില്‍ ഉണ്ടാവും. വാണിജ്യ പങ്കാളിത്തമില്ലാത്ത ഓരോ അംഗങ്ങളെ എ ഐ എഫ് എഫും ക്ലബുകളും നാമനിര്‍ദേശം ചെയ്യും. ലീഗിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ എല്ലാം ഗവേണിംഗ് കൗണ്‍സിലാണ് നിയന്ത്രിക്കുക.

