
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (EPL) കിക്കോഫിന് രണ്ട് നാള്‍ കൂടി. കഴിഞ്ഞ സീസണില്‍ ഒറ്റ പോയിന്റിന് നഷ്ടമായ പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചു പിടിക്കാനാണ് ലിവര്‍പൂള്‍ (Liverpool) ഇറങ്ങുന്നത്. ചാംപ്യന്‍സ് ലീഗിലും ലിവര്‍പൂളിന് ഇത്തവണ പ്രതീക്ഷയേറെ. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായത് തലനാരിഴയ്ക്ക്. അവസാന മത്സരദിനം വരെ ആവേശം നിറച്ച ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ (Manchester City) വിറപ്പിച്ചാണ് രണ്ടാം സ്ഥാനക്കാരായത്.
സിറ്റിക്ക് 93 പോയിന്റും ലിവര്‍പൂളിന് ഒരു പോയിന്റ് കുറവുമാണ് ഉണ്ടായിരുന്നത്. ഹാട്രിക് കിരീടം ലക്ഷ്യമിട്ട് വരുന്ന സിറ്റിക്ക് ഇത്തവണയും പ്രധാന എതിരാളി ചെമ്പട തന്നെ. കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം നേടി മുന്നറിയിപ്പും നല്‍കി കഴിഞ്ഞു. തലമുറ മാറ്റത്തിലാണ് ലിവര്‍പൂള്‍. സാദിയോ മാനെയെ ബയേണ്‍ മ്യൂണിക്ക് കൊണ്ടു പോയപ്പോള്‍ ഡാര്‍വിന്‍ നുനിയസ് ആന്‍ഫീല്‍ഡിലെത്തി. ഗോള്‍വേട്ടയ്ക്ക് മുഹമ്മദ് സലായ്‌ക്കൊപ്പം അണിനിരത്താന്‍ ഫിര്‍മിനോ, ജോട്ടയും, ഡിയാസും നുനിയസും ലിവര്‍പൂളിന്റെ പടയണിയിലുണ്ട്.
അലിസണും വാന്‍ഡൈക്കും ഹെന്‍ഡേഴ്‌സനും തിയാഗോയും അര്‍നോള്‍ഡുമെല്ലാം എന്നും എപ്പോഴും വിശ്വസ്തര്‍. എല്ലാത്തിനുമപ്പുറം യൂര്‍ഗന്‍ ക്ലോപ്പെന്ന പരിശീലകന്റെ തന്ത്രങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷ. പ്രസ്സിംഗ് ഗെയ്മിന്റെ ആശാനായ ക്ലോപ്പ് എതിരാളികളെ ശ്വാസം വിടാന്‍ അനുവദിക്കില്ല. ഇങ്ങനെ വീര്‍പ്പുമുട്ടിച്ചാണ് പ്രീമിയര്‍ ലീഗിലും ചാപ്യന്‍സ് ലീഗിലും ക്ലബ് ലോകകപ്പിലും കമ്മ്യൂണിറ്റി ഷീല്‍ഡിലുമെല്ലാം ലിവര്‍പൂള്‍ ചാംപ്യന്‍മാരായത്.
പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ തന്നെയാണ് ഇക്കുറിയും സിറ്റിയുടെ കരുത്ത്. ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ സെര്‍ജിയോ അഗ്യൂറോ ടീം വിട്ടുപോയിട്ടും കഴിഞ്ഞ സീസണില്‍ സിറ്റി 99 തവണ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു.
അണ്ടർ 20 ലോക അത്‍ലറ്റിക്‌സ്: ചരിത്ര വെള്ളിയുമായി ഇന്ത്യയുടെ മിക്‌സ്‌ഡ് റിലേ ടീം, ഏഷ്യന്‍ റെക്കോര്‍ഡ്
ഗബ്രിയേല്‍ ജെസ്യൂസിനെ ആഴ്സണലിനും റഹിം സ്റ്റെര്‍ലിംഗിനെ ചെല്‍സിക്കും ഫെര്‍ണാണ്ടീഞ്ഞോയെ അത്ലറ്റിക്കോ പരാനെന്‍സിനും കൊടുത്ത സിറ്റി പകരം ടീമിലെത്തിച്ചത് എര്‍ലിംഗ് ഹാലന്‍ഡ്, ജൂലിയന്‍ അല്‍വാരസ്, കാല്‍വിന്‍ ഫിലിപ്സ് എന്നിവരെ.