
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളും രണ്ടാം സ്ഥാനക്കാരായ ആഴ്സണലും തമ്മിലുള്ള വമ്പൻ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരുടീമും രണ്ടുഗോൾവീതം നേടി. കൊണ്ടുംകൊടുത്തും മുന്നേറിയ പോരാട്ടത്തിലായിരുന്നു ഇരു ടീമും ലോംഗ് വിസിലിനൊടുവിൽ ഒപ്പത്തിനൊപ്പം കൈകൊടുത്ത് പിരിഞ്ഞത്. കിരീടം സ്വന്തമാക്കിക്കഴിഞ്ഞ ലിവർപൂൾ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ. ഇരുപതാം മിനിറ്റിൽ ലിവർപൂളിനെ മുന്നിലെത്തിച്ചത് കോഡി ഗാപ്കോ. ഒരു മിനിറ്റിനകം 21-ാം മിനിറ്റില്‍ ലൂയിസ് ഡിയാസ് ലിവര്‍പൂളിന്‍റെ ലീഡുയർത്തി.
രണ്ടാംപകുതിയിൽ ആഴ്സണലിന്‍റെ ഊഴം. ആദ്യമറുപടി 47-ാം മിനിറ്റില്‍ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ. എഴുപതാം മിനിറ്റിൽ മികേൽ മെറിനോ സമനില ഗോള്‍ നേടി. പിന്നാലെ 79-ാം മിനിറ്റില്‍ മെറിനോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ആഴ്സണലിന് കനത്ത തിരിച്ചടിയായി. രണ്ട് മത്സരം ശേഷിക്കേ 83 പോയന്‍റുമായി ലിവർപൂൾ ഒന്നാംസ്ഥാനത്ത്. 68 പോയന്‍റുള്ള ആഴ്സണൽ രണ്ടാം സ്ഥാനത്തും.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടിയേറ്റു. വെസ്റ്റ് ഹാമിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതോടെ യുണൈറ്റഡ് ലീഗിൽ പതിനാറാം സ്ഥാനത്തേക്ക് വീണു. തോമസ് സൂസെക്, ജാറോഡ് ബോവൻ എന്നിവരുടെ ഗോളുകൾക്കാണ് വെസ്റ്റ് ഹാമിന്‍റെ ജയം. അവസാന എട്ട് കളിയിൽ വെസ്റ്റ് ഹാമിന്‍റെ ആദ്യ ജയമാണിത്. ജയത്തോടെ 40പോയന്‍റുമായി, യുണൈറ്റഡിനെ മറികടന്ന് വെസ്റ്റ് ഹാം പതിനഞ്ചാം സ്ഥാനത്ത് എത്തി.
മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനത്തെ തോൽപിച്ചു. എസെയുടെ ഇരട്ടഗോൾ കരുത്തിലാണ് ക്രിസ്റ്റൽ പാലസിന്‍റെ ജയം. തോൽവിയോടെ ടോട്ടനം ലീഗിൽ പതിനേഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക