
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ ജൈത്രയാത്ര തുടരുന്നു. ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളിന് ആസ്റ്റൺ വില്ലയെ തോൽപിച്ചു. കളിതീരാൻ സെക്കൻഡുകൾ ശേഷിക്കേ സാദിയോ മാനേ നേടിയ ഗോളാണ് ലിവർപൂളിനെ രക്ഷിച്ചത്.
ഇരുപത്തിയൊന്നാം മിനിറ്റിൽ ട്രെസഗേയിലൂടെ ആസ്റ്റൺ വില്ല മുന്നിലെത്തി. എൺപത്തിയേഴാം മിനിറ്റിൽ ആൻഡി റോബർട്സനാണ് ലിവർപൂളിന്‍റെ സമനിലഗോൾ നേടിയത്. തൊണ്ണൂറ്റിനാലാം മിനിറ്റിലായിരുന്നു മാനേയുടെ വിജയഗോൾ. 11 കളിയിൽ 31 പോയിന്‍റുമായി ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ.
എന്നാല്‍ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ കഷ്ടകാലം തുടരുന്നു. ബോൺമൗത്ത് ഏകപക്ഷീയമായ ഒരുഗോളിന് യുണൈറ്റഡിനെ തോൽപിച്ചു. നാൽപ്പത്തിയഞ്ചാം മിനിറ്റിൽ ജോഷ്വാ കിംഗ് നേടിയ ഗോളിനാണ് ബോൺമൗത്തിന്‍റെ ജയം. സീസണിലെ നാലാം തോൽവിയോടെ യുണൈറ്റഡ് ലീഗിൽ പത്താം സ്ഥാനത്തായി.
ഇതേസമയം, നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് സതാംപ്ടണെ തോൽപിച്ചു. സെർജിയോ അഗ്യൂറോയും കെയ്ൽ വാക്കറുമാണ് സിറ്റിയുടെ സ്‌കോറർമാർ. 25 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് സിറ്റി.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ചെൽസി ഒന്നിനെതിരെ രണ്ട് ഗോളിന് വാറ്റ്ഫോർഡിനെ തോൽപിച്ചു. ടാമി അബ്രഹാം, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവർ ഇരുപകുതികളിലായി നേടിയ ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ഇതോടെ 23 പോയിന്‍റുമായി ചെൽസി ലീഗിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. മറ്റൊരു മത്സരത്തിൽ ആഴ്സണലും വോൾവ്സും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!