ഇടവേളയ്‌ക്ക് ശേഷം ക്ലബ് ഫുട്ബോള്‍ ആരവം; പ്രീമിയർ ലീഗിൽ ആഴ്‌സണല്‍-ലിവര്‍പൂള്‍ സൂപ്പര്‍പോര്

By Web TeamFirst Published Apr 3, 2021, 8:03 AM IST
Highlights

നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ രാത്രി പന്ത്രണ്ടരയ്‌ക്ക് ആഴ്സണലിനെ നേരിടും. 

ആഴ്‌സണല്‍: രാജ്യാന്തര മത്സരങ്ങളുടെ ചെറിയ ഇടവേളയ്‌ക്ക് ശേഷം പുനരാരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ രാത്രി പന്ത്രണ്ടരയ്‌ക്ക് ആഴ്സണലിനെ നേരിടും. ആഴ്സണലിന്റെ മൈതാനത്താണ് മത്സരം. 29 കളിയിൽ 46 പോയിന്റുള്ള ലിവർപൂൾ ഏഴും 42 പോയിന്റുള്ള ആഴ്സണൽ ഒൻപതും സ്ഥാനത്താണ്. 

ചെൽസി വൈകിട്ട് അഞ്ചിന് തുടങ്ങുന്ന കളിയിൽ ഹോംഗ്രൗണ്ടിൽ വെസ്റ്റ് ബ്രോമിനെ നേരിടും. 51 പോയിന്റുള്ള ചെൽസി ലീഗിൽ നാലാം സ്ഥാനത്താണ്. 71 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി, രാത്രി പത്തിന് ലെസ്റ്റർ സിറ്റിയെ നേരിടും. 56 പോയിന്റുള്ള ലെസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്താണിപ്പോൾ. ലെസ്റ്ററിന്റെ മൈതാനത്താണ് മത്സരം. 

ടുഷേലിന് പുരസ്‌കാരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാർച്ചിലെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം ചെൽസി കോച്ച് തോമസ് ടുഷേലിന്. പുറത്താക്കപ്പെട്ട ഫ്രാങ്ക് ലാംപാർഡിന് പകരം ചെൽസിയിൽ എത്തിയ ടുഷേൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. മാർച്ചിൽ ഒറ്റ തോൽവി വഴങ്ങാതിരുന്ന ചെൽസി നാലാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. 

ലെസ്റ്റർ സിറ്റിയുടെ കെലെചി ഇഹിനാചോയാണ് മാർച്ചിലെ മികച്ച താരം. ഹാട്രിക് ഉൾപ്പടെ അ‌ഞ്ച് ഗോൾ നേടിയ പ്രകടനമാണ് ലെസ്റ്റർ താരത്തെ പ്ലെയർ ഓഫ് ദ മന്തിന് അർഹനാക്കിയത്. ഹാരി കെയ്ൻ, ജെസ്സി ലിംഗാർഡ്, റിയാദ് മെഹ്റസ്, ലൂക് ഷോ എന്നിവരെ മറികടന്നാണ് ഇഹിനാചോ മാർച്ചിലെ താരമായത്. 

ബാഴ്‌സലോണ മുന്നില്‍; അഗ്യൂറോയെ സ്വന്തമാക്കാന്‍ അഞ്ച് ടീമുകള്‍ രംഗത്ത്

click me!