പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ കളത്തിലേക്ക്; സ്‌പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനും അങ്കം

By Web TeamFirst Published Apr 9, 2022, 11:17 AM IST
Highlights

ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ചെൽസിയെ തകർത്ത ആത്മവിശ്വാസവുമായാണ് റയൽ ഇറങ്ങുന്നത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) പ്രമുഖ ടീമുകൾ ഇന്ന് മത്സരത്തിനിറങ്ങും. മാഞ്ചസ്റ്റർ യുണൈറ്റഡ് വൈകിട്ട് അഞ്ചിന് എവർട്ടനെയും (Everton vs Man United) ചെൽസി വൈകിട്ട് ഏഴരയ്ക്ക് സതാംപ്‌ടണേയും (Southampton vs Chelsea) ആഴ്‌സണൽ, ബ്രൈറ്റണേയും (Arsenal vs Brighton) ടോട്ടനം രാത്രി പത്തിന് ആസ്റ്റൻ വില്ലയേയും (Aston Villa vs Tottenham) നേരിടും. ലീഗിൽ ചെൽസി മൂന്നും ടോട്ടനം നാലും ആഴ്‌സണൽ അഞ്ചും മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴും സതാംപ്ടൺ പന്ത്രണ്ടും എവർട്ടന്‍ പതിനേഴും സ്ഥാനങ്ങളിലാണ്.

സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ഇന്ന് ഗെറ്റാഫെയെ നേരിടും. ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ചെൽസിയെ തകർത്ത ആത്മവിശ്വാസവുമായാണ് റയൽ ഇറങ്ങുന്നത്. രാത്രി പന്ത്രണ്ടരയ്ക്ക് റയലിന്‍റെ ഹോംഗ്രൗണ്ടായ സാന്‍റിയാഗോ ബെർണബ്യുവിലാണ് മത്സരം. അത്ലറ്റിക്കോ മാഡ്രിഡ് വൈകിട്ട് ഏഴേമുക്കാലിന് മയോർക്കയെ നേരിടും. മറ്റ് മത്സരങ്ങളിൽ വിയ്യാറയൽ, അത്‌‌ലറ്റിക്കോ ബിൽബാവോയെയും കാഡിസ്, റയൽ ബെറ്റിസിനെയും നേരിടും. 

ഫിഫ ലോകകപ്പ്; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ഫിഫ ലോകകപ്പ് നടക്കുന്ന സമയത്ത് രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഖത്തറിലേക്കുള്ള പ്രവേശനം വിലക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രാദേശിക സംഘാടകര്‍ നിഷേധിച്ചു. ലോകകപ്പിലെ മത്സരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് ഫിഫയും വ്യക്തമാക്കി

ലോകകപ്പ് സമയത്ത് രാജ്യത്തിന് പുറത്തുപോകുന്ന പ്രവാസികൾക്കും പൗരന്മാർക്കും തിരികെ പ്രവേശനാനുമതി ലഭിക്കില്ലെന്ന പ്രചാരണം വ്യാപകമാകുന്നതിനിടെയാണ് സംഘാടകരുടെ ഔദ്യോഗിക സ്ഥിരീകരണം. 'രാജ്യത്തെ പ്രവാസികളും പൗരന്മാരും ലോകകപ്പിന്‍റെ സമയത്ത് വിദേശയാത്ര നടത്തുന്നതിൽ താൽപര്യമില്ല. അവർ ലോകകപ്പ് കാണണമെന്നാണ് സുപ്രീം കമ്മിറ്റി ആഗ്രഹിക്കുന്നത്. പക്ഷേ വിദേശയാത്ര നടത്തി തിരികെയെത്തുന്നവരെ വിലക്കില്ലെന്ന്' ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നാമ വ്യക്തമാക്കി. ലോകകപ്പിനുള്ള എല്ലാ അന്തിമ തയാറെടുപ്പുകളും പൂർത്തിയായി. ടൂർണമെന്‍റിന്‍റെ സമയത്ത് സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ സാധാരണപോലെ തന്നെ തുടരും.

അതേസമയം നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിലെ മത്സരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് ഫിഫ വ്യക്തമാക്കി. 2022 ലോകകപ്പ് മത്സരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്തുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകള്‍ വ്യാപകമായിരുന്നു. നിലവിലെ 90 മിനുറ്റിൽ നിന്ന് ഫുട്‌ബോൾ മത്സരങ്ങൾ 100 മിനുറ്റാക്കി നീട്ടാനുള്ള സാധ്യത സംബന്ധിച്ചു ഫിഫ ചർച്ച ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിനെതിരെയാണ് ഫിഫയുടെ ഔദ്യോഗിക സ്ഥിരീകരണം.

IPL 2022 : ആദ്യ ജയത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും; കണക്കില്‍ മുന്‍തൂക്കം ആര്‍ക്ക്

click me!