EPL : പ്രീമിയര്‍ ലീഗില്‍ ഗോള്‍ദിനം; ചെൽസി വിജയവഴിയില്‍, ഗോള്‍ പേമാരിയുമായി സിറ്റിയും ആഴ്‌സണലും

By Web TeamFirst Published Dec 27, 2021, 8:35 AM IST
Highlights

പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ വർഷം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ചെൽസി. ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. ജോർജീഞ്ഞോ ഇരട്ടഗോൾ നേടി. കളിയുടെ 34-ാം മിനിറ്റിലും ഇഞ്ചുറിടൈമിലും ലഭിച്ച പെനാൾട്ടികൾ ജോർജീഞ്ഞോ ലക്ഷ്യത്തിലെത്തിച്ചു. അൻപത്തിയാറാം മിനിറ്റിൽ ലുക്കാക്കുവാണ് മറ്റൊരു ഗോൾ നേടിയത്. റീസ് ജെയിംസ് അടിച്ച സെൽഫ് ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ആസ്റ്റൺ വില്ല തോൽക്കുന്നത്. പരിശീലകൻ സ്റ്റീവൻ ജെറാർദിന് കൊവിഡ് ആയതിനാൽ സഹപരിശീലകൻ ഗാരിയാണ് ടീമിനെ ഒരുക്കിയത്. 41 പോയിന്‍റുമായി ചെൽസി മൂന്നാം സ്ഥാനത്താണ്.

പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ വർഷം. സിറ്റി മൂന്നിനെതിരെ ആറ് ഗോളിന് ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. റഹീം സ്റ്റെർലിംഗ് രണ്ട് ഗോൾ നേടിയപ്പോൾ കെവിൻ ഡിബ്രൂയിൻ, റിയാദ് മെഹറസ്, ഇൽകായ് ഗുൺഡോഗൻ, അയ്മറിക് ലപ്പോർട്ട എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ജയിംസ് മാഡിസൺ, അഡെമോല ലുക്മാൻ, കെലേചി ഇഹാനാച്ചോ എന്നിവരാണ് ലെസ്റ്ററിനായി ലക്ഷ്യം കണ്ടു. തുട‍ർച്ചയായ അ‍ഞ്ചാം ജയം നേടിയ സിറ്റി 19 കളിയിൽ 47 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. എതിരില്ലാത്ത അ‍ഞ്ച് ഗോളിന് നോർവിച്ച് സിറ്റിയെ തകർത്തു. ബുകായോ സാക്ക രണ്ടുഗോൾ നേടി. ആറ്, അറുപത്തിയേഴ് മിനിറ്റുകളിലായിരുന്നു സാക്കയുടെ ഗോളുകൾ. കീരൻ ടിയർണി, അലക്സാന്ദ്രേ ലകാസറ്റേ, എമിൽ സ്മിത്ത് എന്നിവരാണ് മറ്റ് സ്കോറർമാർ. 19 കളിയിൽ 35 പോയിന്‍റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ആഴ്സണൽ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. മുപ്പത്തിണ്ടാം മിനിറ്റിൽ നായകൻ ഹാരി കെയ്ൻ സ്കോറിംഗിന് തുടക്കമിട്ടു. മുപ്പത്തിനാലാം മിനിറ്റിൽ ലൂക്കാസ് മൗറയും എഴുപത്തിനാലാം മിനിറ്റിൽ സോൻ ഹ്യൂംഗ് മിന്നും ഗോൾപട്ടിക തികച്ചു. 16 കളിയിൽ 29 പോയിന്‍റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ടോട്ടനം. 

ISL 2021 : സഹലിന്‍റെ ആശ്വാസ ഗോള്‍; ജംഷഡ്‌പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

click me!