
ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർപോരിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആൻഫീൽഡിൽ സിറ്റിയെ ലിവർപൂൾ മറികടന്നത്. സൂപ്പർതാരം മുഹമ്മദ് സലായാണ് വിജയഗോൾ നേടിയത്. ഫിൽ ഫോഡന്‍റെ ഗോൾ വാറിലൂടെ റഫറി അനുവദിക്കാത്തത് മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയായി. ലീഗിൽ മൂന്ന് ജയം മാത്രം നേടിയ ലിവർപൂൾ നിലവിൽ എട്ടാം സ്ഥാനത്താണ്. സിറ്റി രണ്ടാം സ്ഥാനത്തും.
തുടർച്ചയായ നാലാം ജയത്തോടെ ആഴ്സനല്‍ ലീഗിൽ ഒന്നാം സ്ഥാനമുറപ്പിച്ചു. ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സനൽ മറികടന്നത്. 35-ാം മിനുറ്റിൽ ബുക്കായോ സാക്കയാണ് വിജയഗോൾ നേടിയത്. അതേസമയം ആസ്റ്റൻ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസി തോൽപ്പിച്ചു. മാസൺ മൗണ്ട് ഇരട്ടഗോൾ നേടി. 6, 65 മിനുറ്റുകളിലായിരുന്നു ഗോളുകള്‍. ലീഗിൽ 19 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ചെൽസി.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾരഹിത സമനിലയിൽ ക്രിസ്റ്റൽപാലസ് തളച്ചു. ഓൾഡ് ട്രഫോർഡിലാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ലീഗിൽ 16 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.
ബെർണബ്യൂവിൽ എല്‍ ക്ലാസിക്കോ റയലിന്
സ്‌പാനിഷ് ലാ ലിഗയിലെ എൽ ക്ലാസിക്കോയില്‍ ബാഴ്സലോണയെ തകര്‍ത്തുവിട്ടു റയൽ മാഡ്രിഡ്. സാന്‍റിയാഗോ ബെർണബ്യൂവിൽ ഒന്നിനെതിരെ മൂന്ന് ഗോളിലാണ് റയൽ ജയിച്ചത്. കരീം ബെൻസെമ, ഫെഡറിക്കോ വെൽവെർദെ, റോഡ്രിഗോ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. ഫെറാൻ ടോറസാണ് ബാഴ്സയുടെ ആശ്വാസ ഗോൾ നേടിയത്.
ജയത്തോടെ റയൽ മാഡ്രിഡ് 25 പോയിന്‍റുമായി ലാ ലിഗയിൽ ഒന്നാംസ്ഥാനത്തെത്തി. 22 പോയിന്‍റുള്ള ബാഴ്സയാണ് രണ്ടാമത്.
എല്‍ ക്ലാസിക്കോ: ബാഴ്സയെ മൂന്നടിയില്‍ വീഴ്ത്തി റയല്‍ ഒന്നാമത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!