പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ സണ്‍ഡേ; ലിവര്‍പൂൾ-മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ യുദ്ധം ഇന്ന്

Published : Oct 16, 2022, 09:39 AM ISTUpdated : Oct 16, 2022, 09:43 AM IST
പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ സണ്‍ഡേ; ലിവര്‍പൂൾ-മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ യുദ്ധം ഇന്ന്

Synopsis

എതിരാളികളെ തച്ച് തകര്‍ത്ത് മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളിയായി വരുന്നത് മുറിവേറ്റ മൃഗമായി ലിവര്‍പൂൾ

ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഇന്ന് ലിവര്‍പൂൾ-മാഞ്ചസ്റ്റര്‍ സിറ്റി വമ്പൻ പോരാട്ടം. ലിവര്‍പൂളിന്‍റെ തട്ടകമായ ആൻഫീൽഡിൽ രാത്രി 9 മണിക്കാണ് മത്സരം. ചെൽസി, മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് ടീമുകൾക്കും ഇന്ന് മത്സരമുണ്ട്. 

എതിരാളികളെ തച്ച് തകര്‍ത്ത് മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളിയായി വരുന്നത് മുറിവേറ്റ മൃഗമായി ലിവര്‍പൂൾ. ആൻഫീൽഡിൽ ഇന്ന് ആവേശം അണപൊട്ടും. സിറ്റിയെ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം നേടിയായിരുന്നു ലിവര്‍പൂളിന്‍റെ സീസണിന് തുടക്കം. എന്നാൽ പ്രീമിയര്‍ ലീഗിൽ തുടരെ തുടരെ തിരിച്ചടി നേരിട്ടു. രണ്ട് ജയം മാത്രമുള്ള ചെമ്പട പതിനൊന്നാം സ്ഥാനത്താണിപ്പോൾ. സിറ്റിയെ കീഴടക്കി വൻ തിരിച്ചുവരവാണ് ക്ലോപ്പിന്‍റെയും സംഘത്തിന്‍റേയും ലക്ഷ്യം. പരിക്കും താരങ്ങളുടെ മോശം ഫോമുമാണ് പക്ഷേ പ്രശ്‌നം. ക്ലബ് വിട്ട സാദിയോ മാനെയുടെ വിടവ് നികത്താൻ ഇതുവരെ ആയിട്ടില്ല. എന്നാൽ ഇന്ന് ജയിച്ചാൽ എല്ലാത്തിനും മറുപടിയാകും.

മാഞ്ചസ്റ്റര്‍ സിറ്റിക്കാകട്ടെ എതിരാളികളോട് ഒരു മയവുമില്ല. 9 കളികളിൽ നിന്ന് അടിച്ചു കൂട്ടിയത് 33 ഗോളുകളാണ്. ഇതിൽ 15 എണ്ണം പുത്തന്‍ ഗോളടിയന്ത്രം എര്‍ലിംഗ് ഹാലണ്ടിന്‍റെ വകയായിരുന്നു. 6 ഗോളുമായി കൂട്ടിന് ഫിൽ ഫോഡനുമുണ്ട്. കെവിൻ ഡിബ്രുയൻ, ഗുണ്ടോഗൻ, സിൽവ തുടങ്ങി എല്ലാവരും ഫോമിലാണ്. അതിനാല്‍ ലിവര്‍പൂൾ പാടുപേടേണ്ടിവരും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എതിരാളികൾ ന്യൂകാസിൽ യുണൈറ്റഡാണ്. ക്ലബ് തലത്തിൽ 700 ഗോൾ നേടിയ ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ മടങ്ങിയെത്തുമോ എന്നത് ആകാംഷ സൃഷ്‌ടിക്കുന്നു. മറ്റൊരു മത്സരത്തില്‍ ചെൽസി, ആസ്റ്റണ്‍ വില്ലയെ നേരിടും. രണ്ട് മത്സരങ്ങളും വൈകീട്ട് ആറരയ്ക്കാണ് ആരംഭിക്കുക. 

ഫ്രാന്‍സില്‍ പിഎസ്‌ജിക്ക് മത്സരം

ഫ്രഞ്ച് ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ പിഎസ്‌ജി ഇന്നിറങ്ങും. മാഴ്സെയാണ് എതിരാളികൾ. രാത്രി പന്ത്രണ്ടേകാലിനാണ് മത്സരം. 26 പോയിന്‍റുമായി പിഎസ്‌ജി ഒന്നാമതും 23 പോയിന്‍റോടെ മാഴ്സെ നാലാം സ്ഥാനത്തുമാണ്. പരിക്ക് കാരണം കഴിഞ്ഞ മത്സരം നഷ്‌ടമായ സൂപ്പർതാരം ലിയോണൽ മെസി തിരിച്ചെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഐഎസ്എല്ലില്‍ ഇന്ന് എല്‍ ക്ലാസിക്കോ; ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്