ഐഎസ്എല്ലില്‍ ഇന്ന് എല്‍ ക്ലാസിക്കോ; ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ

Published : Oct 16, 2022, 08:06 AM IST
ഐഎസ്എല്ലില്‍ ഇന്ന് എല്‍ ക്ലാസിക്കോ; ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ

Synopsis

ഐഎസ്എല്‍ ചരിത്രത്തില്‍ എൽ-ക്ലാസിക്കോ എന്ന വിശേഷണമുള്ള മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബ​ഗാനും തമ്മിലുള്ളത്

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലേക്ക്. സീസണിലെ രണ്ടാം ഹോം മത്സരത്തിൽ കൊൽക്കത്തൻ കരുത്തരായ എടികെ മോഹൻ ബഗാനാണ് മഞ്ഞപ്പടയുടെ എതിരാളികൾ. കൊച്ചിയിൽ തിങ്ങിനിറഞ്ഞ ​ഗാലറിക്ക് മുന്നിൽ വൈകിട്ട് ഏഴരയ്ക്ക് മത്സരത്തിന് കിക്കോഫാകും. ബ്ലാസ്റ്റേഴ്‌സ്‌-എടികെ പോരാട്ടത്തിൻറെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. അതിനാൽ ഇന്നും മഞ്ഞപ്പട ​ഗാലറി നിറയ്ക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. 

ഐഎസ്എൽ ചരിത്രത്തിൽ എൽ-ക്ലാസിക്കോ എന്ന വിശേഷണമുള്ള മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബ​ഗാനും തമ്മിലുള്ളത്. ബ്ലാസ്റ്റേഴ്‌സിൻറെ കിരീടസ്വപ്‌നങ്ങൾ രണ്ടുതവണ തച്ചുടച്ച ടീമാണ് എടികെ മോഹൻ ബഗാൻ. 2014ലെ ആദ്യ സീസണിലും 2016ലെ മൂന്നാം സീസണിലുമാണ് മഞ്ഞപ്പടയുടെ കുതിപ്പിന് കലാശപ്പോരിൽ എടികെ തടയിട്ടത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ജയിച്ച് തുടങ്ങിയപ്പോൾ എടികെ ബഗാൻ ആദ്യ കളിയിൽ അടിതെറ്റിയാണ് കൊച്ചിയിൽ വന്നിറങ്ങിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിപ്പോൾ എടികെ ബഗാൻ ഒന്നിനെതിരെ രണ്ട് ഗോളിന് ചെന്നൈയിൻ എഫ്‌സിയോട് തോൽക്കുകയായിരുന്നു.  

മുൻ കണക്ക്

ലീ​ഗ് ചരിത്രത്തിൽ ഇരുടീമുകളും മുഖാമുഖം വരുന്ന ഇരുപതാമത്തെ മത്സരമാണിത്. മോഹൻ ബഗാനുമായി ലയിക്കും മുൻപ് എടികെയും ബ്ലാസ്റ്റേഴ്‌സും പതിനാല് കളിയിൽ ഏറ്റുമുട്ടിയപ്പോൾ അഞ്ച് കളിയിൽ എടികെയും നാല് കളിയിൽ ബ്ലാസ്റ്റേഴ്‌സും ജയിച്ചു. അഞ്ച് മത്സരം സമനിലയിൽ അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സ് പതിനാറും എടികെ പതിനഞ്ചും ഗോൾ നേടി. മോഹൻ ബഗാനുമായി ലയിച്ച ശേഷം ബ്ലാസ്റ്റേഴ്സുമായി നാല് കളിയിലാണ് കൊൽക്കത്തൻ ടീം ഏറ്റുമുട്ടിയത്. ഇക്കാലയളവിൽ എടികെ ബഗാന് വ്യക്തമായ ആധിപത്യമുണ്ട്. നാല് കളിയിൽ മൂന്നിലും എടികെ ബഗാൻ ജയിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത് ഒരു സമനില മാത്രം. 

കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ ബഗാൻ രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചിരുന്നു. എന്നാൽ രണ്ടാംപാദ പോരാട്ടം ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. അതിനാൽതന്നെ കണക്കുകൾ വീട്ടാനുറച്ചാണ് ഇവാൻ വുകോമനോവിച്ചും സംഘവും നാളെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇറങ്ങുക. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ആശാനെ മെസി ചതിച്ചു'; മാര്‍ച്ചിലും കേരളത്തിലേക്കില്ല, വരുമെന്ന് ഉറപ്പ് പറഞ്ഞ മന്ത്രിയും സൈലന്‍റ്
മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;