
വോൾവർഹാംപ്ടണ്‍: പ്രീമിയർ ലീഗ് ഫുട്ബോള്‍ ചെൽസിയുടെ ഗോൾവർഷം. ചെൽസി രണ്ടിനെതിരെ ആറ് ഗോളിന് വോൾവ്സിനെ തകർത്തു. രണ്ടാംപകുതിയില്‍ ഇരുപത്തിരണ്ടുകാരന്‍ നോനി മഡുവേക്കേയുടെ ഹാട്രിക് കരുത്തിലാണ് ചെൽസിയുടെ തകർപ്പൻ വിജയം. ലീഗില്‍ ചെല്‍സിയുടെ ആദ്യ ജയമാണിത്. ആന്‍ഫീല്‍ഡിനെ ചുവപ്പിച്ച് ലിവര്‍പൂളും ജയം സ്വന്തമാക്കി.
കിക്കോഫായി രണ്ടാം മിനിറ്റിൽ നിക്കോളാസ് ജാക്സനാണ് ചെൽസിയുടെ സ്കോറിംഗിന് തുടക്കമിട്ടത്. ഇരുപത്തിയേഴാം മിനിറ്റിൽ മേത്തേയൂസ് കൂഞ്ഞയിലൂടെ വോൾവ്സ് ഒപ്പമെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് കോൾ പാൽമറിലൂടെ (45) ചെൽസി മുന്നിൽ എത്തിയെങ്കിലും തൊട്ടുപിന്നാലെ ലാർസനിലൂടെ (45+6) വോൾവ്സ് സമനില നേടിയതോടെ മത്സരം 2-2ന് ഇടവേളയ്ക്ക് പിരിഞ്ഞു. ഇതിന് ശേഷം രണ്ടാം പകുതിയിലായിരുന്നു നോനി മഡുവേക്കേയുടെ ഹാട്രിക്. 49, 58, 63 മിനിറ്റുകളില്‍ മഡുവേക്കേ വലകുലുക്കി. മഡുവേക്കേയുടെ മൂന്ന് ഗോളിനും അസിസ്റ്റ് നൽകിയത് കോൾ പാൽമറായിരുന്നു. 80-ാം മിനുറ്റില്‍ ജാവോ ഫെലിക്‌സ് ചെല്‍സിയുടെ പട്ടിക തികച്ചു.
ആൻഫീൽഡില്‍ ലിവര്‍പൂള്‍
അതേസമയം പ്രീമിയർ ലീഗിൽ ലിവർപൂള്‍ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രെന്‍റ്‌ഫോർഡിനെ തോൽപിച്ചു.
കോച്ച് ആർനെ സ്ലോട്ടിന്‍റെ ആൻഫീൽഡിലെ പ്രീമിയർ ലീഗ് അരങ്ങേറ്റം ജയത്തോടെ ലിവർപൂൾ ആഘോഷിച്ചു. ചെങ്കുപ്പായത്തിൽ നൂറാം മത്സരത്തിനിറങ്ങിയ ലൂയിസ് ഡിയാസാണ് സ്കോറിംഗിന് തുടക്കമിട്ടത്. പതിമൂന്നാം മിനിറ്റിലായിരുന്നു കൊളംബിയൻ താരത്തിന്‍റെ ഗോൾ. ഡീഗോ ജോട്ടയാണ് ഗോളിന് വഴിതുറന്നത്. എഴുപതാം മിനിറ്റിൽ ലിവർപൂളിന്‍റെ ജയം ഉറപ്പിച്ച് മുഹമ്മദ് സലാ ലക്ഷ്യം കണ്ടു. സലായുടെ തുടർച്ചയായ രണ്ടാംമത്സരത്തിലെ ഗോളിന് വഴിയൊരുക്കിയത് ലൂയിസ് ഡിയാസാണ്. ഗോളി മാർക് ഫ്ലെക്കെന്‍റെ മികച്ച സേവുകളാണ് ബ്രെന്‍റ്‌ഫോർഡിനെ വൻ തോൽവിയിൽ നിന്ന് രക്ഷിച്ചത് എന്നുപറയാം.
Read more: ഗോള്‍മണമില്ലാതെ എംബാപ്പെ, മിന്നലടിയുമായി എന്‍ഡ്രിക്കിന് റെക്കോര്‍ഡ്; റയലിന് സീസണിലെ ആദ്യ ജയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!