Asianet News MalayalamAsianet News Malayalam

ഗോള്‍മണമില്ലാതെ എംബാപ്പെ, മിന്നലടിയുമായി എന്‍ഡ്രിക്കിന് റെക്കോര്‍ഡ്; റയലിന് സീസണിലെ ആദ്യ ജയം

ലാ ലിഗയുടെ ചരിത്രത്തില്‍ റയലിനായി ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ വിദേശ താരം എന്ന ചരിത്രനേട്ടം എന്‍ഡ്രിക്കിന്

La liga 2024 25 Real Madrid beat Valladolid by 3 0 as wonderkid Endrick made history
Author
First Published Aug 26, 2024, 7:47 AM IST | Last Updated Aug 26, 2024, 7:51 AM IST

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് സീസണിലെ ആദ്യ ജയം. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ റയൽ എതിരില്ലാത്ത മൂന്ന് ഗോളിന് റയൽ വയ്യാഡോളിഡിനെ തോൽപിച്ചു. രണ്ടാം പകുതിയിലായിരുന്നു റയലിന്‍റെ മൂന്ന് ഗോളും. ഗോളുമായി ബ്രസീലിയന്‍ കൗമാര താരം എന്‍ഡ്രിക് വരവറിയിച്ചു. സൂപ്പര്‍സബ്ബായി എത്തിയായിരുന്നു എന്‍ഡ്രിക്കിന്‍റെ പ്രഹരം. 

കിലിയൻ എംബാപ്പെയെ ഡിഫന്‍ഡര്‍മാര്‍ പൂട്ടിയപ്പോള്‍ സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ ആദ്യപകുതി ഗോള്‍രഹിതവും ഏറെ സമയം വിരസവുമായിരുന്നു. എംബാപ്പെ റയലിന്‍റെ ഹോം ഗ്രൗണ്ടിൽ അരങ്ങേറിയ മത്സരത്തിൽ സ്കോറിംഗിന് തുടക്കമിട്ടത് ഫെഡറികോ വാൽവെർദേയാണ്. റോഡ്രിഗോയുടെ പാസിൽ നിന്ന് അൻപതാം മിനിറ്റിലായിരുന്നു വാൽവെർദേയുടെ മിന്നല്‍ ഗോൾ. എൺപത്തിയെട്ടാം മിനിറ്റിൽ എഡർ മിലിറ്റാവോയുടെ അസിസ്റ്റിൽ ബ്രാഹിം ഡിയാസ് രണ്ടാം ഗോൾ നേടി. ഇഞ്ചുറിടൈമിൽ അരങ്ങേറ്റക്കാരൻ എൻഡ്രിക്ക് സുന്ദരന്‍ ഫിനിഷിംഗിലൂടെ റയലിന്‍റെ ഗോൾപട്ടിക തികച്ചു. ലാ ലിഗയുടെ ചരിത്രത്തില്‍ റയലിനായി ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ വിദേശ താരം എന്ന ചരിത്രനേട്ടം ഇതോടെ എന്‍ഡ്രിക് പേരിലാക്കി. 18 വയസും 35 ദിവസവും പ്രായമുള്ളപ്പോഴാണ് എന്‍ഡ്രിക്കിന്‍റെ നേട്ടം. 

അതേസമയം ബുണ്ടസ് ലീഗയിൽ കരുത്തരായ ബയേൺ മ്യൂണിക്ക് ജയത്തുടക്കം നേടി. പുതിയ കോച്ച് വിൻസന്‍റ് കോംപനിക്കൊപ്പം ആദ്യ മത്സരത്തിന് ഇറങ്ങിയ ബയേൺ രണ്ടിനെതിരെ മൂന്ന് ഗോളിന് വോൾവ്സ്‌ബർഗിനെ തോൽപിച്ചു. കളി തീരാൻ എട്ട് മിനിറ്റുള്ളപ്പോൾ സെർജി ഗ്‍നാബ്രി നേടിയ ഗോളാണ് ബയേണിനെ രക്ഷിച്ചത്. 

പത്തൊൻപതാം മിനിറ്റിൽ ജമാൽ മുസ്യാലയാണ് ബയേണിന്‍റെ ആദ്യ ഗോൾ നേടിയത്. ലോവ്രോ മേജറുടെ പെനാല്‍റ്റിയിലൂടെ വോൾവ്സ്ബർഗ് 47-ാം മിനുറ്റില്‍ ഒപ്പമെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 55-ാം മിനുറ്റില്‍ മേജറിന്‍റെ രണ്ടാം ഗോളിലൂടെ വോൾവ്സ്ബർഗ് മുന്നിലെത്തി. 65-ാം മിനുറ്റില്‍ ബയേണിന് സമനില പിടിക്കാന്‍ യാക്കൂബ് കാമിൻസ്കിയുടെ സെൽഫ് ഗോള്‍ വേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ഗ്‍നാബ്രിയുടെ വിജയഗോൾ 82-ാം മിനുറ്റില്‍ പിറന്നത്. പുറത്താക്കപ്പെട്ട തോമസ് ടുഷേലിന് പകരമാണ് വിൻസന്‍റ് കോംപനി ബയേണിന്‍റെ കോച്ചായി ചുമതലയേറ്റത്.

Read more: കാത്തിരിപ്പ് നീളുന്നു, ലിയോണല്‍ മെസിയുടെ തിരിച്ചുവരവ് എപ്പോൾ; വ്യക്തമാക്കി ഇന്‍റര്‍ മയാമി പരിശീലകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios