
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ (EPL) രണ്ടും മൂന്നും സ്ഥാനത്ത് ഇഞ്ചോടിഞ്ച് പൊരുതുന്ന ലിവര്‍പൂളും (Liverpool) ചെല്‍സിയും (Chelsea) ഇന്നിറങ്ങും. ലിവര്‍പൂളിന് വൈകിട്ട് 7.30ന് ക്രിസ്റ്റല്‍ പാലസിനെ നേരിടും. ചെല്‍സി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടോട്ടന്‍ഹാമിനെ നേരിടും. ആഴ്‌സണലിന് ബേണ്‍ലിയും ലെസ്റ്റര്‍ സിറ്റിക്ക് ബ്രൈറ്റണുമാണ് എതിരാളികള്‍.
2017ന് ശേഷം ഏറ്റുമുട്ടിയ ഒന്‍പത് കളിയിലും ക്രിസ്റ്റല്‍പാലസിന് ലിവര്‍പൂളിനെ കീഴടക്കാനായിട്ടില്ല. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ കളിക്കുന്ന മുഹമ്മദ് സലായും സാദിയോ മാനേയും നബി കെയ്റ്റയും ഇല്ലാതെയാവും ലിവര്‍പൂള്‍ ഇറങ്ങുക. ഡീഗോ ജോട്ട, റോബര്‍ട്ടോ ഫിര്‍മിനോ, തകൂമി മിനാമിനോ ത്രയത്തിലാണ് ക്ലോപ്പിന്റെ പ്രതീക്ഷ.
രാത്രി പത്തിന് ടോട്ടനത്തിനെതിരെ ഇറങ്ങുമ്പോള്‍ വിജയഴിയില്‍ എത്തുകയാണ് ചെല്‍സിയുടെ ലക്ഷ്യം. പ്രീമിയര്‍ ലീഗിലെ അവസാന നാല് കളിയിലും ചെല്‍സിക്ക് ജയിക്കാനായിട്ടില്ല. ടോട്ടനം അവസാന അഞ്ച് കളിയില്‍ തോല്‍വിയറിഞ്ഞിട്ടില്ല, മൂന്നിലും ജയിക്കുകയും ചെയ്തു. ആഴ്‌സണല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വൈകിട്ട് ഏഴരയ്ക്കാണ് ബേണ്‍ലിയെ നേരിടുക. ലെസ്റ്റര്‍ സിറ്റി- ബ്രൈറ്റണ്‍ പോരാട്ടവും വൈകിട്ട് ഏഴരയ്ക്കാണ്.
റയലും ബാഴ്‌സയും ഇന്നിറങ്ങും
ലാ ലീഗയില്‍ റയല്‍ മാഡ്രിഡും ബാഴ്‌സോലണയും ഇന്നിറങ്ങും. റയല്‍ രാത്രി എട്ടേമുക്കാലിന് തുടങ്ങുന്ന കളിയില്‍ എല്‍ചെയെ നേരിടും. റയലിന്റെ മൈതാനത്താണ് മത്സരം. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയില്‍ ബാഴ്‌സലോണയ്ക്ക് അലാവസാണ് എതിരാളികള്‍. 21 കളിയില്‍ 49 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് റയല്‍. സ്പാനിഷ് സൂപ്പര്‍ കപ്പ് നേടിയ ആത്മവിശ്വാസവുമായാണ് റയല്‍ ഇറങ്ങുക. 20 കളിയില്‍ 32 പോയിന്റുള്ള ബാഴ്‌സോലണ ഏഴാം സ്ഥാനത്താണ്.
മെസി ഇന്ന് കളത്തില്‍
ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പി എസ് ജി ഇന്ന് റെയിംസിനെ നേരിടും. പി എസ് ജിയുടെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി പതിനൊന്നേ കാലിനാണ് കളി തുടങ്ങുക. കൊവിഡ് മുക്തനായ ലിയണല്‍ മെസി പിഎസ്ജി നിരയില്‍ തിരിച്ചെത്തും. ഈ വര്‍ഷം മെസിയുടെ ആദ്യ മത്സരമായിരിക്കും ഇത്. പരിക്കില്‍ നിന്ന് മുക്തനായ കിലിയന്‍ എംബാപ്പേയും പി എസ് ജി ടീമിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!