പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ ഗോള്‍മഴയില്‍ മുക്കി സിറ്റി

By Web TeamFirst Published Aug 28, 2021, 9:28 PM IST
Highlights

35-ാം മിനിറ്റില്‍ ഗ്രാനിറ്റ് സാക്ക ചുവപ്പുകാര്‍ഡ് പുറത്തായതിന് പിന്നാലെ ജാക്ക് ഗ്രീലിഷിന്റെ പാസില്‍ നിന്ന് ഗബ്രിയേല്‍ ജീസൂസ് സിറ്റി ലീഡ് മൂന്നാക്കി ഉയര്‍ത്തി.

മാഞ്ചസ്റ്റര്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ ഗോള്‍മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു സിറ്റിയുടെ ജയം. 1954-55നുശേഷം ആദ്യമായാണ് ആഴ്‌സണല്‍ സീസണിലെ ആദ്യ മൂന്ന് കളികളും തോല്‍ക്കുന്നത്.

കളി തുടങ്ങി ആദ്യ 12 മിനിറ്റിനുള്ളില്‍ തന്നെ ഗുണ്ടോഗനും ഫെറാന്‍ ടോറസും സിറ്റിയെ രണ്ടടി മുന്നിലെത്തിച്ചു. 35-ാം മിനിറ്റില്‍ ഗ്രാനിറ്റ് സാക്ക ചുവപ്പുകാര്‍ഡ് പുറത്തായതിന് പിന്നാലെ ജാക്ക് ഗ്രീലിഷിന്റെ പാസില്‍ നിന്ന് ഗബ്രിയേല്‍ ജീസൂസ് സിറ്റി ലീഡ് മൂന്നാക്കി ഉയര്‍ത്തി.

രണ്ടാം പകുതിയില്‍ റോഡ്രിയും കളി തീരാന്‍ ആറ് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ടോറസും സിറ്റിയുടെ ഗോള്‍പട്ടിക്ക പൂര്‍ത്തിയാക്കി. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ സിറ്റി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് 5-0ന് ജയിക്കുന്നത്.

സ്‌കോര്‍ ലൈന്‍ സൂചിപ്പിക്കുന്നതുപോലെ കളിയുലടനീളം സിറ്റിയുടെ സമഗ്രാധിപത്യമായിരുന്നു. സിറ്റി ക്ഷ്യത്തിലേക്ക് പത്ത് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ആഴ്‌സണലിന് ഒറ്റ ഷോട്ട് പോലും പായിക്കാനായില്ല.757 പാസുകളുമായി സിറ്റി കളം നിറഞ്ഞ മത്സരത്തില്‍ ആഴ്‌സണലിന് പൂര്‍ത്തിയാക്കാനായത് 179 പാസുകള്‍ മാത്രമായിരുന്നു. സിറ്റി 14 കോര്‍ണറുകള്‍ സ്വന്തമാക്കിയ മത്സരത്തില്‍ ആഴ്‌സണലിന് ഒറ്റ കോര്‍ണര്‍ പോലും നേടിയെടുക്കാനായില്ല.

സിറ്റി മ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും മൂന്ന് കളികളില്‍ ഏഴ് പോയന്റുമായി വെസ്റ്റ് ഹാമാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എവര്‍ട്ടണ്‍ രണ്ടാമതും ആറ് പോയന്റുള്ള സിറ്റി മൂന്നാമതുമാണ്. സീസണിലെ ആദ്യ മത്സരത്തില്‍ സിറ്റി തോറ്റിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight.

click me!