യൂറോ: പ്രീ ക്വാർട്ടർ ഉറപ്പിച്ച് ​ഇംഗ്ലണ്ടും ചെക്കും, ജീവൻമരണപ്പോരിന് ക്രൊയേഷ്യ

By Web TeamFirst Published Jun 22, 2021, 11:37 AM IST
Highlights

ഇതുവരെ നേരിട്ട് ഏറ്റുമുട്ടിയ അഞ്ച് കളിയിലും സ്കോട്ലന്ഡിനെ തോൽപ്പിക്കാനിയിട്ടില്ലെന്ന യാഥാർത്ഥ്യം ക്രൊയേഷ്യക്ക് മുന്നിലുണ്ട്. അതാവർത്തിച്ചാൽ മോഡ്രിച്ചും പെരിസിച്ചും ഈ യൂറോയുടെ നഷ്ടമാകും.

ലണ്ടൻ: യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ലണ്ടും ചെക് റിപ്പബ്ലികും ഇന്നിറങ്ങും.സമനില നേടിയാല് ഇരു ടീമുകള്ക്കും നോക്കൌട്ടിലെത്താം. അതേ സമയം ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യക്ക് പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ സ്കോട്ലൻഡിനെ തോൽപ്പിച്ചേ തീരൂ.

ക്രൊയേഷ്യയെ തോൽപ്പിച്ച് തുടങ്ങിയ ഇംഗ്ലണ്ട് പക്ഷെ ഫുട്ബോളിലെ ബദ്ധവൈരികളായ സ്കോട്ലൻഡിനോട് നിറം മങ്ങി. ​സ്കോട്ലൻഡിനെതിരെ ഗോൾരഹിത സമനിലയിൽ കുരുങ്ങിയ ഇം​ഗ്ലണ്ടിന് രണ്ട് കളിയിൽ നിന്നുളളത് നാല് പോയിന്റ്. ചെക് റിപ്പബ്ലിക്കിനോട് സമനില പിടിച്ചാൽ ഗാരത് സൌത്ഗേറ്റിന് ആശ്വസിക്കാം. നോക്കൌട്ടിൽ ഇംഗ്ലണ്ട് സാന്നിധ്യം ഉറപ്പാകും.

സ്കോട്ലൻഡിനെ തോൽപ്പിച്ച്, ക്രൊയേഷ്യയെ സമനിലയിൽ പൂട്ടിയെത്തുന്ന ചെക് റിപ്പബ്ലികിനും നാല് പോയിന്റ്. സമനില അവർക്കും പ്രീ ക്വാർട്ടറിലേക്ക് വഴി തുറക്കും. അതും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. ഗോളവസരങ്ങളുണ്ടാക്കുന്നതിൽ പിന്നോട്ടുപോയ മധ്യനിരയും മൂർച്ച കുറഞ്ഞ മുന്നേറ്റവുമാണ് സ്കോട്ലൻഡിനെതിരായ പോര് കഴിഞ്ഞപ്പോൾ സൌത്ഗേറ്റിന്റെ ആശങ്ക. എന്നാൽ തകർപ്പൻ ഫോമിലുളള ചെക് റിപ്പബ്ലിക്കിനെതിരെ വലിയ പരീക്ഷണങ്ങൾക്ക് കോച്ച് തയ്യാറാകാനിടയില്ല.

പരിക്ക് മാറിയ ഡിഫൻഡർ ഹാരി മഗ്വെയറിന് ഇംഗ്ലണ്ട് ടീമിലെത്തും. മൂന്ന് ഗോളുമായി കുതിക്കുന്ന പീറ്റർ ഷീക്കിന്റെ കാലുകളിലാണ് ചെക്കിന്റെ പ്രതീക്ഷ. ഇരു ടീമുകളും ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ ഇംഗ്ലണ്ട് തോറ്റിരുന്നു. എന്നാൽ വെംബ്ലിയിലെ അവസാന മത്സരത്തിൽ ചെക് വലയിൽ ഇംഗ്ലണ്ട് നിറച്ചത് അഞ്ച് ഗോളുകളായിരുന്നു.

ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന പകിട്ടിൽ വന്ന ക്രൊയേഷ്യക്ക് വിചാരിച്ചതു പോലെയൊന്നും യൂറോ കപ്പിൽ നടക്കുന്നില്ല. രണ്ട് കളിയിൽ നിന്ന് ഒരു പോയിന്റ് മാത്രം. സ്കോട്ലൻഡിനോട് തോറ്റാൽ പെട്ടിയെടുത്ത് മടങ്ങാം. വലിയ മാർജിനിൽ ജയിച്ചാൽ മികച്ച മൂന്നാംസ്ഥാനക്കാർക്ക് ബാക്കിയാവുന്ന നോക്കൌട്ട് ടിക്കറ്റും കാത്തിരിക്കാം.

ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ച സ്കോട്ലൻഡിനും ക്രൊയേഷ്യക്കെതിരെ ജയിച്ചാൽ പ്രീ ക്വാർട്ടർ സാധ്യതയുണ്ട്. ഇതുവരെ നേരിട്ട് ഏറ്റുമുട്ടിയ അഞ്ച് കളിയിലും സ്കോട്ലന്ഡിനെ തോൽപ്പിക്കാനിയിട്ടില്ലെന്ന യാഥാർത്ഥ്യം ക്രൊയേഷ്യക്ക് മുന്നിലുണ്ട്. അതാവർത്തിച്ചാൽ മോഡ്രിച്ചും പെരിസിച്ചും ഈ യൂറോയുടെ നഷ്ടമാകും.

click me!