എതിരാളികളെങ്കിലും സമാനതകളേറെ! യൂറോയില്‍ കൗതുകമുണര്‍ത്തി ഷ്‌മൈക്കേല്‍-പിക്ഫോർഡ് പോരാട്ടം

By Web TeamFirst Published Jul 7, 2021, 11:05 AM IST
Highlights

ആദ്യ കിരീടം സ്വപ്നം കാണുന്ന ഇംഗ്ലണ്ടിന്‍റെയും സ്വപ്നതുല്യമായ കുതിപ്പ് തുടരുന്ന ഡെൻമാർക്കിന്‍റേയും കരുത്ത് ഈ ഗോൾകീപ്പർമാരാണ്

വെംബ്ലി: യൂറോയിലെ ഇംഗ്ലണ്ട്-ഡെൻമാർക്ക് സെമി പോരാട്ടം രണ്ട് ടീമിന്റെയും ഗോൾകീപ്പർമാരുടെ കളി ജീവിതത്തിലെ സമാനതകൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്. ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പ‍ര്‍ കാസ്‌പ‍ര്‍ ഷ്‌മൈക്കേലും ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോർഡും കരിയറില്‍ ഒരേ ക്ലബിലാണ് കളി തുടങ്ങിയത്. 

ആദ്യ കിരീടം സ്വപ്നം കാണുന്ന ഇംഗ്ലണ്ടിന്‍റെയും സ്വപ്നതുല്യമായ കുതിപ്പ് തുടരുന്ന ഡെൻമാർക്കിന്‍റേയും കരുത്ത് ഈ ഗോൾകീപ്പർമാരാണ്. ഇംഗ്ലണ്ടാണ് ഇരുവരുടെയും കളിത്തൊട്ടിൽ. അക്കാദമി കാലത്തിന് ശേഷം ഇരുവരും ഡാർലിങ്ടണിൽ എത്തി. 2006ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇതിഹാസ താരം പീറ്റർ ഷ്മൈക്കേലിന്‍റെ മകൻ കൂടിയായ കാസ്പർ ഡാർലിങ്ടണിലെത്തുന്നത്. മാഞ്ചസ്റ്റർ സിറ്റി അക്കാദമിയിൽ നിന്ന് ലോണിലായിരുന്നു ടീമിലേക്കുള്ള വരവ്.

ജോർദാൻ പിക്ഫോർഡ് ഡാർലിങ്ടണിൽ കളിച്ചത് 2012ൽ. സണ്ടർലാൻഡിൽ നിന്ന് ലോണിൽ തന്നെ ടീമിലേക്ക് എത്തി. ഇരുവരുടെയും ഫുട്ബോൾ കരിയറിലും സമാനതകൾ കാണാം. മാഞ്ചസ്റ്റർ സിറ്റിയിൽ കളി പഠിച്ചെങ്കിലും ഏഴ് ടീമുകളിൽ പരീക്ഷിച്ചാണ് കാസ്പർ ഇപ്പോഴത്തെ ക്ലബ് ലെസ്റ്റർ സിറ്റിയിലെത്തുന്നത്. 

ജോർദാൻ പിക്ഫോർഡ് സണ്ടർലാൻഡ് താരമായിരുന്നെങ്കിലും ഡാർലിങ്ടൺ അടക്കം ആറ് ടീമുകളിൽ ലോണിൽ കളിച്ചാണ് ഇന്നത്തെ ക്ലബ് എവർട്ടനിൽ എത്തിയത്. പിക്ഫോര്‍ഡ് പിന്നീട് താരത്തിളക്കം ഏറെയുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരെ പിന്നിലാക്കി രാജ്യത്തിന്റെ വലകാക്കാൻ എത്തി. യൂറോയിൽ ഇതുവരെ പിക്ഫോർഡ് ഗോൾ വഴങ്ങിയിട്ടില്ല. അതേസമയം ഡെൻമാർക്കിന്‍റെ മുന്നേറ്റത്തിന് കാസ്പറിന്‍റെ മിന്നും സേവുകൾ കരുത്തായി.

ക്ലബ് കരിയറില്‍ ഡാർലിങ്ടണിന്റെ വലകാത്ത താരങ്ങൾ യൂറോ കപ്പ് സെമിയിൽ നേർക്കുനേർ വരുമ്പോൾ മുമ്പ് പഠിച്ച പാഠം മൈതാനത്ത് ആർക്ക് ഗുണമാകുമെന്ന് കണ്ടറിയാം.

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

രക്ഷകനും വില്ലനും മൊറാട്ട; സ്‌പെയ്‌നിനെ മറികടന്ന് അസൂറികള്‍ യൂറോ ഫൈനലില്‍

യൂറോ കപ്പ്: ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം; ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും നേര്‍ക്കുനേര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona

click me!