ആരാവും വന്‍കരയുടെ വന്‍പട? ചരിത്രം കുറിക്കാന്‍ ഇംഗ്ലണ്ട്, ആവര്‍ത്തിക്കാന്‍ ഇറ്റലി; യൂറോ ഫൈനല്‍ നാളെ രാത്രി

By Web TeamFirst Published Jul 10, 2021, 1:07 PM IST
Highlights

വെംബ്ലിയിൽ അരങ്ങുണരുന്നത് യൂറോയിലെ കരുത്തരുടെ പോരിന്. ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ആവേശക്കാത്തിരിപ്പോടെ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. 

വെംബ്ലി: ഫുട്ബോള്‍ ആരാധകരില്‍ ആവേശപ്പൂരം നിറച്ച യൂറോ കപ്പിലെ ചാമ്പ്യന്‍മാരെ നാളെ അറിയാം. വെംബ്ലിയിൽ നാളെ രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ചരിത്രം തിരുത്തി ആദ്യ കിരീടമുയര്‍ത്താനാണ് ആതിഥേയരായ ഇംഗ്ലണ്ട് മൈതാനത്തെത്തുക. അതേസമയം അരനൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് അറുതിവരുത്തുകയാണ് അസൂറിപ്പടയുടെ ലക്ഷ്യം. 

എല്ലാ കളിയും ജയിച്ചുവരുന്ന ഇറ്റലി 1968ന് ശേഷമൊരു കിരീടമാണ് ലക്ഷ്യമിടുന്നത്. കലാശപ്പോരിൽ 2000ലും 2012ലും കാലിടറിവീണ ദുഷ്‌പേര് അസൂറിപ്പടയ്‌ക്ക് കഴുകിക്കളഞ്ഞേ മതിയാകൂ. എന്നാല്‍ മേജർ ടൂർണമെന്‍റ് ഫൈനലിലെത്താൻ 55 കൊല്ലം കാത്തിരിക്കേണ്ടിവന്ന ഇംഗ്ലണ്ടിന് സ്വന്തം കാണികൾക്ക് മുന്നിൽ തോൽവി ചിന്തിക്കാനാകില്ലെന്നതാണ് വസ്‌തുത. ലോകകപ്പിലും യുവേഫ നാഷൻസ് ലീഗിലുമെല്ലാം അവസാന ഘട്ടത്തിൽ കാലിടറിയ വേദന മാറാൻ ഈയൊരു യൂറോയിലെ കിരീടം ഇംഗ്ലണ്ടിന് കൂടിയേ തീരൂ. 

യൂറോയിൽ ഗോൾ വഴങ്ങുന്നതിൽ പിശുക്ക് കാണിക്കുന്ന ഇംഗ്ലണ്ടിന്‍റെ വല കുലുങ്ങിയത് ഒരേയൊരു തവണയാണ്. മറുവശത്ത് എല്ലാ കളിയിലും ഗോളടിച്ചാണ് നീലപ്പട വെംബ്ലി കീഴടക്കാന്‍ വരുന്നത്. പ്രതിഭാധാരാളിത്തം ഇരു ടീമിനും ബെഞ്ചിൽ വരെയുണ്ട്. ആരെ ഇറക്കുമെന്നത് മാത്രമാണ് റോബർട്ടോ മാന്‍ചീനിക്കും ഗാരത് സൗത്‌ഗേറ്റിനും അവസാന നിമിഷവും ആശങ്ക. എല്ലാ കളിയിലും താരങ്ങളെ മാറി മാറി പരീക്ഷിക്കുന്ന പതിവ് ഇരുവരും ഫൈനലിലും തുടർന്നേക്കും.

കോപ്പയിലെ ചൂടുചായ ആര്‍ക്ക്? 

അതേസമയം ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന കോപ്പ അമേരിക്ക ഫൈനല്‍ നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30ന് നടക്കും. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിലാണ് കലാശപ്പോര്. ലിയോണല്‍ മെസിയും-നെയ്‌മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണിതെന്നതും മത്സരത്തെ ആവേശമാക്കുന്നു. ബ്രസീലാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. കിരീടം നിലനിർത്താൻ നെയ്‌മറുടെ ബ്രസീൽ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കപ്പാണ് മെസിയുടെ അർജൻറീന ലക്ഷ്യമിടുന്നത്.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

മെസിയോ നെയ്‌മറോ, അർജൻറീനയോ ബ്രസീലോ? മാരക്കാന യുദ്ധക്കളമാകും; കോപ്പ ചാമ്പ്യന്‍മാരെ നാളെ പുലര്‍ച്ചെ അറിയാം

കോപ്പ ഫൈനല്‍: അഞ്ച് സ്ഥാനത്തേക്ക് 10 താരങ്ങളുടെ മത്സരം, തല പുകച്ച് അർജൻറൈൻ പരിശീലകന്‍

തോല്‍വിയറിയാതെ ഫൈനല്‍ വരെ; കോപ്പയില്‍ അര്‍ജന്‍റീന, ബ്രസീല്‍ കുതിപ്പിങ്ങനെ, ഇനിയാര് കരയും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!