
പാരീസ്: യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ നെതർലൻഡ്‌സിനെ തകര്‍ത്ത് ഫ്രാന്‍സിന്‍റെ രാജകീയ തുടക്കം. കഴിഞ്ഞ ഫിഫ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഫ്രാന്‍സ് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ജയിച്ചത്. നായകന്‍റെ ആംബാന്‍ഡ് ആദ്യമായി അണിഞ്ഞ യുവതാരം കിലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ആന്‍റോയിന്‍ ഗ്രീസ്‌മാന്‍ ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടി. എട്ടാം മിനിറ്റില്‍ ഉപമെക്കാനോ ലീഡുയർത്തി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായാണ് കിലിയന്‍ എംബാപ്പെ ഇരട്ട ഗോൾ നേടിയത്. 21, 88 മിനുറ്റുകളിലായിരുന്നു എംബാപ്പെ വല ചലിപ്പിച്ചത്.
ലുക്കാക്കുവിന് ഹാട്രിക്
മറ്റൊരു മത്സരത്തില്‍ റൊമേലു ലുക്കാക്കുവിന്‍റെ ഹാട്രിക്ക് കരുത്തിൽ സ്വീഡനെ 3-0ന് ബെല്‍ജിയം തകര്‍ത്തു. 35, 49, 82 മിനുറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകൾ. മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇബ്രാഹിമോവിച്ച് ഇടവേളയ്ക്ക് ശേഷം സ്വീഡനുവേണ്ടി കളത്തിലിറങ്ങിയതും ശ്രദ്ധേയമാണ്. മറ്റൊരു മത്സരത്തിൽ പോളണ്ടിനെ ചെക്ക് റിപ്പബ്ലിക് അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജയം. ഇന്ന് സ്പെയിൻ, നോർവയെയും വെയിൽസ്, ക്രൊയേഷ്യയെയും നേരിടും. സ്വിറ്റ്സർലൻഡിന് ബെലറൂസാണ് എതിരാളികൾ.
ഇന്നലെ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ലീച്ചെൻസ്റ്റൈനെതിരെ പോർച്ചുഗൽ 4-0ന് വിജയം ആഘോഷിച്ചിരുന്നു. ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു മൈതാനത്തെ ശ്രദ്ധാകേന്ദ്രം. പെനാൽറ്റിയിലൂടെയും തന്‍റെ പ്രതാപകാലം ഓർമ്മിപ്പിച്ചുള്ള ബുള്ളറ്റ് ഫ്രീകിക്കിലൂടെയുമാണ് റോണോ ലക്ഷ്യം കണ്ടത്. ഇതോടെ ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ നേട്ടം 120 ആയി. ജോ കാൻസലോ, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗലിന്‍റെ മറ്റ് സ്കോറർമാർ. മത്സരത്തോടെ പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടത്തിലെത്തി സൂപ്പര്‍താരം. പോര്‍ച്ചുഗീസ് കുപ്പായത്തില്‍ റൊണാള്‍ഡോയുടെ 197-ാം മത്സരമായിരുന്നു ഇത്.
ഫ്രീകിക്ക് മായാജാലം, ഇരട്ട ഗോൾ; റെക്കോർഡുകളുടെ അമരത്ത് റോണോ! പോർച്ചുഗീസ് പടയോട്ടം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!