മാസിഡോണിയൻ ഇതിഹാസം ഗോരാൻ പാൻഡേവ് ബൂട്ടഴിച്ചു; ഗാർഡ് ഓഫ് ഓണർ നൽകി താരങ്ങൾ

Published : Jun 22, 2021, 02:46 PM ISTUpdated : Jun 22, 2021, 02:48 PM IST
മാസിഡോണിയൻ ഇതിഹാസം ഗോരാൻ പാൻഡേവ് ബൂട്ടഴിച്ചു; ഗാർഡ് ഓഫ് ഓണർ നൽകി താരങ്ങൾ

Synopsis

നോർത്ത് മാസിഡോണിയയുടെ എക്കാലത്തെയും മികച്ച ​ഗോൾ വേട്ടക്കാരനായ പാൻഡേവ് 122 കളിയിൽ 38 ഗോളുമായാണ് രാജ്യാന്തര കരിയറിന് തിരശ്ശീലയിട്ടത്.

ആംസ്റ്റർഡാം: നോർത്ത് മാസിഡോണിയൻ നായകനും അവരുടെ ഇതിഹാസ താരവുമായ ഗോരാൻ പാൻഡേവ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. യൂറോകപ്പിൽ നെതർലൻഡ്സിനെതിരെയുള്ള മത്സരത്തോടെയാണ് പാൻഡേവ് ഇരുപത് വർഷം നീണ്ട കരിയറിന് അവസാനമിട്ടത്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ 67-ാം മിനിറ്റിൽ കളിക്കളത്തിൽ പിൻവലിക്കപ്പെട്ട നായകന് സഹതാരങ്ങളും ഡച്ച് താരങ്ങളും ​ഗാർഡ് ഓഫ് ഓണർ നൽകിയാണ് ആദരമർപ്പിച്ചത്.

നോർത്ത് മാസിഡോണിയയുടെ എക്കാലത്തെയും മികച്ച ​ഗോൾ വേട്ടക്കാരനായ പാൻഡേവ് 122 കളിയിൽ 38 ഗോളുമായാണ് രാജ്യാന്തര കരിയറിന് തിരശ്ശീലയിട്ടത്. 30 വർഷം മുമ്പ് യൂ​ഗോസ്ലോവിയയിൽ നിന്ന് സ്വതന്ത്രമായി 2019വരെ മാസിഡോണിയ എന്നറിയപ്പെട്ടിരുന്ന നോർത്ത് മാസിഡോണിയ ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന് യോ​ഗ്യത നേടുന്നത്.

യൂറോ കപ്പിൽ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ടീമിനായി ആദ്യ ഗോൾ നേടിയതും പാൻഡേവായിരുന്നു. അട്ടിമറി പ്രതീക്ഷ ഉയർത്തിയ മാസിഡോണിയ അവസാന 12 മിനിറ്റിൽ വഴങ്ങിയ രണ്ട് ​ഗോളിനാണ് ഓസ്ട്രിയക്കെതിരെ തോറ്റത്. 2015ൽ വിരമിച്ച പാൻഡേവിനെ കോച്ച് ഇഗോർ നിർബന്ധിച്ച് തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചാണ് ദേശീയ ടീമിൽ തിരിച്ചെത്തിച്ചത്.

2010ൽ ജോസ് മൗറീഞ്ഞോക്കൊപ്പം ഇന്റർമിലാനുവേണ്ടി ചാമ്പ്യൻസ് ലീ​ഗ് കിരീടം നേടിയതാണ് ക്ലബ്ബ് കരിയറിൽ 37കാരനായ പാൻഡേവിന്റെ ഏറ്റവും മികച്ച നേട്ടം. മാർച്ചിൽ നടന്ന ലോകകപ്പ് യോ​ഗ്യതാ പോരാട്ടത്തിൽ മാസിഡ‍ോണിയ ജർമനിയെ 2-1ന്  വീഴ്ത്തി ചരിത്രം കുറിച്ചപ്പോൾ അതിലൊരു ​ഗോൾ പാൻഡേവിന്റെ ബൂട്ടിൽ നിന്നായിരുന്നു.

ജൻമനാടായ സ്ട്രുമിക്കയിൽ തുടങ്ങിയ പാൻഡേവ് അക്കാദമിയുടെ ടീം 2017ൽ മാസിഡോണിയയിലെ ഒന്നാം ഡിവിഷൻ ലീ​ഗിലേക്ക് യോ​ഗ്യത നേടിയിരുന്നു. യുവതലമുറയുമായി പരിശീലക വേഷത്തിൽ മാസിഡോണിയയുടെ ഇതിഹാസ താരത്തെ ഇനിയും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച