മാഞ്ചസ്റ്റർ യുണൈറ്റഡ്- ലിവർപൂൾ പോരാട്ടം; എഫ് എ കപ്പിൽ ഇന്ന് സൂപ്പർ സൺഡേ

By Web TeamFirst Published Jan 24, 2021, 9:56 AM IST
Highlights

അവസാന ആറ് കളിയിൽ ഒന്നിൽ മാത്രം ജയിച്ച ലിവർപൂൾ താളം കണ്ടെത്താൻ വിയർക്കുകയാണ്. പ്രമുഖ താരങ്ങളുടെ പരിക്കാണ് ലിവർപൂളിന് ഭീഷണി. 

ഓള്‍ഡ് ട്രാഫോര്‍ഡ്: എഫ് എ കപ്പ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. ലിവ‍ർപൂൾ രാത്രി പത്തരയ്‌ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും.

ഒരാഴ്ചയ്‌ക്കിടെ ഇംഗ്ലീഷ് ഫുട്ബോളിലെ അതികായർ വീണ്ടും നേർക്കുനേ‍ർ വരികയാണ്. പഴയ ഫോമിലേക്കെത്താൻ പാടുപെടുന്ന ലിവർപൂളും അത്ഭുതപ്പെടുത്തുന്ന കുതിപ്പുമായി മാഞ്ചസ്റ്റർ യുണൈറ്റഡും ഓൾഡ് ട്രാഫോർഡിൽ മുഖാമുഖം. ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഗോളടിക്കാതെ പിരിയുകയായിരുന്നു. അവസാന ആറ് കളിയിൽ ഒന്നിൽ മാത്രം ജയിച്ച ലിവർപൂൾ താളം കണ്ടെത്താൻ വിയർക്കുകയാണ്. പ്രമുഖ താരങ്ങളുടെ പരിക്കാണ് ലിവർപൂളിന് ഭീഷണി. 

യുണൈറ്റഡാവട്ടേ തോൽവി അറിയാതെ കുതിക്കുകയാണ്. 40 പോയിന്റുമായി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ് യുണൈറ്റഡ്. മുഹമ്മദ് സലാ, റോബർട്ടോ ഫിർമിനോ, സാദിയോ മാനേ ത്രയത്തിലാണ് ലിവ‍ർപൂളിന്റെ പ്രതീക്ഷ. ബ്രൂണോ ഫെർണാണ്ടസ്, ആന്തണി മാർസ്യാൽ, മാ‍‍‍ർക്കസ് റാഷ്ഫോർഡ് എന്നിവരിലൂടെയാവും യുണൈറ്റഡിന്റെ മറുപടി. ഇരുടീമും 232 തവണ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. 88ൽ യുണൈറ്റഡും 77ൽ ലിവർപൂളും ജയിച്ചു. 

എഫ് എ കപ്പിൽ അവസാനം ഏറ്റുമുട്ടിയ മൂന്ന് കളിയിൽ രണ്ടിലും യുണൈറ്റഡ് തോറ്റു. ഇതേസമയം എഫ് എ കപ്പിൽ ലിവർപൂളിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയിട്ടുള്ള ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അവസാന ഏഴ് കളിയിൽ ഓൾഡ് ട്രാഫോർഡിൽ ലിവർപൂളിനെതിരെ തോൽവി അറിഞ്ഞിട്ടില്ല എന്നതും യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നു.

ചെല്‍സിയും കളത്തില്‍

എഫ് എ കപ്പിൽ ചെൽസിയും ഇന്ന് നാലാം റൗണ്ട് മത്സരത്തിനിറങ്ങും. വൈകുന്നേരം അഞ്ചരയ്ക്ക് തുടങ്ങുന്ന കളിയിൽ ലൂട്ടൺ ടൗണാണ് എതിരാളികൾ. ചെൽസിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ചെൽസി 1994ന് ശേഷം ആദ്യമായാണ് ലൂട്ടനെ നേരിടുന്നത്.

നിലവിലെ ചാമ്പ്യന്‍മാര്‍ തോറ്റു

എഫ് എ കപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ആഴ്സണൽ പുറത്തായി. ആഴ്സണലിനെ ഒറ്റ ഗോളിന് തോൽപിച്ച് സതാംപ്ടൺ എഫ് എ കപ്പിന്റെ അഞ്ചാം റൗണ്ടിൽ കടന്നു. ആഴ്സണൽ ഡിഫൻഡർ ഗബ്രിയേവിന്റെ സെൽഫ് ഗോളിലാണ് സതാംപ്ടന്റെ ജയം. ഇരുപത്തിനാലാം മിനിറ്റിൾ വഴങ്ങിയെങ്കിലും തിരിച്ചടിക്കാൻ ആഴ്സണലിന് കഴിഞ്ഞില്ല. സതാംപ്ടൺ അഞ്ചാം റൗണ്ടിൽ വോൾവ്സിനെ നേരിടും.

അതേസമയം മാഞ്ചസ്റ്റർ സിറ്റി അഞ്ചാം റൗണ്ടിൽ കടന്നു. ചെൾട്ടൻഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് സിറ്റിയുടെ മുന്നേറ്റം. എൺപത്തിയൊന്നാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്നു സിറ്റി. അൻപത്തിയൊൻപതാം മിനിറ്റിൽ ആൽഫീ മേയാണ് സിറ്റിയെ ഞെട്ടിച്ചത്. എൺപത്തിയൊന്നാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിയെ ഒപ്പമെത്തിച്ചു. മൂന്ന് മിനിറ്റിനകം ഗബ്രിയേൽ ജീസസ് സിറ്റിയെ മുന്നിലെത്തിച്ചു. ഇഞ്ചുറിടൈമിൽ ഫെറാൻ ടോറസ് സിറ്റിയുടെ ജയം പൂർത്തിയാക്കുകയും ചെയ്തു.

സ്‌പാനിഷ് ലീഗില്‍ റയലിന് ഗംഭീര ജയം; എഫ്‌ എ കപ്പില്‍ ആഴ്‌സണല്‍ പുറത്ത്, സിറ്റി മുന്നോട്ട്

click me!