സ്‌പാനിഷ് ലീഗില്‍ റയലിന് ഗംഭീര ജയം; എഫ്‌ എ കപ്പില്‍ ആഴ്‌സണല്‍ പുറത്ത്, സിറ്റി മുന്നോട്ട്

Published : Jan 24, 2021, 08:35 AM ISTUpdated : Jan 24, 2021, 08:41 AM IST
സ്‌പാനിഷ് ലീഗില്‍ റയലിന് ഗംഭീര ജയം; എഫ്‌ എ കപ്പില്‍ ആഴ്‌സണല്‍ പുറത്ത്, സിറ്റി മുന്നോട്ട്

Synopsis

റയൽ മാഡ്രിഡിന് വേണ്ടി കരിം ബെൻസേമ ഇരട്ട ഗോൾ നേടി. കാസ്മിരോയും ഈഡൻ ഹസാർഡുമാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. 

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഡിപ്പോർട്ടിവോ അലാവിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയല്‍ തകർത്തത്. റയൽ മാഡ്രിഡിന് വേണ്ടി കരിം ബെൻസേമ ഇരട്ട ഗോൾ നേടി. കാസിമിറോയും ഈഡൻ ഹസാർഡുമാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. അലാവിസിനായി ജൊസോലു ആശ്വാസഗോൾ കണ്ടെത്തി. നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാംസ്ഥാനത്താണ്. അത്‌ലറ്റികോ മാഡ്രിഡാണ് ഒന്നാംസ്ഥാനത്ത്. 

സിറ്റി അഞ്ചാം റൗണ്ടില്‍

എഫ് എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം റൗണ്ടിൽ കടന്നു. ചെൾട്ടൻഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് സിറ്റിയുടെ മുന്നേറ്റം. എൺപത്തിയൊന്നാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്നു സിറ്റി. അൻപത്തിയൊൻപതാം മിനിറ്റിൽ ആൽഫീ മേയാണ് സിറ്റിയെ ഞെട്ടിച്ചത്. എൺപത്തിയൊന്നാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിയെ ഒപ്പമെത്തിച്ചു. മൂന്ന് മിനിറ്റിനകം ഗബ്രിയേൽ ജീസസ് സിറ്റിയെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസ് സിറ്റിയുടെ ജയം പൂർത്തിയാക്കുകയും ചെയ്തു.

ആഴ്‌സണലിന് തോല്‍വി

എഫ് എ കപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ആഴ്സണൽ പുറത്തായി. ആഴ്സണലിനെ ഒറ്റ ഗോളിന് തോൽപിച്ച് സതാംപ്ടൺ എഫ് എ കപ്പിന്റെ അഞ്ചാം റൗണ്ടിൽ കടന്നു. ആഴ്സണൽ ഡിഫൻഡർ ഗബ്രിയേവിന്റെ സെൽഫ് ഗോളിലാണ് സതാംപ്ടന്റെ ജയം. ഇരുപത്തിനാലാം മിനിറ്റിൾ വഴങ്ങിയെങ്കിലും തിരിച്ചടിക്കാൻ ആഴ്സണലിന് കഴിഞ്ഞില്ല. സതാംപ്ടൺ അഞ്ചാം റൗണ്ടിൽ വോൾവ്സിനെ നേരിടും.

മിലാനും തോറ്റു

ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ എ സി മിലാന്‍ തോൽവി നേരിട്ടു. അറ്റലാന്റ എതിരില്ലാത്ത മൂന്ന് ഗോളിന് മിലാനെ തോൽപിച്ചു. ക്രിസ്റ്റ്യൻ റൊമേറോ, ജോസിപ് ഇലിസിച്, ഡുവാൻ സപാറ്റ എന്നിവരുടെ ഗോളുകൾക്കാണ് അറ്റലാന്റയുടെ ജയം. 19 കളിയിൽ 43 പോയിന്റുമായി മിലാൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 36 പോയിന്റുള്ള അറ്റലാന്റ നാലാം സ്ഥാനത്തേക്കുയർന്നു. മറ്റൊരു മത്സരത്തിൽ ഇന്റർ മിലാനും യുഡിനീസും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം