ലോകം കണ്ട വമ്പൻ അട്ടിമറികൾ! 1950 ൽ ബ്രസീൽ, പിന്നെ ഇറ്റലി, ഫ്രാൻസ്, ഒടുവിൽ അർജന്‍റീന; 'കാൽപന്തിനെന്തൊരു ചന്തം'

By Web TeamFirst Published Nov 22, 2022, 10:43 PM IST
Highlights

അർജന്‍റീനയുടെ കടുത്ത ആരാധകർ പോലും സൗദി അറേബ്യയെ പോലെ ലോക ഫുട്ബോളിലെ ചെറിയ ഒരു രാജ്യത്തിലെ താരങ്ങൾ കാട്ടിയ വിജയ തൃഷ്ണയെ വാഴ്ത്താൻ മടി കാട്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം, ഫുട്ബോൾ നിരൂപകനായ സി ഹരികുമാർ ഫേസ്ബുക്കിൽ പങ്കുവച്ച് വികാരവും അതുതന്നെയാണ്...

ദോഹ: അർജന്‍റീനയെന്ന ലോകഫുട്ബോളിനെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് വമ്പൻ അട്ടിമറിയിലൂടെ ലോകകപ്പിൽ ത്രസിപ്പിക്കുന്ന തുടക്കമിട്ട സൗദി അറേബ്യയുടെ ആഘോഷത്തിനൊപ്പം ചേരുകയാണ് ഏവരും. അർജന്‍റീനയുടെ കടുത്ത ആരാധകർ പോലും സൗദി അറേബ്യയെ പോലെ ലോക ഫുട്ബോളിലെ ചെറിയ ഒരു രാജ്യത്തിലെ താരങ്ങൾ കാട്ടിയ വിജയ തൃഷ്ണയെ വാഴ്ത്താൻ മടി കാട്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കാൽപന്തിന്‍റെ യഥാർത്ഥ ഭംഗിയാണ് ഇത്തരം അട്ടിമറികളിലൂടെ ദൃശ്യമാകുന്നതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. ഫുട്ബോൾ നിരൂപകനായ സി ഹരികുമാർ ഫേസ്ബുക്കിൽ പങ്കുവച്ച് വികാരവും അതുതന്നെയാണ്. 1950 ൽ ബ്രസീലിനെ ഉറുഗ്വേ അട്ടിമറിച്ചതുമുതലുള്ള ചരിത്രം വിശദമായി കുറിച്ചുകൊണ്ടാണ് ഹരികുമാർ കാൽപന്തിനെന്തൊരു ചന്തം ആണെന്ന് പറഞ്ഞുവയ്ക്കുന്നത്.

കുറിപ്പ് വായിക്കാം

#കാല്പന്തിനെന്തു___ചന്തം...
ഉറുഗ്വേ 2-1 ബ്രസീൽ - 1950
ഉത്തര കൊറിയ1-0 ഇറ്റലി - 1966
അൽജീരിയ 2-1 വെസ്റ്റ് ജർമ്മനി - 1982
കാമറൂൺ 1-0 അർജന്റീന  - 1990
സെനഗൽ 1-0 ഫ്രാൻസ് - 2002
സൗത്ത് കൊറിയ 2-1 ഇറ്റലി 2002
ലോകക്കപ്പിലെ എക്കാലത്തെയും വലിയ അട്ടിമറികൾ പലതുണ്ടെങ്കിലും
ഗ്രേസ്‌നോട്ട് ഏജൻസിയുടെ അഭിപ്രായത്തിൽ  1950-ൽ ഇംഗ്ലണ്ടിനെതിരെ യു.എസ്.എ നേടിയ 1-0  വിജയമാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ലോകകപ്പ് വിജയം, യുഎസ് ടീമിന് അന്ന് 9.5% വിജയസാധ്യത മാത്രമാണ് ഉണ്ടായിരുന്നത്. 1-0, അച്ചടി പിശകാവുമെന്നും ഇംഗ്ലണ്ടിന്റെ 10-0 വിജയമാവും അതെന്നും  ഇംഗ്ലീഷ് മാധ്യമങ്ങൾ അന്ന് കരുതിയിരുന്നു.
 എന്നാൽ 51മത് റാങ്കുള്ള സൗദി അറേബ്യയുടെ  വിജയസാധ്യത 3മത് റാങ്കുള്ള, വർഷങ്ങളായി തോറ്റിട്ടില്ലാത്ത അർജന്റീനക്കെതിരെ വെറും 8.7% മാത്രമായിരുന്നു. എന്നിട്ടും, സൗദി ലീഗിലെ മാത്രം കളിക്കാരെ വച്ചുള്ള ഹെർവ് റെനർഡിന്റെ പച്ച പരുന്തുകൾ സാക്ഷാൽ മെസ്സിയുടെ അർജന്റീനയെ ഞെട്ടിച്ചുകളഞ്ഞു. -  " ലോകകപ്പ് ചരിത്രത്തിലേ ഏറ്റവും വലിയ അട്ടിമറി"
 2012 ൽ സാമ്പിയ ആഫ്രിക്കൻ ചാമ്പ്യൻമാരായപ്പോൾ, 2015 ൽ ഐവറികോസ്റ്റ് ആഫ്രിക്കൻ ജേതാക്കളായപ്പോൾ, 1998 ന് ശേഷമാദ്യമായി 2018ൽ മൊറൊക്കോ ലോകകപ്പ് കളിച്ചപ്പോൾ ഒക്കെയും അമരത്തുണ്ടായിരുന്നത്  ഹെർവ് റെനർഡ് എന്ന ഫ്രഞ്ച്കാരനായിരുന്നു. അയാളുടെ ടാക്ടിക്കൽ മാസ്റ്റർക്ലാസ്സിന്റെ കൂടെ വിജയമാണ് ഈ സെയ്‌സ്മിക് അട്ടിമറി.
 ഹൈലൈൻ ഡിഫെൻസ് വഴി അർജന്റീനയുടെ ആക്രമണനിരയെ മധ്യനിരയിൽ തടഞ്ഞുവെച്ചും, തീവ്രമായ ടീം പ്രെസ്സിംഗ് മത്സരത്തിലുടനീളം നിലനിർത്തിയും, പല്ലും നഖവുമുയോഗിച്ച്, കൊണ്ടും കൊടുത്തും  പോരാടിയ പ്രതിരോധവും,  ഫൈനൽ തേർഡിലെ ഉയർന്ന നിലവാരവും അത് സാക്ഷ്യപ്പെടുത്തുന്നു.  കൂട്ടായ്മയില്ലാതെ, ഊർജമില്ലാതെ, ആത്മവിശ്വാസമോ  വിജയതൃഷ്ണയോ കാട്ടാതെ മെസ്സിയും കൂട്ടരും അർഹിക്കുന്ന പരാജയം ഏറ്റ് വാങ്ങി. ഇനിയും രണ്ട് മത്സരങ്ങൾ കൂടി, അർജന്റീന തിരിച്ചു വരും എന്ന് തന്നെ പ്രതീക്ഷിക്കാം.
സൗദി മത്സരത്തിലുടനീളം കാഴ്ച്ചവെച്ച കായികക്ഷമതയും ഇന്റന്റും പ്രത്യേകപരാമർശം അർഹിക്കുന്നു. ഇടവേള സമയത്ത് ഒരു ഗോളിന് പിന്നിട്ട് നിൽക്കവേ ടീം മീറ്റിംഗിൽ  ഹെർവ് റെനർഡ് എന്ത് പറഞ്ഞാവും സൗദിക്കാരെ ഊറ്റം കൊടുത്തു വിട്ടത്? എന്തായാലും ആ വാക്കുകൾ കേട്ട് കണ്ണുകൾ നിറഞ്ഞുപോയെന്ന് അവരുടെ കപ്പിത്താൻ പറയുന്നു. അതവരുടെ രണ്ടാം പകുതിയിൽ തെളിഞ്ഞ് കാണാമായിരുന്നു...
ഹൃദയം കൊണ്ട് സൗദിക്കാർ പന്ത് തട്ടിയപ്പോൾ പതറിവീണത് കാല്പന്തുകളിയുടെ തമ്പുരാക്കന്മാരിലൊരാൾ...അല്ലെങ്കിലും,കാല്പന്തുകളിക്കെന്ത് ചന്തം

സൗദിയിൽ തീരാത്ത ആഘോഷം, താരങ്ങളും ആരാധകരും ഡാൻസോട് ഡാൻസ്; സൗദി കിരീടാവകാശിയുടെ സന്തോഷ പ്രകടനവും ശ്രദ്ധേയമായി!

 

click me!