Asianet News MalayalamAsianet News Malayalam

സൗദിയിൽ തീരാത്ത ആഘോഷം, താരങ്ങളും ആരാധകരും ഡാൻസോട് ഡാൻസ്; സൗദി കിരീടാവകാശിയുടെ സന്തോഷ പ്രകടനവും ശ്രദ്ധേയമായി!

സൗദി താരങ്ങളാകട്ടെ ഡ്രെസിംഗ് റൂമിലെ ഡാൻസ് നിർത്തുന്ന മട്ടില്ലാതെ തുടരുകയാണ്. താരങ്ങൾ ഡ്രസിംഗ് റൂമിലാണ് ഡാൻസെങ്കിൽ ആരാധകരും സൗദി ജനതയും ഡാൻസുമായി തെരുവോരങ്ങൾ കീഴടക്കുകയാണ്

mohammed bin salman and people enjoy on saudi arabia beat argentina fifa world cup 2022
Author
First Published Nov 22, 2022, 9:39 PM IST

ദോഹ: ലോകഫുട്ബോളിലെ വമ്പൻ അട്ടിമറികളിലൊന്നിലൂടെ ലോകകപ്പിൽ ത്രസിപ്പിക്കുന്ന തുടക്കമിട്ട സൗദി അറേബ്യയുടെ വിജയത്തിന്‍റെ ആഘോഷം തുടരുന്നു. ഖത്തറിലെ മൈതാനത്ത് തുടങ്ങിയ ആഘോഷം ഇപ്പോൾ സൗദി തെരുവുകളിലും ഭരണ സിരാ കേന്ദ്രങ്ങളിലുമെല്ലാം കത്തി പടരുകയാണ്. സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്‍റെ ചിത്രമടക്കം സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്. മത്സരത്തിന്റെ ആദ്യാവസാനം ടെലിവിഷനിൽ കണ്ട കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയുടെ അട്ടിമറി വിജയത്തിന് പിന്നാലെ ദൈവത്തിന് മുന്നിൽ സുജൂദ് ചെയ്യുകയും ചെയ്തു. റിയാദിലെ കൊട്ടാരത്തില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്മാരെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട ശേഷമാണ് അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിച്ച് സുജൂദ് നിര്‍വഹിച്ചത്.

സൗദി താരങ്ങളാകട്ടെ ഡ്രെസിംഗ് റൂമിലെ ഡാൻസ് നിർത്തുന്ന മട്ടില്ലാതെ തുടരുകയാണ്. താരങ്ങൾ ഡ്രസിംഗ് റൂമിലാണ് ഡാൻസെങ്കിൽ ആരാധകരും സൗദി ജനതയും ഡാൻസുമായി തെരുവോരങ്ങൾ കീഴടക്കുകയാണ്. സൗദിയിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ പലതിലും വലിയ ആഘോഷമാണ് അരങ്ങേറുന്നത്.

 

അര്‍ജന്‍റീനക്കെതിരെ സൗദി അറേബ്യ നേടിയ അട്ടിമറി വിജയത്തെ പ്രകീര്‍ത്തിച്ച് ദുബായ് ഭരണാദികരിയും യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അടക്കമുള്ളവർ രംഗത്തെത്തി. ടൂര്‍ണമെന്‍റിലെ ഫേവറൈറ്റുകളായ അര്‍ജന്‍റീനയെ അട്ടിമറിച്ച സൗദിയുടെ വിജയം അര്‍ഹിച്ചതാണെന്നും അറേബ്യന്‍ നാടിന്‍റെ സന്തോഷമാണിതെന്നും ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പറഞ്ഞു. അര്‍ഹിച്ച വിജയം, പൊരുതി നേടിയ ജയം, ഇത് അറേബ്യന്‍ നാടിന്‍റെ വിജയം. ഞങ്ങളെ സന്തോഷിപ്പിച്ചതിന് സൗദി ദേശീയ ടീമിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ പ്രസ്താവന. ദുബായ് കിരീട അവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹമ്ദാന്‍ ബിന്‍ മൊഹമ്മദ് റാഷിദ് അല്‍ മഖ്തൂമും സൗദിയുടെ അട്ടിമറി വിജയത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. അല്‍ അക്ഥറിന് അഭിനന്ദനങ്ങള്‍, അഭിനന്ദനങ്ങള്‍ സൗദി അറേബ്യ, അഭിനന്ദനങ്ങള്‍ എല്ലാ അറബികള്‍ക്കും എന്നായിരുന്നു ഹമ്ദാന്‍ ബിന്‍ മൊഹമ്മദിന്‍റെ ട്വീറ്റ്.

അർജന്റീനയെ തറപറ്റിച്ചു; സൗദിയിൽ ആഘോഷ തിമിർപ്പ്, നാളെ പൊതു അവധി

ലോകകപ്പ് ഫുട്ബോളില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീനയെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്. പത്താം മിനിറ്റില്‍ ലിയോണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ 48ാം മിനിറ്റില്‍ സാലെഹ് അല്‍ഷെഹ്‌രിയിലൂടെ സൗദി ഒപ്പം പിടിച്ചു.സമനില ഗോളിന്‍റെ ആവേശത്തില്‍ അലമാലപോലെ ആക്രമിച്ചു കയറിയ സൗദി അര്‍ജന്‍റീന പ്രതിരോധത്തെ കാഴ്ചക്കാരാക്കി സാലേം അല്‍ദ്വസാരി അര്‍ജന്‍റീനയുടെ ഹൃദയം തുളച്ച് രണ്ടാം ഗോളും നേടി. പിന്നീട് പകുതി സമയം കളി ബാക്കിയുണ്ടായിരുന്നെങ്കിലും മുന്നേറാന്‍ ശ്രമിച്ച അര്‍ജന്‍റീന താരങ്ങളെ മെരുക്കിയ സൗദി ഒടുവില്‍ ചരിത്രജയവുമായാണ് ഗ്രൗണ്ട് വിട്ടത്.

 

Follow Us:
Download App:
  • android
  • ios