ആരാധകരില്‍ ആകാംക്ഷയുണര്‍ത്തി സഹല്‍; സുപ്രധാന പ്രഖ്യാപനം നാളെ

By Web TeamFirst Published Jun 9, 2020, 6:54 PM IST
Highlights

ബ്ലാസ്റ്റേഴ്സുമായി 2022വരെ കരാറുള്ള സഹല്‍ ബ്ലാസ്റ്റേഴ്സ് വിടുമോ എന്നാണ് ആരാധകരെ ഇപ്പോള്‍ ആശങ്കയിലാഴ്ത്തുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മുഖമായിരുന്ന സന്ദേശ് ജിങ്കാന് പിന്നാലെ സഹല്‍ കൂടി ക്ലബ്ബ് വിട്ടാല്‍ അത് മഞ്ഞപ്പടക്ക് കനത്ത തിരിച്ചടിയാകും.

കൊച്ചി: ആരാധകരില്‍ ആകാംക്ഷയുണര്‍ത്തി കേരളാ ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഫേസ്ബുക് പോസ്റ്റ്. നാളെ പ്രഖ്യാപനം, കാത്തിരിക്കു എന്ന് മാത്രമുള്ള പോസ്റ്റ് ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ ഒരേസമയം, ആകാംക്ഷയും, ആശങ്കയുമുയര്‍ത്തിയിട്ടുണ്ട്. നാളെ 12.05ന് ഫേസ്ബുക് ലൈവില്‍ സഹല്‍ സുപ്രധാന പ്രഖ്യാപനം നടത്തുമെന്നാണ് പോസ്റ്റില്‍ നിന്ന് ആരാധകര്‍ വായിച്ചെടുക്കുന്നത്.

ബ്ലാസ്റ്റേഴ്സുമായി 2022വരെ കരാറുള്ള സഹല്‍ ബ്ലാസ്റ്റേഴ്സ് വിടുമോ എന്നാണ് ആരാധകരെ ഇപ്പോള്‍ ആശങ്കയിലാഴ്ത്തുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മുഖമായിരുന്ന സന്ദേശ് ജിങ്കാന് പിന്നാലെ സഹല്‍ കൂടി ക്ലബ്ബ് വിട്ടാല്‍ അത് മഞ്ഞപ്പടക്ക് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ ഏറ്റവുമധികം ആരാധക പിന്തുണ ലഭിച്ച താരമാണ് സഹല്‍.

കൊച്ചിയില്‍ സഹലിന്റെ പേര് പറയുമ്പോഴൊക്കെ സ്റ്റേഡിയത്തില്‍ ആരവങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ കോച്ച് എല്‍ക്കോ ഷാട്ടോരിക്ക് കീഴില്‍ സഹലിന് ബ്ലാസ്റ്റേഴ്സ് പ്ലേയിംഗ് ഇലവനില്‍ മതിയായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല എന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. ലഭിച്ച അവസരങ്ങളിലെല്ലാം മധ്യനിരയിലെ മിന്നലാട്ടങ്ങള്‍ കൊണ്ട് സഹല്‍ കാണികളെ കൈയിലെടുക്കുകയും ചെയ്തു


2016-2017ല്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് സഹലിനെ ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിലെടുത്തത്. 2018-2019 സീസണില്‍ ഡേവിഡ് ജെയിംസിന് കീഴിലാണ് സഹല്‍ ബ്ലാസ്റ്റേഴ്സില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ സീസണിലെ മികച്ച യുവതാരമായും സഹല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേവര്‍ഷം തന്നെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും സഹലിനെ മികച്ച യുവതാരമായി തെരഞ്ഞെടുത്തിരുന്നു.

2019ലെ കിംഗ്സ് കപ്പിലൂടെ ഇന്ത്യന്‍ ടീമിലും സഹല്‍ തന്റെ സാന്നിധ്യമറിയിച്ചു. സന്ദേശ് ജിങ്കാന്റെ അഭാവത്തില്‍ വരും സീസണുകളില്‍ ബ്ലാസ്റ്റേഴ്സിന്റെ നെടുംതണാവുമെന്ന് കരുതുന്ന കളിക്കാരന്‍ കൂടിയാണ് സഹല്‍. സുനില്‍ ഛേത്രിക്ക് ശേഷം ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനാകും സഹലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.

click me!