'കൊറോണ' ഗോളടിച്ചിട്ടും പോര്‍ട്ടോക്ക് തോല്‍വി

By Web TeamFirst Published Jun 6, 2020, 6:46 PM IST
Highlights

പ്രീമിയര്‍ ലീഗില്‍ ഫമലിക്കാവോക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പോര്‍ട്ടോയുടെ തോല്‍വി

പോര്‍ട്ടോ: ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ പോര്‍ച്ചുഗലിലെ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഗോളടിച്ച് ജീസസ് കൊറോണ. പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ്‌സി പോര്‍ട്ടോയുടെ മെക്സിക്കന്‍ താരം ജീസസ് കൊറോണ ടീമിനായി ഗോളടിച്ചെങ്കിലും തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കാനായില്ല.

പ്രീമിയര്‍ ലീഗില്‍ ഫമലിക്കാവോക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പോര്‍ട്ടോയുടെ തോല്‍വി. 48-ാം മിനിറ്റില്‍ മാര്‍ട്ടിന്‍സിലൂടെ ഫമലിക്കാവോ മുന്നിലെത്തി. 74-ാം മിനിറ്റില്‍ പോര്‍ട്ടോക്കായി സ്കോര്‍ ചെയ്ത് കൊറോണ സമനില സമ്മാനിച്ചു. എന്നാല്‍ സമനിലയുടെ ആശ്വാസം അധികനേരം നീണ്ടില്ല.

നാലു മിനിറ്റിനികം ഗോണ്‍കാല്‍വ്‌സ് ഫമലിക്കാവോയുടെ വിജയഗോള്‍ നേടി. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പോര്‍ട്ടോയുടെ തോല്‍വി ആരാധകരെ ഞെട്ടിക്കുന്നതായി. പോര്‍ട്ടോ ഗോള്‍ കീപ്പര്‍ അഗസ്റ്റിന്‍ മര്‍ക്കെസിന്റെ പിഴവാണ് ഫമലിക്കാവോയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങള്‍ നടക്കുന്നത്.

Also Read: താനൊരു താരം ആയിരുന്നുവെന്ന് പരിചയപ്പെടുമ്പോള്‍ നടാഷയ്ക്ക് അറിയില്ലായിരുന്നു: ഹാര്‍ദിക് പാണ്ഡ്യ

മത്സരം നടക്കുമ്പോള്‍ ഇരുന്നൂറോളം പോര്‍ട്ടോ ആരാധകര്‍ സ്റ്റേഡ‍ിയത്തിന് പുറത്ത് ആരവമുയര്‍ത്താന്‍ എത്തിയിരുന്നു.

click me!