ലോകകപ്പ് യോഗ്യത: സ്‌പെയ്‌ന് തോല്‍വി, ഇറ്റലിക്ക് സമനിലക്കുരുക്ക്, ബെൽജിയത്തിനും ജർമനിക്കും ഇംഗ്ലണ്ടിനും ജയം

By Web TeamFirst Published Sep 3, 2021, 8:20 AM IST
Highlights

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 28 വർഷത്തിനിടെ സ്‌പെയ്‌ന്‍റെ ആദ്യ തോൽവിയാണിത്. 1993ലാണ് സ്‌പെയ്‌ന്‍ ലോകകപ്പ് യോഗ്യതാറൗണ്ടിൽ അവസാനമായി തോറ്റത്.

ലണ്ടന്‍: ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ സ്‌പെയ്‌ന് തോൽവി. സ്വീഡൻ ഒന്നിനെതിരെ രണ്ട് ഗോളിന് മുൻ ലോക ചാമ്പ്യൻമാരെ ഞെട്ടിച്ചു. സോളറുടെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു സ്‌പെയ്‌ന്‍റെ തോൽവി. ഇസാക്കും ക്ലാസനുമാണ് സ്വീഡന് ജയമൊരുക്കിയ ഗോളുകൾ നേടിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 28 വർഷത്തിനിടെ സ്‌പെയ്‌ന്‍റെ ആദ്യ തോൽവിയാണിത്. 1993ലാണ് സ്‌പെയ്‌ന്‍ ലോകകപ്പ് യോഗ്യതാറൗണ്ടിൽ അവസാനമായി തോറ്റത്. അവസാന 66 മത്സരങ്ങളിൽ 52 ജയവും 14 സമനിലയുമാണ് സ്‌പെയ്‌ന്‍റെ അക്കൗണ്ടിലുള്ളത്.

ഗ്രൂപ്പ് ബിയിൽ മൂന്ന് കളിയിൽ ഒന്‍പത് പോയിന്റുള്ള സ്വീഡനാണ് ഒന്നാം സ്ഥാനത്ത്. ഏഴ് പോയിന്റുമായി സ്‌പെ‌യ്ൻ രണ്ടാം സ്ഥാനത്തും.

ജര്‍മനിക്കും ജയം

അതേസമയം ജർമനി എതിരില്ലാത്ത രണ്ട് ഗോളിന് ലീച്ചൻസ്റ്റെയ്നെ തോൽപിച്ചു. നാൽപ്പത്തിയൊന്നാം മിനിറ്റിൽ തിമോ വെർണറും ഏഴുപത്തിയേഴാം മിനിറ്റിൽ സനെയുമാണ് ഗോളുകൾ നേടിയത്. ഒന്‍പത് പോയിന്റുമായി ഗ്രൂപ്പ് ജെയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ ജർമനി. പോളണ്ട് ഒന്നിനെതിരെ നാല് ഗോളിന് അൽബേനിയയെയും വടക്കൻ അയർലൻഡ് ഒന്നിനെതിരെ നാല് ഗോളിന് ലിത്വാനിയയെയും തോൽപിച്ചു.

ഇംഗ്ലണ്ടിന് ജയം, ഇറ്റലിക്ക് സമനില

അതേസമയം ഇംഗ്ലണ്ട് എതിരില്ലാത്ത നാല് ഗോളിന് ഹംഗറിയെ തകർത്തു. റഹീം സ്റ്റെർലിംഗ്, ഹാരി കെയ്ൻ, ഹാരി മഗ്വയർ, ഡെക്ലാൻ റീസ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. നാല് കളിയിൽ 12 പോയിന്റുമായി ഗ്രൂപ്പ് ഐയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇംഗ്ലണ്ട്. എന്നാല്‍ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ ബൾഗേറിയ സമനിലയിൽ തളച്ചു. ഫെഡറിക്കോ കിയേസയിലൂടെ ഇറ്റലിയാണ് ആദ്യം ഗോൾ നേടിയത്. അറ്റ്നാസിന്റെ ഗോളിലൂടെ ബൾഗേറിയ ഒപ്പമെത്തുകയായിരുന്നു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളും.

അഞ്ചടിച്ച് ബെല്‍ജിയം

ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയം രണ്ടിനെതിരെ അഞ്ച് ഗോളിന് എസ്റ്റോണിയയെ തോൽപിച്ചു. റൊമേലു ലുകാക്കുവിന്റെ ഇരട്ടഗോൾ കരുത്തിലാണ് ബെൽജിയത്തിന്റെ ജയം. ഹാൻസ് വനാകെൻ, ആക്സെൽ വിറ്റ്സൽ, തോമസ് ഫോകറ്റ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. മത്യാസ് കെയ്റ്റ്, എറിക് സോർഗ എന്നിവരാണ് എസ്റ്റോണിയയുടെ സ്‌കോറർമാർ. നാല് കളിയിൽ പത്ത് പോയിന്റുമായി ബെൽജിയം ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

കപിലിന് മാത്രം പിന്നില്‍, ബോത്തമിന് മുകളില്‍! ഓവല്‍ വെടിക്കെട്ടോടെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താക്കൂര്‍

ഷര്‍ദ്ദുലിന്‍റെ വെടിക്കെട്ട്, ബുമ്രയുടെ ഇരട്ടപ്രഹരം, റൂട്ടിളക്കി ഉമേഷ്; ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ തിരിച്ചടി

സന്നാഹമത്സരം, നേപ്പാളിനെതിരെ ഇന്ത്യക്ക് സമനില മാത്രം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!