ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ നേപ്പാള്‍ പ്രതിരോധം പൂട്ടിയിട്ടപ്പോള്‍ ആദ്യ പകുതിയില്‍ ഇന്ത്യന്‍ ആക്രമമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. 

കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ നേപ്പാളിനെതിരെ ഇന്ത്യക്ക് സമനില മാത്രം. കാഠമണ്‌ഠുവിലെ ദശരഥ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

36-ാം മിനിറ്റില്‍ അഞ്ജാന്‍ ബിസ്റ്റയിലൂടെ മുന്നിലെത്തിയ നേപ്പാളിനെതിരെ അറുപതാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പയുടെ ഗോളിലാണ് ഇന്ത്യ സമനിലയില്‍ പിടിച്ചത്. ഞായറാഴ്ച രണ്ടാം സന്നാഹ മത്സരത്തില്‍ ഇതേവേദിയില്‍ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.

ഇരു ടീമുകള്‍ക്കും ഗോളവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ നേപ്പാള്‍ പ്രതിരോധം പൂട്ടിയിട്ടപ്പോള്‍ ആദ്യ പകുതിയില്‍ ഇന്ത്യന്‍ ആക്രമമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ നേപ്പാള്‍ പ്രതിരോധം ഭേദിച്ച് ഛേത്രി ഗോളിലേക്ക് തൊടുത്ത ഷോട്ടില്‍ നിന്നാണ് അനിരുദ്ധ് ഥാപ്പയുടെ സമനില ഗോള്‍ പിറന്നത്. ഛേത്രിയുടെ ഷോട്ട് നേപ്പാള്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ ലഭിച്ച റീബൗണ്ട് മുതലാക്കിയാണ് ഥാപ്പ ഇന്ത്യക്ക് സമനില സമ്മാനിച്ചത്.ഛേത്രിയും മന്‍വീര്‍ സിംഗുമായിരുന്നു മുന്നേറ്റനിരയില്‍ ഇന്ത്യന്‍ ആക്രമണങ്ങളുടെ ചുക്കാന്‍ പിടിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.