Asianet News MalayalamAsianet News Malayalam

ഷര്‍ദ്ദുലിന്‍റെ വെടിക്കെട്ട്, ബുമ്രയുടെ ഇരട്ടപ്രഹരം, റൂട്ടിളക്കി ഉമേഷ്; ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ തിരിച്ചടി

മികച്ച ഫോമിലുള്ള റൂട്ട് ഇംഗ്ലണ്ടിനെ അപകടമുനമ്പില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയിരിക്കെയാണ് ഇന്ത്യ കാത്തിരുന്ന വിക്കറ്റ് വീഴ്ത്തി ഉമേഷ് ഇംഗ്ലണ്ടിന് മൂന്നാം പ്രഹരമേല്‍പ്പിച്ചത്. 25 പന്തില്‍ 21 റണ്‍സെടുത്ത റൂട്ടിനെ ഇന്‍സ്വിംഗറില്‍ ഉമേഷ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 

England vs India, 4th Test - Day 1 match report, England loss early wickets, Root falls
Author
oval, First Published Sep 2, 2021, 11:13 PM IST

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 191ന് പുറത്തായ ഇന്ത്യ ബൗളര്‍മാരിലൂടെ തിരിച്ചടിക്കുന്നു. ഒന്നാം ദിനം ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റേതടക്കം മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ പേസര്‍മാര്‍ ഇംഗ്ലണ്ടിനെ 53/3 എന്ന സ്കോറിലേക്ക് തള്ളിയിട്ടു.

ആറ് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ജോ റൂട്ടും ഡേവിഡ് മലനും ചേര്‍ന്ന് 50 കടത്തിയെങ്കിലും ഒന്നാം ദിനം കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുകയായിരുന്നു. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 26 റണ്‍സോടെ ഡേവിഡ് മലനും ഒരു റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ ഓവര്‍ടണുമാണ് ഇംഗ്ലണ്ടിനായി ക്രീസില്‍. ഇന്ത്യക്കായി ബുമ്ര രണ്ടും ഉമേഷ് ഒരു വിക്കറ്റുമെടുത്തു.

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബുമ്രയുടെ ഇരട്ട പ്രഹരം

കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇംഗ്ലീഷ് ഓപ്പണര്‍മാരായ റോറി ബോണ്‍സിനെയും ഹസീബ് ഹമീദിനെയും ആറ് റണ്‍സെടുക്കുന്നതിനിടെ മടക്കി ബുമ്ര ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. അഞ്ച് റണ്‍സെടുത്ത ബേണ്‍സിനെ ബുമ്ര ബൗള്‍ഡാക്കിയപ്പോള്‍ ഹസീബ് ഹമീദിനെ റണ്ണെടുക്കും മുമ്പെ ബുമ്ര റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ലീഡ്സില്‍ നിര്‍ത്തിയേടത്തു നിന്നാണ് ഇംഗ്ലണ്ട് നീയകന്‍ ജൂ റൂട്ട് തുടങ്ങിയത്. ക്രീസിലെത്തിയപാടെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ റൂട്ടിന് ഡേവിവ് മലന്‍ മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് കരകയറി.

റൂട്ടിളക്കി ഉമേഷ്

മികച്ച ഫോമിലുള്ള റൂട്ട് ഇംഗ്ലണ്ടിനെ അപകടമുനമ്പില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയിരിക്കെയാണ് ഇന്ത്യ കാത്തിരുന്ന വിക്കറ്റ് വീഴ്ത്തി ഉമേഷ് ഇംഗ്ലണ്ടിന് മൂന്നാം പ്രഹരമേല്‍പ്പിച്ചത്. 25 പന്തില്‍ 21 റണ്‍സെടുത്ത റൂട്ടിനെ ഇന്‍സ്വിംഗറില്‍ ഉമേഷ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.  ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 138 റണ്‍സ് കൂടി വേണം.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 127/7 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞെങ്കിലും എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറും ഉമേഷ് യാദവും ചേര്‍ന്ന് 191ല്‍ എത്തിച്ചു. 33 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ച ഷര്‍ദ്ദുല്‍ 57 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി 50 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലും ഓലി റോബിന്‍സണ്‍ മൂന്നും വിക്കറ്റെടുത്തു.

തകര്‍ന്നടിഞ്ഞതിനുശേഷം തകര്‍ത്തടിച്ച് ഷര്‍ദ്ദുല്‍

ഒമ്പത് റണ്‍സെടുത്ത റിഷഭ് പന്ത് ഏഴാമനായി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിണ്ടായിരുന്നത് വെറും 127 റണ്‍സായിരുന്നു. എന്നാല്‍ അവിടുന്ന ആക്രമണമാണ് മികച്ച പ്രതിരോധമെന്ന തിരിച്ചറിവില്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് ദിശതെറ്റി. തുടര്‍ച്ചയായി ബൗണ്ടറികളും സിക്സറും പറത്തിയ ഷര്‍ദ്ദുല്‍ 33 പന്തില്‍ തന്‍റെ രണ്ടാം ടെസ്റ്റ് അര്‍ധസെഞ്ചുറി കുറിച്ചു. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവുമൊത്ത് 63 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ ഷര്‍ദ്ദുലിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 10 റണ്‍സെടുത്ത ഉമേഷ് അവസാന ബാറ്റ്സ്മാനായി പുറത്തായി. ഷര്‍ദ്ദുല്‍ പുറത്തായതിന് പിന്നാലെ ഒരു റണ്‍സ് കൂടി കൂട്ടിചേര്‍ക്കുമ്പോഴേക്കും ശേഷിക്കുന്ന രണ്ട് വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

നല്ല തുടക്കം പിന്നെ തകര്‍ച്ച

ജെയിംസ് ആന്‍ഡേഴ്സണെയും ഓലി റോബിന്‍ണെയും ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയും തുടങ്ങിയത്. അപകടകാരിയായ ആന്‍ഡേഴ്സണെ ആക്രമിച്ച് കളിച്ച ഇരുവരും ആന്‍ഡേഴ്സന്‍റെ നാലോവറില്‍ 20 റണ്‍സടിച്ചു. ആദ്യ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സിലെത്തിയ ഇന്ത്യ മികച്ച തുടക്കമിട്ടെങ്കിലും ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ക്രിസ് വോക്സ് രോഹിത് ശര്‍മയെ(11) ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. പൂജാര ക്രീസിലെത്തിയതിന് പിന്നാലെ ഇംഗ്ലണ്ട് തുടര്‍ച്ചയായി ആറ് മെയ്ഡ് ഇന്‍ ഓവറുകളെറിഞ്ഞു പിടിമുറുക്കി.

17 റണ്‍സെടുത്ത് മികച്ച തുടക്കമിട്ട രാഹുലിനെ ഒലി റോബിന്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ ഞെട്ടി. രോഹിത് ശര്‍മ പുറത്തായശേഷം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പായിരുന്നു ഇന്ത്യക്ക് രാഹുലിനെയും നഷ്ടമായത്.

നിരാശപ്പെടുത്തി വീണ്ടും പൂജാരയും ജഡേജയും

ലീഡ്സ് ടെസ്റ്റില്‍ 91 റണ്‍സടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയതിന്‍റെ സൂചന നല്‍കിയ ചേതേശ്വര്‍ പൂജാര വീണ്ടും ബാറ്റിംഗില്‍ നിരാശപ്പെടുത്തി. 31 പന്തില്‍ നാലു റണ്‍സെടുത്ത പൂജാര ജെയിംസ് ആന്‍ഡേഴ്സന്‍റെ ഔട്ട് സ്വിംഗറില്‍ ബാറ്റുവെച്ച് വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്ത് മടങ്ങി. അപ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ 39 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. കോലിയും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ സെഷനില്‍ 50 കടത്തിയെങ്കിലും ലഞ്ചിന് പിന്നാലെ ജഡേജയെ(10) വീഴ്ത്തി ക്രിസ് വോക്സ് ഇന്ത്യയെ വീണ്ടും പ്രതിസന്ധിയിലാക്കി.

ജീവന്‍ കിട്ടിയിട്ടും അര്‍ധസെഞ്ചുറിക്ക് പിന്നാലെ മടങ്ങി കോലി

ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തുകളില്‍ ബാറ്റുവെച്ച് പുറത്താവുന്ന ശീലം ഇത്തവണയും കോലി ആവര്‍ത്തിച്ചു. ഇരുപതുകളില്‍ നില്‍ക്കെ വോക്സിന്‍റെ പന്തില്‍ കോലി നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ ജോ റൂട്ട് കൈവിട്ടു. പിന്നീട് രഹാനെയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് തോന്നിച്ച കോലി മനോഹരമായ കവര്‍ ഡ്രൈവുകളിലൂട ബൗണ്ടറി നേടി ആത്മവിശ്വാസത്തിലായി.

എന്നാല്‍ റോബിന്‍സന്‍റെ ഓഫ് സ്റ്റംപില്‍ കുത്തി അകത്തേക്ക് വന്ന പന്തില്‍ ബാറ്റുവെച്ച കോലിയെ(50) ബെയര്‍സ്റ്റോ കൈയിലൊതുക്കിയതോടെ സെഞ്ചുറിയില്ലാതെ മറ്റൊരു ഇന്നിംഗ്സുമായി ഇന്ത്യന്‍ നായകന്‍ തലകുനിച്ച് മടങ്ങി.

ക്യാപ്റ്റന്‍റെ വഴിയെ വൈസ് ക്യാപ്റ്റനും, ഇംഗ്ലണ്ടിന്‍റെ കെണിയില്‍ വീണ് പന്ത്

ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഓഫ് സ്റ്റംപിന് പുറത്തെ ദൗര്‍ബല്യം രഹാനെയും ആവര്‍ത്തിച്ചു. മനോഹരമായൊരു ബൗണ്ടറി നേടിയതിന് പിന്നാലെ ചായക്ക് തൊട്ടു മുമ്പ് ഓവര്‍ടണിന്‍റെ പന്തില്‍ സ്ലിപ്പില്‍ മോയിന്‍ അലിക്ക് പിടികൊടുത്ത് രഹാനെ(14) മടങ്ങി. അതിന് പിന്നാലെ വോക്സിന്‍റെ പന്തില്‍ വമ്പനടിക്ക് മുതിര്‍ന്ന റിഷഭ് പന്തിനെ സ്ലിപ്പില്‍ ഓവര്‍ടണ്‍ കൈവിട്ടെങ്കിലും അതേ ഓവറില്‍ സ്ലോ ബോളില്‍ ലോംഗ് ഓഫില്‍ മൊയിന്‍ അലിക്ക് പിടികൊടുത്ത് പന്ത്(9) മടങ്ങി.

 ഇംഗ്ലണ്ടിനായി വോക്സ് 55 റണ്‍സിന് നാലും റോബിന്‍സണ്‍ 38 റണ്‍സിന് മൂന്നും വിക്കറ്റെടുത്തപ്പോള്‍ ആന്‍‍ഡേഴ്സണും ഓവര്‍ടണും ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios