
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പ് അമേരിക്കന്‍ താരം ഫോളറിന്‍ ബലോഗന്റെ സസ്‌പെന്‍ഷന്‍ ഫിഫ നീക്കിയത് വിവാദത്തിലേക്ക്. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്‌പെന്‍ഷന്‍ നീക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്‌ക്കെതിരായ മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെത്തുടര്‍ന്ന് ബലോഗന് ലഭിക്കേണ്ടിയിരുന്ന ഒരു മത്സരത്തിലെ വിലക്കാണ് ഫിഫ അപ്രതീക്ഷിതമായി നീക്കിയത്. ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചു. ഇതോടെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ താരം യോഗ്യനായി.
തീരുമാനത്തെക്കുറിച്ചുള്ള സമയക്രമമാണ് തിയറി ഹെന്റിയെ ചൊടിപ്പിച്ചത്. 'തീരുമാനം ശരിയാണോ എന്നത് രണ്ടാമത്തെ കാര്യം, എന്നാല്‍ എന്തുകൊണ്ട് ഇത്രയും വൈകി? ബെല്‍ജിയം ടീം ഒരു പ്രത്യേക തന്ത്രവുമായാണ് മത്സരത്തിന് തയ്യാറെടുക്കുന്നത്. പെട്ടെന്നുള്ള ഈ തീരുമാനം അവരുടെ പ്ലാനിംഗിനെ പൂര്‍ണ്ണമായും ബാധിക്കും.' ഹെന്റി ഫോക്‌സ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു. ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്ന തെറ്റായിരുന്നില്ല ബലോഗന്റേതെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ ഫിഫയുടെ അവസാന നിമിഷ തീരുമാനം ബെല്‍ജിയത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിഫയുടെ തീരുമാനത്തില്‍ അതിശയം രേഖപ്പെടുത്തിയ റോയല്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, നിയമപരമായി ഇതിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഫിഫ ഡിസിപ്ലിനറി കോഡ് 66.4 പ്രകാരം ഒരു ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ അടുത്ത മത്സരത്തില്‍ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ ലഭിക്കണം എന്നത് നിര്‍ബന്ധമാണെന്ന് ബെല്‍ജിയം ചൂണ്ടിക്കാട്ടുന്നു. ഈ ലോകകപ്പിലെ മറ്റ് താരങ്ങള്‍ക്കെല്ലാം ഈ നിയമം ബാധകമായപ്പോള്‍ ബലോഗന് മാത്രം പ്രത്യേക ഇളവ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ മുന്നേറ്റനിരയിലെ പ്രധാന താരമായ ബലോഗന്‍ ഈ ടൂര്‍ണമെന്റില്‍ ഇതിനകം തന്നെ മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. ബലോഗന്റെ സാന്നിധ്യം അമേരിക്കന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുമെങ്കിലും, ഫിഫയുടെ ഈ തീരുമാനം കളത്തിന് പുറത്ത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!