സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിനെ പ്രശംസിച്ച് ഇംഗ്ലണ്ട് താരം ജേക്കബ് ബേഥൽ. വൈഭവിൻ്റെ ബാറ്റിംഗ് സ്വിംഗ് സുന്ദരമാണെന്നും എന്നാൽ തന്നേക്കാൾ ഇളയ ഒരാൾക്കെതിരെ കളിക്കുന്നത് വിചിത്രമായി തോന്നുന്നുവെന്നും ബേഥൽ പറഞ്ഞു.

ലണ്ടന്‍: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദശകങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യയുടെ പുതിയ അത്ഭുതബാലന്‍ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലാണ് 15 വയസ്സും 99 ദിവസവും മാത്രം പ്രായമുള്ള ഈ ഇടംകൈയന്‍ ബാറ്റര്‍ ഇന്ത്യയ്ക്കായി പാഡ് അണിഞ്ഞത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വര്‍ഷങ്ങളായി കൈവശം വെച്ചിരുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര താരമെന്ന റെക്കോര്‍ഡാണ് സൂര്യവംശി തിരുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടക്കം കുറിച്ചത് രണ്ട് സിക്‌സറുകളോടെ

തന്റെ അരങ്ങേറ്റ മത്സരത്തില്‍ 10 പന്തുകളില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും, താരം അടിച്ച രണ്ട് കൂറ്റന്‍ സിക്‌സറുകള്‍ അദ്ദേഹത്തിന്റെ നിര്‍ഭയമായ ബാറ്റിംഗിന് തെളിവായിരുന്നു. ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച യുവതാരം ജേക്കബ് ബേഥല്‍ സൂര്യവംശിയുടെ ബാറ്റിംഗിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ''എന്നെക്കാള്‍ ഏഴ് വയസ് ഇളയ ഒരാള്‍ക്കെതിരെ കളിക്കുന്നു എന്ന് പറയുന്നത് തന്നെ വിചിത്രമായി തോന്നുന്നു. ഇന്ത്യയില്‍ വെച്ചും ഞാന്‍ അവന്റെ ബാറ്റിംഗ് കണ്ടു. ബാറ്റ് സ്വിങ് ചെയ്യുന്ന രീതിയും മറ്റും സുന്ദരമാണ്. അവിശ്വസനീയമായ പ്രതിഭ തന്നെയാണ് വൈഭവ്.'' 22-കാരനായ ബേഥല്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ വിജയനായകന്‍

191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചത് ബേഥലിന്റെ കരുത്തുറ്റ ഇന്നിങ്‌സാണ്. പുറത്താകാതെ 76 റണ്‍സ് നേടിയ താരം ഇംഗ്ലണ്ടിന് പരമ്പരയില്‍ 1-0 എന്ന ലീഡ് നേടിക്കൊടുത്തു. തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണിതെന്ന് ബെഥല്‍ വിശേഷിപ്പിച്ചു. 'ഇതിനുമുമ്പ് ഞാന്‍ കുറച്ചു സെഞ്ചുറികള്‍ നേടിയിട്ടുണ്ടെങ്കിലും, അതില്‍ ഒരെണ്ണം മാത്രമാണ് ടീമിനെ ജയിപ്പിക്കാന്‍ സഹായിച്ചത്. ഇന്ത്യയ്‌ക്കെതിരെ ജയിക്കാന്‍ സാധിച്ചത് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. അരങ്ങേറ്റത്തില്‍ തന്നെ വലിയ ശ്രദ്ധ ആകര്‍ഷിച്ച വൈഭവ് സൂര്യവംശിക്ക് ഇനിയുള്ള മത്സരങ്ങളില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

YouTube video player