
ദോഹ: പ്രവചനങ്ങള്‍ അച്ചട്ടായി, ക്ലബ് ലോകകപ്പില്‍ ലിവര്‍പൂള്‍-ഫ്ലെമെംഗോ കലാശപ്പോര്. രണ്ടാം സെമിയില്‍ കോൺകാഫ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മെക്‌സിക്കന്‍ ക്ലബ് മോണ്ടെറിയെ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് ലിവര്‍പൂള്‍ ഫൈനലിന് യോഗ്യത നേടിയത്.
11-ാം മിനുറ്റില്‍ നാബി കീറ്റയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ മൂന്ന് മിനുറ്റുകളുടെ ഇടവേളയില്‍ ഫ്യൂനസ് മോറിയിലൂടെ സമനിലപിടിച്ച മോണ്ടെറി 90 മിനുറ്റും ലിവറിനെ വിറപ്പിച്ചു. എന്നാല്‍ അവസാന മിനുറ്റില്‍ വലകുലുക്കി ബ്രസീലിയന്‍ താരം ഫിര്‍മിനോ, ക്ലോപ്പിന്‍റെ സംഘത്തെ കലാശപ്പോരിന് അയക്കുകയായിരുന്നു. 85-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് ഫിര്‍മിനോ ഇഞ്ചുറിടൈമില്‍ വലചലിപ്പിച്ചത്.
ആദ്യ സെമിയില്‍ സൗദി ക്ലബ് അല്‍ ഹിലാലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചാണ് ഫ്ലെമെംഗോ ഫൈനലിലെത്തിയത്. ജോര്‍ജിയന്‍, ബ്രൂണോ, അലി എന്നിവരാണ് ബ്രസീലിയന്‍ ക്ലബിനായി ഗോള്‍ നേടിയത്. ഹിലാലിന്‍റെ ഏക ഗോള്‍ സലീം നേടി. ലിവര്‍പൂളും ഫൈനലിലെത്തിയതോടെ ക്ലബ് ലോകകപ്പ് ഫൈനല്‍ ബ്രസീലിയന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടമാകും. ശനിയാഴ്‌ച രാത്രി 11 മണിക്കാണ് ഫൈനല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!