കാനറി വസന്തത്തിന് വിട; അര്‍ജന്‍റീന ഫിഫ റാങ്കിംഗില്‍ തലപ്പത്തെത്തും

By Web TeamFirst Published Mar 28, 2023, 6:19 PM IST
Highlights

ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മൊറോക്കോയോട് തോറ്റതാണ് ബ്രസീലിന് തിരിച്ചടിയായത്

സൂറിച്ച്: ഫിഫ റാങ്കിംഗിൽ ബ്രസീലിന്‍റെ ഒന്നാം സ്ഥാനം അർജന്‍റീന റാഞ്ചും. ഏപ്രിലിലെ റാങ്കിംഗിലാണ് അർജന്‍റീന ഒന്നാം സ്ഥാനത്ത് എത്തുക. ഖത്തർ ലോകകപ്പിൽ അർജന്‍റീന കിരീടം നേടിയെങ്കിലും ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം ബ്രസീൽ കൈവിട്ടിരുന്നില്ല. എന്നാൽ ഏപ്രിലിൽ പുതിയ റാങ്കിംഗ് വരുമ്പോൾ ബ്രസീലിനെ മറികടന്ന് അർജന്‍റീന ഒന്നാം സ്ഥാനത്തെത്തും എന്നുറപ്പായി. മറ്റ് മാറ്റങ്ങള്‍ റാങ്കിംഗ് വരുമ്പോള്‍ വ്യക്തമാകും. 

ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മൊറോക്കോയോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റതാണ് ബ്രസീലിന് തിരിച്ചടിയായത്. പാനമയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചതോടെ അർജന്‍റീന റാങ്കിംഗ് പോയിന്‍റിൽ ബ്രസീലിനെ മറികടക്കും എന്നുറപ്പായി. നിലവിലെ റാങ്കിംഗിൽ ബ്രസീലിന് 1840.77 പോയിന്‍റും അർജന്‍റീനയ്ക്ക് 1836.38 പോയിന്‍റുമാണുള്ളത്. ലോക ചാമ്പ്യന്മാരായ അർജന്‍റീന രണ്ടും റണ്ണറപ്പുകളായ ഫ്രാൻസ് മൂന്നാം സ്ഥാനത്തുമാണ് നിലവില്‍. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ബെൽജിയമാണ് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ ടീമുകളാണ് ആദ്യ പത്തില്‍ പിന്നിട് വരുന്ന ടീമുകള്‍. 

മൊറോക്കോയോട് തോറ്റതോടെ ബ്രസീലിന് 6.56 പോയിന്‍റ് നഷ്ടമാവും. പാനമയെ തോൽപിച്ച അർജന്‍റീനയ്ക്ക് 1.52 പോയിന്‍റ് കൂടുകയും ചെയ്യും. ഫിഫ റാങ്കിംഗിൽ മുന്നിലുള്ള രാജ്യം റാങ്കിംഗ് വളരെ കുറഞ്ഞ ടീമിനോട് തോറ്റാൽ പോയിന്‍റിൽ വലിയ കുറവാണുണ്ടാവുക. ഇതാണ് ബ്രസീലിന് തിരിച്ചടിയായത്. നേരത്തേ ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് തോറ്റപ്പോൾ അർജന്‍റീനയ്ക്ക് 39 പോയിന്‍റ് നഷ്ടമായിരുന്നു. പിന്നീടുള്ള മത്സരങ്ങളെല്ലാം ജയിച്ചാണ് അർജന്‍റീന റാങ്കിംഗിൽ മുന്നോട്ട് കയറിയത്. ഏപ്രിലിൽ ഫിഫ പുറത്തിറക്കുന്ന റാങ്കിംഗിലാണ് ബ്രസീലിനെ മറികടന്ന് അർജന്റീന ഒന്നാംസ്ഥാനത്ത് എത്തുക. 

ലക്ഷ്യം രണ്ടാം ജയം; യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ സ്പെയിൻ കളത്തിലേക്ക്

click me!