സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി പോര്‍ച്ചുഗീസ് റഫറി ജോവാ പിന്‍ഹെയ്റോയോട് ദേഷ്യപ്പെട്ടു. തന്നോട് മാന്യമായി സംസാരിക്കണമെന്ന് മെസി റഫറിയോട് ആവശ്യപ്പെട്ടു.
കാന്‍സാസ് സിറ്റി: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയും പോര്‍ച്ചുഗീസ് റഫറി ജോവാ പിന്‍ഹെയ്റോയും തമ്മിലുണ്ടായ വാഗ്വാദം ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു സംഭവം. സ്വിറ്റ്‌സര്‍ലന്‍ഡ് ഒരു ഫ്രീകിക്ക് എടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അര്‍ജന്റീനയുടെ പ്രതിരോധ മതിലില്‍ മെസി നില്‍ക്കുകയായിരുന്നു. നിശ്ചിത ദൂരത്തേക്ക് മാറി നില്‍ക്കാന്‍ റഫറി ആവശ്യപ്പെട്ട രീതി മെസ്സിക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് റഫറിയുടെ അടുത്തേക്ക് നടന്ന മെസ്സി ദേഷ്യത്തോടെ പ്രതികരിക്കുകയായിരുന്നു.
ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് മെസ്സി റഫറിയോട് ഇപ്രകാരം പറയുന്നതാണ്: 'ഞാന്‍ നിങ്ങളോട് മാന്യമായാണ് സംസാരിക്കുന്നത്. തിരിച്ചും ഞാനത് പ്രതീക്ഷിക്കുന്നു.' ഈ സമയത്ത് മെസി ശാന്തനായി തന്റെ കൈകള്‍ പിന്നില്‍ കെട്ടിപിടിച്ച് നില്‍ക്കുന്നത് കാണാമായിരുന്നു. റഫറി പിന്‍ഹെയ്റോ ഇതിന് മറുപടിയായി കാര്‍ഡുകളൊന്നും പുറത്തെടുത്തില്ല, മത്സരം തടസമില്ലാതെ തുടരുകയും ചെയ്തു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.
പോര്‍ച്ചുഗലിലെ പ്രമുഖ റഫറിമാരില്‍ ഒരാളാണ് 38 വയസ്സുകാരനായ ജോവാ പിന്‍ഹെയ്റോ. 2015ല്‍ പോര്‍ച്ചുഗീസ് ലീഗില്‍ അരങ്ങേറ്റം. 2016ല്‍ ഫിഫ ബാഡ്ജ് ലഭിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, 2025 യുവേഫ സൂപ്പര്‍ കപ്പ് എന്നിവയില്‍ ഔദ്യോഗിക ചുമതല വഹിച്ചിട്ടുണ്ട്. ഈ പരിചയസമ്പത്താണ് അദ്ദേഹത്തെ 2026 ഫിഫ ലോകകപ്പിലെ റഫറിമാരില്‍ ഒരാളാക്കിയത്. മെസ്സിയും റഫറിയും തമ്മിലുണ്ടായ ഈ ചെറിയ വാഗ്വാദം കളിയുടെ ആവേശം ഒട്ടും കുറച്ചില്ലെങ്കിലും, ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നായി ഇത് മാറി.
മത്സരത്തിലേക്ക് വരികയാണെങ്കില്‍, അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ 3-1 എന്ന സ്‌കോറിനാണ് അര്‍ജന്റീന സ്വിറ്റ്‌സര്‍ലന്‍ഡിനെ കീഴടക്കിയത്. ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസുമാണ് അര്‍ജന്റീനയ്ക്കായി നിര്‍ണായക ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ അര്‍ജന്റീന സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ യോഗ്യത നേടി.

