ഫുട്ബോള്‍ സീസണ്‍; സുപ്രധാന പ്രഖ്യാപനത്തിനൊരുങ്ങി ഫിഫ

By Web TeamFirst Published Apr 6, 2020, 6:11 PM IST
Highlights

വേനല്‍ക്കാല ട്രാന്‍സ്ഫര്‍ ജാലകം നീട്ടുന്നതിനെക്കുറിച്ചും ജൂണ്‍ 30ന് കരാര്‍ കാലാവധി തീര്‍ന്ന കളിക്കാരുടെ കരാര്‍ നീട്ടുന്നതിനെക്കുറിച്ചും ഫിഫ ആലോചിക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് ഫിഫ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 

സൂറിച്ച്: കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിവിധി രാജ്യങ്ങളിലെ ഫുട്ബോള്‍ സീസണുകള്‍ സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനത്തിനൊരുങ്ങി ഫിഫ. നിലവിലെ സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടാനാണ് ഫിഫയുടെ തീരുമാനമെന്നാണ് സൂചന. ഓരോ രാജ്യത്തെയും ഫുട്ബോള്‍ സീസണുകള്‍ എപ്പോള്‍ അവസാനിപ്പിക്കണമെന്ന് അതാത് രാജ്യങ്ങളിലെ ദേശീയ ഫുട്ബോള്‍ സംഘടനകള്‍ക്ക് തീരുമാനിക്കാം. 

വേനല്‍ക്കാല ട്രാന്‍സ്ഫര്‍ ജാലകം നീട്ടുന്നതിനെക്കുറിച്ചും ജൂണ്‍ 30ന് കരാര്‍ കാലാവധി തീര്‍ന്ന കളിക്കാരുടെ കരാര്‍ നീട്ടുന്നതിനെക്കുറിച്ചും ഫിഫ ആലോചിക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് ഫിഫ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഓരോ രാജ്യത്തെയും കൊവിഡ് രോഗബാധയുടെ തീവ്രത കണക്കിലെടുത്ത് അതാത് ഫുട്ബോള്‍ അസോസിയേഷനുകള്‍ക്ക് സീസണ്‍ എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാം. 

യൂറോപ്പിലെ പ്രധാന ഫുട്ബോള്‍ സീസണുകളിലെല്ലാം ഓരോ ടീമിനും പത്തോളം മത്സരങ്ങള്‍ ബാക്കിയുണ്ട്. ഈ സാഹചര്യത്തില്‍ സീസണ്‍ ഉപേക്ഷിക്കാനാവില്ലെന്നാണ് വിവിധ ഫുട്ബോള്‍ അസോസിയേഷനുകളുടെ നിലപാട്. അതിനിടെ ബെല്‍ജിയം രാജ്യത്തെ ഫുട്ബോള്‍ സീസണ്‍ അവസാനിപ്പിക്കുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് ആശങ്ക തുടര്‍ന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ സീസണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഉദാര നിലപാടുമായി ഫിഫ രംഗത്തുവരുന്നത്.

click me!