
കോഴിക്കോട്: പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ ആരാധകർ തന്നെ നീക്കി. ലോകകപ്പ് അവസാനിച്ചതോടെ കട്ടൗട്ടുകൾ നീക്കാൻ കൊടുവള്ളി നഗരസഭ നിർദ്ദേശിക്കുകയായിരുന്നു. ലോകകപ്പിന് ഒരു മാസം മുൻപ് തന്നെ പുള്ളാവൂരിലെ ചെറുപുഴയിൽ ഉയർന്ന ഈ കട്ടൗട്ടുകൾ ലോക ശ്രദ്ധ നേടിയിരുന്നു. ലിയോണല്‍ മെസി, നെയ്‌മര്‍ ജൂനിയര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകളാണ് പുള്ളാവൂരില്‍ ഉയര്‍ന്നിരുന്നത്.
ഫിഫ ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ ചര്‍ച്ചയായിരുന്നു. പുഴയുടെ നടുവിൽ അർജന്‍റീനൻ സൂപ്പർ സ്റ്റാർ ലിയോണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ആണ് ആദ്യം ഉയർന്നത്. അർജന്‍റീനയുടെ ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. മാധ്യമങ്ങളിൽ മെസിയുടെ കട്ടൗട്ടിനെക്കുറിച്ച് വാർത്ത വന്നതിന് തൊട്ടുപിന്നാലെ അതിനേക്കാള്‍ ഉയരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറുടെ കട്ടൗട്ട് ഉയർന്നതോടെ കട്ടൗട്ട് മത്സരമായി. രാത്രിയും കാണാൻ ലൈറ്റ് സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടുകൂറ്റൻ കട്ടൗട്ടും ഇവിടെ ഉയര്‍ന്നതോടെ ആഗോളമാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി.
പുള്ളാവൂരിലെ കട്ടൗട്ടുകളെ പ്രശംസിച്ച് ഫിഫ തന്നെ രംഗത്തെത്തിയിരുന്നു. 'കേരളത്തിലെ ഫുട്ബോള്‍ ജ്വരം, നെയ്‌മറുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലിയോണല്‍ മെസിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയില്‍ ഉയര്‍ന്നപ്പോള്‍' എന്ന തലക്കെട്ടോടെയാണ് ചിത്രം ഫിഫ ട്വീറ്റ് ചെയ്തത്. പുഴയിലെ കട്ടൗട്ടുകൾ വാർത്തയായതോടെ പിന്നാലെ വിവാദവുമെത്തി. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് അഭിഭാഷകൻ ശ്രീജിത് പെരുമന പഞ്ചായത്തിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി. ലോകകപ്പ് അവസാനിച്ചതോടെ ഇവിടുത്തെ മൂന്ന് കട്ടൗട്ടുകളും ആരാധകര്‍ തന്നെ നീക്കം ചെയ്‌തിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!